കുഞ്ഞുങ്ങളെ ക്ഷമയോടെ പരിചരിക്കുവാൻ കുറച്ച് നിർദ്ദേശങ്ങൾ

കോവിഡ് പ്രതിസന്ധി വന്നതിനു ശേഷം കുഞ്ഞുങ്ങൾ ഭവനങ്ങളിൽ തന്നെയാണ്. സ്കൂളുകളിലോ ആരാധനാലയങ്ങളിലോ പുറത്തോ പോകാതെ അവർ വീടുകളിൽ മാത്രം ഒതുങ്ങിക്കൂടുകയാണ് ചെയ്യുന്നത്. മുതിർന്ന കുഞ്ഞുങ്ങൾക്ക് പഠനവും മറ്റു ഉത്തരവാദിത്വങ്ങളും ഉള്ളതിനാൽ ഒരു പരിധിവരെ അവർ സ്വയം കാര്യങ്ങളെ കൈകാര്യം ചെയ്യുവാനും നടത്തുവാനും പഠിച്ചു. എന്നാൽ നമ്മുടെ കുഞ്ഞു മക്കളുടെ കാര്യം നാം കുറച്ചുകൂടി ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. അവരുടെ വിശാലമായ ലോകവും കൂട്ടുകാരും പെട്ടെന്നൊരു ദിവസം വീടിനുള്ളിൽ ഒതുങ്ങിപ്പോകുമ്പോൾ അവരുടെ മാനസികാവസ്ഥക്ക് നാം പ്രത്യേകം പരിഗണന നൽകേണ്ടതുണ്ട്. എന്നാൽ ഈ കുട്ടിക്കുറുമ്പുകളെ സംരക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ ക്ഷമയും പലപ്പോഴും നഷ്ടമാകാറുണ്ട്. അത്തരം അവസരങ്ങളിൽ നാം മനസ്സിൽ വയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്ഷമ. ക്ഷമിക്കുവാനുള്ള മനസ്സാണ് ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് ഏറ്റവുമധികം ആവശ്യം.

എല്ലാത്തിനോടും ക്ഷമയുള്ളവരായിരിക്കുക

ചെറിയ കാര്യങ്ങൾകൊണ്ട് പോലും മറ്റുള്ളവരോട് ദേഷ്യപ്പെടുന്നവരുണ്ട്. സാഹചര്യങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. എന്നാൽ അല്പമൊന്നു മനസ്സുവെച്ചാൽ നമ്മുടെ കോപത്തെ നിയന്ത്രിക്കാം. കുഞ്ഞുങ്ങളുടെ ഗൃഹപാഠങ്ങൾ ശ്രദ്ധിക്കുന്നതിനും അവരെ കുളിപ്പിക്കുന്നതും അവർക്ക് ഭക്ഷണം നല്കുന്നതുമൊക്കെ അല്പം ക്ഷമയോടുകൂടി തന്നെയാകാം. സമയത്തിന്റെ വിലയെക്കുറിച്ച് ധാരണയില്ലാത്ത നമ്മുടെ കുഞ്ഞുങ്ങൾക്ക് വലിയവരുടെ തിരക്കിനെക്കുറിച്ചോ ഉത്തരവാദിത്വങ്ങളെക്കുറിച്ചോ ധാരണയുണ്ടാകില്ല. എങ്കിലും മാതൃകാ മാതാപിതാക്കളാകുവാൻ ആഗ്രഹിക്കുന്ന നമുക്ക് കുഞ്ഞുങ്ങളുടെ ഭാഗത്തു നിന്നും അല്പം ശ്രദ്ധിക്കാം. സമയബന്ധിതമായി പ്രവർത്തിക്കുക എന്ന മാർഗ്ഗമാണ് മാതാപിതാക്കൾക്ക് അനുവർത്തിക്കാവുന്നത്. എല്ലാ കാര്യങ്ങളിലും ക്ഷമയുള്ളവരായിരിക്കുക. കുഞ്ഞുങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിക്കുക. നമ്മുടെയും നമ്മുടെ കുഞ്ഞുങ്ങളുടെയും പരിമിതികളെ അംഗീകരിച്ചുകൊണ്ട് എല്ലാ കാര്യത്തിലും ക്ഷമ പുലർത്തുക. പ്രത്യേകിച്ച് നമ്മളോട് തന്നെയും ക്ഷമിക്കുവാൻ പഠിക്കുക.

സിയെന്നായിലെ വിശുദ്ധ കാതറിൻ ഓർമ്മിപ്പിക്കുന്നു: “ക്ഷമയാണ് ദാനധർമ്മത്തിന്റെ മാതാവ്”. കുഞ്ഞുങ്ങളുടെ അറിവില്ലായ്മ്മയും പഠനത്തോടും മറ്റുമുള്ള താത്പര്യക്കുറവുമെല്ലാം നമ്മിൽ ദേഷ്യവും വൈഷമ്യവും സൃഷ്ടിക്കാം. ചില സമയങ്ങളിൽ പരാജയബോധം അവരെ ആക്രമിച്ചേക്കാം. ഈ അവസരങ്ങളിലൊക്കെ നമ്മുടെ ദേഷ്യവും വിഷമതകളുമൊക്കെ മാറ്റിവെച്ചുകൊണ്ട് യഥാർത്ഥ സ്നേഹം കാണിക്കുവാൻ നാം ശ്രദ്ധിക്കണം. നമ്മുടെ മനോഭാവത്തിന്റെ വിശുദ്ധിയെയാണ് ഇത് കാണിക്കുന്നത്. പഠന പ്രവർത്തനങ്ങൾ തനിയെ പൂർത്തീകരിക്കാനാകാത്ത കുഞ്ഞിനൊപ്പം നമുക്കും സമയം ചിലവഴിക്കാം. വളരെ അടിസ്ഥാനപരമായ ഇത്തരം ആവശ്യങ്ങളിൽ നമുക്ക് ക്ഷമയോടുകൂടി ആയിരിക്കുവാൻ ശ്രദ്ധിക്കാം. ക്ഷമയാലാണ് നമ്മുടെ ബന്ധങ്ങൾ മിനുക്കപ്പെടേണ്ടതെന്നു എപ്പോഴും ഓർമ്മിക്കുക.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.