ബാഹ്യഘടകങ്ങൾ ദാമ്പത്യജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ എങ്ങനെ നേരിടണം

നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ ബാഹ്യഘടകങ്ങൾ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ ഒരു ടീമായി നിന്ന് അവയെ ഒക്കെ മറികടക്കേണ്ടതുണ്ട്. ദമ്പതികൾ ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോൾ പലതരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകുക സ്വാഭാവികമാണ്. സ്വഭാവത്തിലെ വ്യത്യാസങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയൊക്കെ നമ്മുടെ ജീവിതത്തെ ബാധിക്കാം. ഇതിനു പുറമേ ചില ബാഹ്യഘടകങ്ങളും പ്രതിസന്ധികൾ സൃഷ്ടിക്കാം. വാസ്തവത്തിൽ പ്രതിസന്ധി, ബന്ധങ്ങൾ വളരാനുള്ള അവസരമായി കാണുകയാണ് ഏറ്റവും മികച്ച മാർഗ്ഗം. ഓരോ പ്രതിസന്ധിക്കും നമ്മെ പഠിപ്പിക്കാൻ ഒരു പാഠമുണ്ട്; ഹൃദയത്തിന്റെ ചെവി ഉപയോഗിച്ച് അത് എങ്ങനെ കേൾക്കണമെന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. അവയെ എല്ലാം കൈകാര്യം ചെയ്യാനും മറികടക്കാനുമുള്ള ചില നിർദ്ദേശങ്ങളാണ് വിശദമാക്കുന്നത്.

കുട്ടികൾ ജനിക്കുമ്പോൾ 

ദാമ്പത്യജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ് കുഞ്ഞുങ്ങൾ ജനിക്കുക എന്നത്. കുട്ടികളുടെ വരവോടു കൂടി ഒരു ചെറിയ വെല്ലുവിളി നിങ്ങൾ നേരിടേണ്ടി വരും. നീയും ഞാനും എന്നതല്ല ‘നമ്മൾ’ എന്ന കാര്യത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ്‌ കുഞ്ഞുങ്ങളുടെ ജനനം. പൂർണ്ണമായും നിങ്ങളെ മാത്രം ആശ്രയിക്കുന്ന ഒരു കുരുന്നിനെ ചുറ്റിപ്പറ്റി ജീവിക്കുകയാണ് ഈ സമയത്ത് വേണ്ടത്.

നിങ്ങളുടെ ഹൃദയങ്ങളെ മോഷ്ടിക്കുന്ന ഇവർക്കായി സമയം, വിശ്രമം, ഉറക്കം എന്നിവയൊക്കെ ത്യജിക്കേണ്ടി വരും. ഈ സമയത്ത് പങ്കാളികൾക്കിടയിൽ പരസ്പര പിന്തുണയും സഹാനുഭൂതിയും ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിന് അതിശയകരമായ നേട്ടങ്ങളുമുണ്ട്. ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിക്കുവാൻ നിങ്ങൾക്ക് സാധിക്കുമെന്നതാണ് മറ്റൊരു കാര്യം.

മാതാപിതാക്കളും മരുമക്കളും 

ദാമ്പത്യജീവിതത്തിൽ മാതാപിതാക്കളും മരുമക്കളും തമ്മിൽ ആരോഗ്യകരമായ ഒരു ബന്ധം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു സംസ്കാരത്തിലും തലമുറയിലും ജീവിക്കുന്ന വ്യക്തിത്വങ്ങൾ ഒരു ഭവനത്തിൽ താമസിക്കുമ്പോൾ പൊരുത്തക്കേടുകൾ സംഭവിക്കുക സ്വാഭാവികം. എന്നാൽ മാതാപിതാക്കൾ മക്കൾക്കും മരുമക്കൾക്കും സ്വാതന്ത്ര്യം അനുവദിക്കേണ്ടതുണ്ട്. സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവരെ അനുവദിക്കുക. വ്യക്തികൾ എന്ന നിലയിൽ അവരെ ബഹുമാനിക്കുക. മക്കൾ തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുക. അവർ പറഞ്ഞുതരുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുക. കാരണം അവരുടെ അനുഭവങ്ങളിൽ നിന്നാണ് ഓരോന്നും പറയുന്നതെന്ന കാര്യം മറക്കാതിരിക്കുക. ജീവിതത്തിൽ ആവശ്യമായ സമയത്ത് അവരുടെ ഉപദേശങ്ങൾ അനുസരിക്കുക.

ജോലിയും സൗഹൃദവും

ഇന്നത്തെ ജീവിതസാഹചര്യത്തിൽ ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നവരായിരിക്കും. സമൂഹവുമായി ബന്ധപ്പെടാൻ ഇത് വളരെയധികം സഹായിക്കുന്നു. ദിനവും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ളവരുമായി ഇടപഴകേണ്ടി വരുന്നതും സൗഹൃദം സ്ഥാപിക്കുന്നതും സ്വാഭാവികം. എന്നാൽ ജോലിയും കുടുംബജീവിതവും ഒരുപോലെ കൊണ്ടുപോകുമ്പോഴാണ് നാം അതിൽ വിജയിക്കുന്നത്. ജോലിസമയം കഴിഞ്ഞാൽ കുടുംബത്തിലെ എല്ലാവരോടുമൊപ്പം സമയം ചിലവഴിക്കുക. കാര്യങ്ങൾ ശ്രദ്ധിക്കുക. സൗഹൃദങ്ങളെയും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകുക. നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് കടക്കാൻ സാധിക്കുന്ന രീതിയിലും പ്രതിരോധിക്കുന്ന രീതിയിലും ഒരു ബൗണ്ടറി സൃഷ്ടിക്കുക. ബന്ധങ്ങളിൽ വിശ്വസ്തത പാലിക്കുക.

സാമ്പത്തിക ഞെരുക്കങ്ങൾ

കുടുബത്തിലെ സമ്പദ്വ്യവസ്ഥയിൽ ചാഞ്ചാട്ടങ്ങൾ സാധാരണമാണ്. സങ്കീർണ്ണമായ ഈ സാഹചര്യങ്ങളെ നേരിടുക തന്നെ വേണം. സാമ്പത്തിക ഞെരുക്കങ്ങൾ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുക. ഇതിന്റെ പരിഹാരത്തിനായി ദമ്പതികൾ ഒരുമിച്ചുനിന്ന് അവയെ നേരിടണം. ചില ത്യാഗങ്ങൾ ഇരുവരും ഏറ്റെടുക്കേണ്ടതായി വരും. അവയെ സന്തോഷത്തോടെ നേരിടുക. പരിഹരിക്കാൻ ശ്രമിക്കുക.

രോഗങ്ങൾ, മരണം

ജീവിതത്തിൽ നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഒന്നാണ് രോഗം, മരണം, ക്വാറന്റൈൻ എന്നിവയൊക്കെ. പക്ഷേ, അത് സംഭവിക്കുകയാണെങ്കിൽ നാം അതിനെ നേരിടണം. ഈ മഹാമാരിക്കാലം, നമ്മുടെ ആരോഗ്യവും കുടുംബവും ജീവിതവുമൊക്കെ എത്ര പ്രാധാന്യമുള്ളതാണെന്നു പഠിപ്പിച്ചു. അതിനാൽ തന്നെ പ്രതിസന്ധികളോട് പുറംതിരിഞ്ഞു നിന്നാൽ അത് നമുക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുകയേ ഉള്ളൂ. സധൈര്യം അവയെ എല്ലാം നേരിടുമ്പോൾ തീർച്ചയായും ഇതിനോടൊക്കെയുള്ള നമ്മുടെ കാഴ്ചപ്പാട് മാറും. സാഹചര്യം നമ്മെ എന്താണോ പഠിപ്പിക്കുന്നത് അത് നമ്മുടെ ജീവിതത്തിലെ യാഥാർഥ്യങ്ങളെ നേരിടാനുള്ള കരുത്താണ് നമുക്ക് നൽകുന്നത്.

നമുക്കായി സമയം കണ്ടെത്തുക

കുടുംബജീവിതത്തിൽ പ്രതിസന്ധികൾ സാധാരണമാണ്. ഇത്തരം കാര്യങ്ങളെ ദമ്പതികൾ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം കൂട്ടാനുള്ള വലിയ സാധ്യതകളായി കാണണം. ജീവിതത്തിന്റെ മാധുര്യം, പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണെന്ന് ഇരുവരും മനസ്സിലാക്കുക. ഓരോ പ്രതിസന്ധിയും നമുക്ക് കൂടുതൽ അടുക്കാനുള്ള ഒരു മാധ്യമമായി കണക്കാക്കാം. വർത്തമാന സംഭവങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം പരസ്പരം സംസാരിക്കുക. തുറവിയുള്ള ഹൃദയമാണ് വിജയകരമായ ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനം. പരസ്പരം ഹൃദയം തുറന്നു സ്നേഹിക്കാം. ജീവിതത്തിലെ വൈരുദ്ധ്യങ്ങളെ ആസ്വദിക്കാൻ പഠിക്കാം. അപ്പോൾ മാത്രമേ ഏതു സാഹചര്യത്തെയും നേരിടാനുള്ള മനക്കരുത്ത് നമുക്ക് ലഭ്യമാകൂ.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.