വിശുദ്ധര്‍ എപ്രകാരമാണ് ലോകത്തില്‍ മാറ്റമുണ്ടാക്കുന്നത്?

യേശു ശിഷ്യന്മാരോട് പറഞ്ഞു ‘ ചെറിയ അജഗണമേ ഭയപ്പെടേണ്ട. എന്തെന്നാല്‍ നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചു വയ്ക്കുവിന്‍. അവിടെ കള്ളന്മാര്‍ കടന്നു വരികയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല. നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും’ ( ലൂക്കാ: 12:34).

വിശുദ്ധര്‍ ഈ ലോകത്തില്‍ ജീവിച്ച്, അനേകരില്‍ സ്വാധീനം ചെലുത്തി കടന്നുപോയതെങ്ങനെയെന്ന് വ്യക്തമാക്കുന്ന തിരുവചനമാണിത്. താന്‍ ആരെന്ന് വ്യക്തമാക്കുന്നതിനായി ഈശോ ശിഷ്യന്മാരുടെ മുമ്പില്‍ പല അത്ഭുതങ്ങളും പ്രവര്‍ത്തിച്ചു. എന്നാല്‍ ഇക്കാലത്ത് ജീവിക്കുന്ന നാം വിളിക്കപ്പെട്ടിരിക്കുന്നത്, വിശുദ്ധരിലൂടെയും മറ്റും ദൈവം പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ക്ക് സാക്ഷികളാവുന്നതിനും അത് അനുകരിക്കുന്നതിനുമാണ്.

മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന തിരുവചന ഭാഗമാകട്ടെ, പ്രാര്‍ത്ഥന, സേവനം, നീതി പ്രവര്‍ത്തിക്കല്‍ തുടങ്ങിയവയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈശോയെ പിന്‍ചെല്ലുന്നവരുടെ പ്രത്യേകതയും അവര്‍ക്ക് നല്‍കപ്പെടുന്ന പ്രതിഫലവുമാണ് അവിടെ സൂചിപ്പിക്കുന്നത്. അതായത്, ക്രിസ്ത്യാനി എന്ന് പറച്ചിലില്‍ മാത്രം ഒതുക്കാതെ അതിന് യോജിക്കുന്ന പ്രവര്‍ത്തികള്‍ കൂടി നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവണം. പ്രസ്തുത തിരുവചന ഭാഗം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പാലിച്ചവരാണ് വിശുദ്ധര്‍.

വിശ്വാസം എപ്രകാരമാണ് പ്രവര്‍ത്തിപദത്തില്‍ വരുത്തേണ്ടത് എന്നാണ് മേല്‍സൂചിപ്പിച്ച തിരുവചനം പഠിപ്പിക്കുന്നത്. അതു തന്നെയാണ് ഈ ലോകത്തിലൂടെ കടന്നുപോയ ഓരോ വിശുദ്ധരും ചെയ്തതും. ചുരുക്കി പറഞ്ഞാല്‍ മേല്‍സൂചിപ്പിച്ച തിരുവചനമാണ് ലോകത്തില്‍ സ്വാധീനം ചെലുത്താന്‍ വിശുദ്ധരെ ഓരോരുത്തരെയും സഹായിച്ചത്.