വിശ്രമമില്ലാത്ത മനസിനെ എങ്ങനെ ശാന്തമാക്കാം

ജോലി സ്ഥലത്തെയും വീട്ടിലെയും പലതരത്തിലുള്ള പ്രശ്നങ്ങളാൽ ഓരോ മനുഷ്യന്റെയും മനസ് മിക്കവാറും അസ്വസ്ഥപ്പെട്ടാണ് ഇരിക്കുന്നത്. ഈ അസ്വസ്ഥത കൊണ്ട് തന്നെ പലപ്പോഴും പല ശാരീരിക രോഗങ്ങളും കടന്നുവരുന്നു. ശാന്തമായ മനസോടെ ആയിരിക്കുവാൻ ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ലാത്ത അവസ്ഥ.

ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരം നാം തേടുന്നത് മറ്റ് വ്യക്തികളിൽ നിന്നോ ആ സാഹചര്യങ്ങളിൽ നിന്നും മാറി നിന്നുകൊണ്ടോ ആയിരിക്കും. എന്നാൽ ശാശ്വതമായ ഒരു പരിഹാരം നമുക്ക് ലഭിക്കുന്നത് ജീവിതത്തിന്റെ ഏതവസ്ഥയിലും നമ്മോടൊപ്പം ആയിരിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തിൽ മാത്രമാണ്. യഥാർത്ഥ സമാധാനം നാം അനുഭവിക്കുന്നത് സത്യദൈവത്തിൽ നിന്നുമാത്രമാണ്.

വിശുദ്ധ അഗസ്റ്റിന്റെ ജീവിതത്തിൽ അദ്ദേഹം സമാധാനം അനുഭവിക്കുന്നത് ബൈബിളിൽ കണ്ടെത്തിയ സത്യവിശ്വാസത്തിൽ നിന്നുമാണ്. തെറ്റിൽ വീണു പോയപ്പോൾ അദ്ദേഹത്തിന്റെ മനസ് ആകെ കലുഷിതമായിരുന്നു. എന്നാൽ ദൈവത്തെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തിന്റെ മനസ് ശാന്തമായി. “ഓ, സനാതനവും സുന്ദരവുമായ ദൈവത്തിന്റെ സാന്നിധ്യമേ അങ്ങയെ കണ്ടെത്താൻ ഞാൻ എത്രമാത്രം വൈകിപ്പോയി…”എന്ന് തുടങ്ങുന്ന പ്രാർത്ഥന അതിന് ഉത്തമ ഉദാഹരണമാണ്.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു. “ദൈവത്തിന് വേണ്ടിയുള്ള ആഗ്രഹം ഓരോ മനുഷ്യന്റെയും ഹൃദയത്തിലുണ്ട്. കാരണം ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്താലും ദൈവത്തിന് വേണ്ടിയുമാണ്. മനുഷ്യനോട് അവിടുന്ന് കാണിക്കുന്ന കരുണയ്ക്ക് ഒരിക്കലും അവസാനം ഉണ്ടാവുകയുമില്ല. സന്തോഷത്തിന്റെ പൂർണത മനുഷ്യന് ദൈവത്തിൽ മാത്രമേ കണ്ടെത്താൻ സാധിക്കുകയുള്ളൂ.” ഈ വാക്കുകൾ നമുക്ക് നൽകുന്നത് വലിയ ഒരു ഉറപ്പാണ്.

ജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും അനുഭവിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവനവനിലേക്ക് തന്നെ നോക്കുവാൻ സാധിക്കട്ടെ. മാറ്റം വരുത്തേണ്ടത് അവിടെയാണ്. നമ്മെ നിരന്തരം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിൽ ആശ്രയം വയ്ക്കുക. ശാശ്വതമായ സന്തോഷം അവിടുത്തെ പക്കലുണ്ട്.