മാനസികസമ്മർദ്ദത്തെ എങ്ങനെ അതിജീവിക്കാം

വിഷാദരോഗം വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. പനി, ജലദോഷം പോലുള്ള സർവ്വസാധാരണമായ അസുഖങ്ങൾക്ക് ഡോക്ടറെ കാണുന്നതുപോലെയാണ് ഇന്ന് മാനസികസമ്മർദ്ദത്തിന് ചികിത്സ തേടുന്നത്. ജോലിയിലെ സമ്മർദ്ദങ്ങളോ കുടുംബജീവിതത്തിലെ പൊരുത്തക്കേടുകളോ പഠനഭാരമോ എന്തുമാകാം മാനസികസമ്മർദ്ദത്തിന് കാരണങ്ങൾ. ചിലതിനൊക്കെ മനഃശാസ്ത്ര വിദഗ്ദ്ധന്റെ സഹായം തേടേണ്ടതുണ്ട്. എന്നാൽ മറ്റു ചിലതിനെയൊക്കെ നമ്മുടെ മനസ്സിന്റെ ധൈര്യം കൊണ്ടും പ്രസന്നത കൊണ്ടും നേരിടാവുന്നതേ ഉള്ളൂ. പരിഹാരമില്ലാത്ത ഒരു കാര്യവും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലല്ലോ. മാനസികസമ്മർദ്ദത്തെ അതിജീവിക്കാൻ സഹായിക്കുന്ന കുറച്ച് മാർഗ്ഗങ്ങളാണ് ചുവടെ ചേർക്കുന്നത്…

1. വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുണ്ടാക്കുക

അമിതമായ മാനസികസമ്മർദ്ദത്തെയും അതിനെ തുടർന്നുണ്ടാകുന്ന വിഷാദത്തെയും അതിജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുണ്ടാക്കുക എന്നത്. ‘ഞാൻ എന്തൊരു വിഡ്ഢിയാണ്’, ‘എനിക്ക് സ്നേഹിക്കപ്പെടാൻ യോഗ്യതയില്ല’, ‘എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്ന ചിന്തകളൊക്കെ മനസ്സിൽ കയറിക്കൂടുമ്പോൾ അതിൽ നിന്നൊക്കെ മനസ്സിനെ അകറ്റുക. നെഗറ്റീവ് ചിന്തയിൽ കുടുങ്ങിക്കിടന്നാൽ നമുക്കായി ദൈവം ഈ പ്രപഞ്ചത്തിൽ കരുതിയിരിക്കുന്ന മറ്റു പല സാധ്യതകളും കാഴ്ചകളും നമുക്ക് നഷ്ടമാകുമെന്നോർക്കുക. നമ്മുടെ മുറിക്കുള്ളിൽ പോലും നാം കാണാത്ത, അറിയാത്ത പല മനോഹരകാഴ്ചകളും ഒളിഞ്ഞിരിപ്പുണ്ട്. ജനാലകൾക്കിടയിലൂടെ വരുന്ന സൂര്യപ്രകാശത്തിന്റെ മനോഹാരിതയും അകത്തളങ്ങളിൽ വച്ചിരിക്കുന്ന ചെടിയുടെ പച്ചപ്പും പുസ്തകങ്ങളുമൊക്കെ നമുക്ക് വ്യത്യസ്‍തമായ അനുഭവങ്ങൾ തരുമെന്നോർമ്മിക്കണം. നമുക്ക് കാണാനും കേൾക്കാനും ഒന്നു മാത്രമല്ല, നിരവധി കാര്യങ്ങളുണ്ടെന്നു മനസ്സിലാക്കുക. ഓപ്ഷൻ ‘എ’ മാത്രല്ല അതിനുമപ്പുറത്ത് ഒരുപാട് ഓപ്ഷനുകൾ ഉണ്ടെന്നു നാം തിരിച്ചറിയണം.

2. സന്തോഷകരമായ ഓർമ്മകൾ ദൃശ്യവൽക്കരിക്കുക

ജീവിതത്തിലെ അതികഠിനമായ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ മുൻപ് സംഭവിച്ച സന്തോഷകരമായ ഓർമ്മകളെ കൂട്ടുപിടിക്കുക. സുഖ-ദുഃഖ സമ്മിശ്രമാണ് ജീവിതമെന്നും ജീവിതത്തിലെ നല്ല നിമിഷങ്ങൾ നമ്മുടെ വിഷമകരമായ സന്ദർഭങ്ങളെ അതിജീവിക്കാനായി നമുക്ക് നല്‍കിയവയാണ്. അതിനാൽ നല്ല ഓർമ്മകളെ മനസ്സിൽ താലോലിക്കുക. പോസിറ്റീവ് ആയ മനോഹര നിമിഷങ്ങളെ ബോധപൂർവ്വം മനസ്സിലേക്ക് കൊണ്ടുവന്ന് ഇരുട്ടിനെ പ്രകാശംകൊണ്ട് നേരിടുക.

3. നല്ലത് പറയൂ

മാനസികസമ്മർദ്ദങ്ങൾ ജീവിതത്തെ ഭരിക്കാന്‍ ആരംഭിക്കുമ്പോൾ നമുക്ക് നമ്മോടു തന്നെയുള്ള കാഴ്ചപ്പാട് മാറാം. ഈ ലോകത്തിലെ ഏറ്റവും മോശപ്പെട്ട വ്യക്തിയാണ് നിങ്ങളെന്ന ചിന്ത പോലും നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ അത്രയും കഴിവ് കുറഞ്ഞ മറ്റൊരാളും ഇല്ലെന്ന ചിന്താഗതിയും നിങ്ങളെ ഭരിച്ചേക്കാം. നമ്മുടെ വ്യക്തിത്തിന് അല്പം പോലും വില കൊടുക്കാത്ത ഇത്തരം ചിന്തകളെ മനസ്സിൽ നിന്ന് തുടച്ചുമാറ്റണം. മുൻപ് നിങ്ങൾ ചെയ്തിരുന്ന ഏറ്റവും മികച്ച പ്രവർത്തികളെക്കുറിച്ച് ചിന്തിക്കാം. നിങ്ങളുടെ കഴിവുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കൂ. എഴുതിത്തുടങ്ങുമ്പോൾ മനസ്സിലാകും നിങ്ങൾ എടുത്ത പേപ്പർ മതിയാകില്ലെന്ന്.

4. വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുക

സമ്മർദ്ദങ്ങൾക്ക് അടിപ്പെടുമ്പോൾ നാം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് നമ്മുടെ മുറിക്കുള്ളിലേക്ക് ചുരുങ്ങുവാനും ഒറ്റക്കിരിക്കുവാനുമാണ്. എന്നാൽ അത് തികച്ചും അശാസ്ത്രീയമായ ഒന്നാണ്. നാം നമുക്കുള്ളിലേക്ക് ചുരുങ്ങുമ്പോൾ നമ്മുടെ സമ്മർദ്ദം കൂടുതലാവുകയേ ഉള്ളൂ. നമുക്ക് പുറത്തേക്കിറങ്ങാം. സുഹൃത്തുക്കളുമായി സമയം ചിലവിടാം. ചെറിയ ഒരു ഷോപ്പിംഗിനു പോകാം. അടുത്തുള്ള പാർക്കിൽ പോകാം. പ്രകൃതിഭംഗി ആസ്വദിക്കാം. അടുക്കളയിൽ കയറി ചില പാചകപരീക്ഷണങ്ങൾ നടത്താം. ഇതുപോലുള്ള ചെറിയ ചെറിയ കാര്യങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോകാം.

5. ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് ഒരു പ്ലാനിംഗ് ആകാം

സമീപഭാവിയിൽ പൂർത്തീകരിക്കാനുള്ള കുറച്ച് കാര്യങ്ങളെക്കുറിച്ചുള്ള ഒരു പ്ലാനിങ് നടത്തുക. അവയെല്ലാം എത്രയും പെട്ടന്ന് ചെയ്യാനും ഏറ്റവും മികച്ച രീതിയിൽ ആക്കിത്തീർക്കാനുമുള്ള ശ്രമം നടത്തുക. ഓരോന്നായി പൂർത്തീകരിക്കുമ്പോൾ സ്വയം അഭിനന്ദിക്കുക.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.