എങ്ങനെയാണ് മാനസാന്തരത്തിന് വിധേയമാകേണ്ടത്

മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും പ്രക്രിയയെ ധൂര്‍ത്തപുത്രന്റെ ഉപമയില്‍ യേശു വിവരിക്കുന്നുണ്ട്. കരുണയുള്ള പിതാവിനെയാണ് ഉപമയില്‍ നാം കാണുന്നത്. അതുപോലെ തന്നെ ക്രിസ്തീയ മാനസാന്തര പ്രക്രിയയെക്കുറിച്ചും ഈ ഉപമയില്‍ ദര്‍ശിക്കാന്‍ കഴിയും. ഉപമയില്‍ ധൂര്‍ത്തപുത്രന്‍ അനുഭവിച്ചവയെല്ലാം ക്രിസ്തീയമായ മാനസാന്തരപ്രക്രിയയുടെ സവിശേഷതകളാണ്.

ക്രൈസ്തവന്റെ ആന്തരികമായ പശ്ചാത്താപം വളരെ വ്യത്യസ്തങ്ങളായ രീതികളില്‍ പ്രകടിപ്പിക്കാം. ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിവയാണ് പ്രധാനം. അനുദിന ജീവിതത്തില്‍ അനുരഞ്ജനത്തിന്റെ പ്രകടനങ്ങള്‍, ദരിദ്രരോടുള്ള താത്പര്യം, നീതിയുടെയും ന്യായത്തിന്റെയും പരിശീലനവും സംരക്ഷണവും, സഹോദരങ്ങളോടു ചെയ്ത തെറ്റുകളുടെ ഏറ്റുപറച്ചില്‍, സഹോദരസഹജമായ തെറ്റുതിരുത്തല്‍, ജീവിതത്തിന്റെ പുന:പരിശോധന, മന:സാക്ഷി പരിശോധന, ആധ്യാത്മിക നിയന്ത്രണം, പീഡകളുടെ സ്വീകരണം, നീതിയെ പ്രതിയുള്ള പീഡാസഹനം എന്നിവയിലൂടെ മാനസാന്തരം നടക്കുന്നു. ഇവയോടൊപ്പം താഴെപറയുന്ന കാര്യങ്ങള്‍, പശ്ചാത്താപം പ്രകടിപ്പിക്കുന്നതിനും പാപങ്ങളുടെ പൊറുതിക്കും വളരെയേറെ സഹായകമായിരിക്കും.

കുമ്പസാരം: പാപങ്ങളുടെ വ്യക്തിപരവും സമഗ്രവുമായ ഏറ്റുപറച്ചിലും, അതേത്തുടര്‍ന്നുള്ള പാപമോചനാശീര്‍വാദവും.

വിശുദ്ധ കുര്‍ബാന: നമ്മുടെ അനുദിന തെറ്റുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കുന്നതിനും മാരകപാപങ്ങളില്‍ വീഴാതെ കാക്കുന്നതിനുമുള്ള ഒരു പ്രതിവിധിയാണ് അത്.

ദൈവവചനവും പ്രാര്‍ത്ഥനയും: വിശുദ്ധ ഗ്രന്ഥപാരായണം, യാമപ്രാര്‍ത്ഥനകള്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ചൊല്ലല്‍ തുടങ്ങി, ആരാധനയുടേതായ ഓരോ പ്രവൃത്തിയും ആത്മാര്‍ഥതയോടെ ചെയ്യുമ്പോള്‍ അതു നമ്മില്‍ മാനസാന്തരത്തിന്റെയും പശ്ചാത്താപത്തിന്റെയും ചൈതന്യത്തെ പുനര്‍ജീവിപ്പിക്കുന്നു.

നോമ്പ്: ആരാധനാവത്സരത്തില്‍ വരുന്ന പ്രായശ്ചിത്തകാലങ്ങളിലും ദിവസങ്ങളിലും പ്രായശ്ചിത്ത ശുശ്രൂഷകള്‍ക്കും, തീര്‍ത്ഥാടനങ്ങള്‍ക്കും, ഉപവാസത്തിനും, ധര്‍മ്മദാനത്തിനും, സാഹോദര്യപരമായ പങ്കുവയ്ക്കലിനും സമയം കണ്ടെത്തണം.