കാരണങ്ങൾ ഇല്ലാതെ സന്തോഷിക്കാൻ ചില മാർഗ്ഗങ്ങൾ

ഇന്നത്തെ ജീവിതത്തിൽ സന്തോഷം എന്നത് വളരെ രഹസ്യാത്മകമാണ്. യഥാർത്ഥത്തിലുള്ള സന്തോഷം എന്തായിരിക്കും? ഒരുപാട് കയറ്റിയിറക്കങ്ങളുള്ള ഒരു ഗ്രാഫുപോലെയാണ് ജീവിതത്തിൽ സന്തോഷങ്ങൾ അടയാളപ്പെടുത്തുക. എപ്പോഴും ആനന്ദിക്കുവാൻ നാം ആഗ്രഹിക്കുന്നതിനോടൊപ്പം തന്നെ എവിടെ നിന്നാണ് സന്തോഷം ലഭിക്കുക എന്ന് നാം മനസ്സിലാക്കിയിരിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ഒരു മനസ്സിലാക്കൽ ജീവിതത്തെ മുൻപോട്ട് നയിക്കേണ്ടതിനു വളരെ അത്യാവശ്യവുമാണ്. ജീവിതത്തിലെ സന്തോഷങ്ങളുടെ നാലു വ്യത്യസ്ത തലങ്ങളെ കുറിച്ച് വായിക്കാം.

1. വേദനകൾ നൽകുന്ന സന്തോഷം  

ജീവിതത്തിലേക്കാവശ്യമുള്ള ഭക്ഷണം വെള്ളം പാർപ്പിടം മറ്റു സുഖ സൗകര്യങ്ങൾ ഇവയൊക്കെയാണ് പൊതുവെ നമുക്ക് സന്തോഷം നൽകുന്നത്. എന്നാൽ ഇതിലൊക്കെ ആനന്ദിക്കുവാൻ നമുക്ക് പലപ്പോളും കഴിയാറില്ല. കാരണം എല്ലാം ലഭ്യമായിരിക്കുമ്പോൾ ഒരിക്കലൂം അത് സന്തോഷമാണെന്നോ സന്തോഷിക്കാനുള്ള മാർഗ്ഗങ്ങളാണെന്നോ നാം തിരിച്ചറിയുന്നില്ല. ലഭിക്കുന്നതൊക്കെയും വളരെപ്പെട്ടന്ന് ഇല്ലാതാകുമ്പോഴാണ് ഇതൊക്കെയായിരുന്നു സന്തോഷത്തിന്റെ കാരണങ്ങൾ എന്ന് നാം മനസ്സിലാക്കുന്നത്. ആ ഒരു ഇല്ലായ്മ നമുക്ക് അല്പം വേദനാജനകമാണെങ്കിൽ കൂടിയും പിന്നീട് പലതും തിരികെ ലഭിക്കുമ്പോൾ നമ്മുടെ ആനന്ദത്തിന്റെ തോത് അവിടെ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെയും നമ്മുടെ ഇല്ലായ്മകൾ നാളേക്കുള്ള വലിയ സന്തോഷത്തിന്റെ ചവിട്ടുപടികളാണെന്ന കാര്യം മറക്കാതിരിക്കുക.

2. വിജയം നൽകുന്ന സന്തോഷം

മറ്റുള്ളവർക്ക് ഇല്ലാത്തതും കൂടുതൽ മെച്ചമായതുമായ എന്തൊക്കെയോ നമുക്ക് ലഭിക്കുമ്പോഴാണ് പൊതുവെ നാം വിജയിച്ചു എന്ന് പറയുക. ജോലി, ധനം, വീട്, മറ്റു സൗകര്യങ്ങൾ, നല്ല ബന്ധങ്ങൾ അങ്ങനെ എന്തും ആയിക്കൊള്ളട്ടെ മറ്റുള്ളവർക്ക് ലഭിക്കുന്നതിനേക്കാൾ ഒരു പടികൂടി നമുക്കുണ്ടാകുന്നത് നമുക്ക് ആനന്ദം നൽകുന്ന ഒന്നാണ്. ഇത് ആത്മാഭിമാനത്തോടെ ജീവിക്കുവാൻ നമ്മെ സഹായിക്കുന്നു. എങ്കിലും ഒരു പരിധിയിൽ കവിഞ്ഞ ഇത്തരം ചിന്ത നമ്മെ അഹങ്കാരത്തിലേക്കോ നന്ദിയില്ലായ്മ്മയിലേക്കോ നയിക്കാവുന്ന ഏറ്റവും ഖേദകരമായേക്കാവുന്ന അവസ്ഥ കൂടിയാണ് സമ്മാനിക്കുക. കാരണം മറ്റുള്ളവരെ മനസ്സിലാക്കുവാനും അവരുടെ ഇല്ലായ്മകളിൽ നമ്മുടെ സന്തോഷം കൂട്ടി ചേർത്ത് വെക്കുമ്പോഴുമാണ് വിജയങ്ങൾ നമ്മെ പൂർണ്ണമായ സന്തോഷത്തിലേക്ക് എത്തിക്കുന്നത്. അല്ലാത്തതെന്തും ഭാഗികമായ സന്തോഷം മാത്രമാണ്. ജീവിതത്തിൽ വിജയങ്ങൾ നൽകുന്ന സന്തോഷങ്ങളിൽ മതി മറക്കാതെ ‘പരാജയപ്പെട്ടവരെക്കൂടി’ ഉൾപ്പെടുത്തുക.

3. മാറ്റങ്ങൾ നൽകുന്ന സന്തോഷം

ജീവിതത്തിൽ പോസിറ്റീവ് ആയി ഒരുപാട് മാറ്റങ്ങൾ വരുത്തുന്ന ആളുകളുമായി ബന്ധപ്പെടുമ്പോൾ നമുക്ക് സന്തോഷം അനുഭവപ്പെടാറുണ്ട്. ഇതുവരെയും ഇല്ലാതിരുന്ന ഒരു അവസ്ഥയിൽ പെട്ടന്ന് നാം ആഗ്രഹിക്കുന്ന തലങ്ങളിലേക്ക് ഉയരുകയും ചില സൗഹൃദങ്ങളോ ബന്ധങ്ങളോ നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും നല്ല മാറ്റങ്ങൾക്കും അഭിവൃദ്ധിക്കും കാരണമാകുമ്പോൾ ലഭിക്കുന്ന സന്തോഷം അതിരില്ലാത്തതാണ്.  ഇത്തരത്തിൽ നമുക്ക് ലഭിക്കുന്ന ആനന്ദങ്ങളെ ജീവിതം വിലമതിക്കുന്നു. അതോടൊപ്പം തന്നെ എന്നെന്നും നില നിൽക്കുന്ന മാറ്റങ്ങൾക്ക് ജീവിതത്തെ പ്രശോഭിപ്പിക്കുവാൻ സാധിക്കുകയും ചെയ്യുന്നു.

4. ദൈവം നൽകുന്ന സന്തോഷം

എല്ലാ സന്തോഷങ്ങളുടെയും ഉറവിടം ദൈവമാണ്. അവിടുന്ന് നൽകുന്ന ആനന്ദമാണ് യഥാർത്ഥമായത്. അതിനാൽ തന്നെ ജീവിതത്തിൽ ദൈവത്തിനു പ്രാധാന്യം നൽകുമ്പോൾ സന്തോഷം തനിയെ കൈവരും. ഭൂമിയിലെ ഏറ്റവും അനുഗ്രഹപ്രദമായ ഇടമാണ് ബലിവേദി. ഈ ബലിവേദിയോട് നമ്മുടെ ജീവിതത്തെ ചേർത്തുവെക്കുമ്പോൾ ജീവിതം നൽകുന്ന എല്ലാ വേദനകളെയും കഷ്ടപ്പാടുകളെയും സന്തോഷത്തിന്റെ വലിയ വേളകളായി മാറ്റിയെഴുതപ്പെടും. നമ്മുടെ എല്ലാ അപൂർണ്ണതകളെയും വലിയ പൂർണ്ണതകളാക്കി മാറ്റപ്പെടുന്ന ഇടമാണത്.  സനാതനമായ ആ  പ്രകാശത്തോടുചേർന്നുകൊണ്ട് ജീവിതത്തിൽ എന്നെന്നും സന്തോഷം കൈവരിക്കാം.

ലഭിക്കുന്ന നന്മയിലും നല്ല നിമിഷങ്ങളിലും സന്തോഷം കണ്ടെത്തുവാൻ ശ്രമിക്കുക. അപ്പോഴാണ് പ്രത്യേകിച്ച് കാരണങ്ങളില്ലെങ്കിലും നമുക്ക് എപ്പോഴും സന്തോഷിക്കാനാകുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.