വിശുദ്ധര്‍ എപ്രകാരമാണ് നമ്മെ സഹായിക്കുന്നത്

ഒരു വ്യക്തിയെ വിശുദ്ധപദവിയിലേക്ക് തിരുസഭ നാമകരണം ചെയ്ത് ഉയര്‍ത്തുമ്പോള്‍ ആ വ്യക്തിയെ ആദരിക്കുകയും ബഹുമാനിക്കുകയുമാണ് നാം ചെയ്യുന്നത്. കാരണം ആ വ്യക്തികള്‍ സ്വര്‍ഗത്തിലാണെന്ന് തിരുസഭ ഉറച്ച് വിശ്വസിക്കുന്നു. അവരെ അനുകരിക്കുവാനും അവരുടെ മാധ്യസ്ഥ്യം ചോദിക്കുവാനും തിരുസഭ നമ്മെ ഓര്‍മിപ്പിക്കുന്നു.

പുണ്യപൂര്‍ണതയിലൂടെ ചരിച്ച് ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്ന വിശുദ്ധരെ ദൈവത്തിന്റെ ദൈവികതയില്‍ പങ്കുചേരുന്നവരായി തിരുസഭ കണക്കാക്കുന്നു. ഈ ദൈവിക ചൈതന്യത്തില്‍ പങ്കുചേരുന്നവര്‍ ദൈവസ്‌നേഹത്തിന്റെ നിറവാണ് എന്നും അവര്‍ ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന നമ്മെ ദൈവം സ്‌നേഹിക്കുന്നതുപോലെ തന്നെ സ്‌നേഹിക്കുന്നുവെന്നും തിരുസഭാ മാതാവ് പഠിപ്പിക്കുന്നു.

നമ്മുടെ എല്ലാക്കാര്യങ്ങളും അറിയുവാനുള്ള സവിശേഷ ജ്ഞാനം വിശുദ്ധര്‍ക്കുണ്ട്. ദൈവകൃപയാല്‍ ദൈവം കാണുന്നത് കാണുവാനും കേള്‍ക്കുന്നത് കേള്‍ക്കുവാനും അങ്ങനെ ദൈവിക ജീവന്റെ പങ്കാളികളായി മാറുവാനും വിശുദ്ധര്‍ക്ക് കഴിവുണ്ട്. അതുകൊണ്ട് നമ്മുടെ അപേക്ഷകള്‍ ശരിയായ രീതിയില്‍ കേള്‍ക്കുവാനും ആവശ്യമെങ്കില്‍ ഇടപെടുവാനും അവര്‍ക്ക് സാധിക്കും.

സ്വര്‍ഗവാസികള്‍ ദൈവത്തിന്റെ ജ്ഞാനത്താല്‍ മാത്രമല്ല, അതിസ്വഭാവിക ശക്തിയാലും നിറഞ്ഞവരാണ്. അതുകൊണ്ട് തന്നെ ദൈവം ഇടപെടുന്നതുപോലെതന്നെ ഇടപെടുവാനും പ്രവര്‍ത്തിക്കുവാനുമുള്ള സവിശേഷ ശക്തി അവര്‍ക്കുണ്ട്. അവര്‍ നമുക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കുക മാത്രമല്ല, നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും കഴിവുള്ളവരാണ്. ദൈവം അവരുടെ വിശുദ്ധ ജീവിതത്തിന് നല്‍കിയ പ്രതിഫലമാണത്. വചനം പറയുന്നു. ‘നീതിമാന്റെ പ്രാര്‍ത്ഥന ശക്തിയുള്ളതും ഫലദായകവുമാണ്’ (യാക്കോബ് 5/16). അതുകൊണ്ട് മടികൂടാതെ വിശുദ്ധരോട് മാധ്യസ്ഥം യാചിക്കാം.