കൗമാര പ്രായത്തിലുള്ള മക്കൾ ദേഷ്യപ്പെടുമ്പോൾ മാതാപിതാക്കൾ പുലർത്തേണ്ട മനോഭാവങ്ങൾ

കൗമാരപ്രായത്തിൽ മക്കളെ ശരിയായ രീതിയിൽ അറിയാനും മനസിലാക്കാനും മിക്ക മാതാപിതാക്കളും പരാജയപ്പെട്ടു പോകുന്നു. കൗമാരക്കാരായ മക്കൾ ഈ പ്രായത്തിൽ ഒരു പ്രത്യേകതരം മാനസികാവസ്ഥയിൽ പെട്ടവരായിരിക്കും. ഏതെങ്കിലും കാര്യങ്ങളില്‍ അമിതമായ ഉത്കണ്ഠ, അസ്വസ്ഥത, പിരിമുറുക്കങ്ങള്‍, മാനസിക അസ്വസ്ഥതകൾ ഇവയെല്ലാം ആ പ്രായത്തിൽ കൂടുതലായി ഉണ്ടാകാറുണ്ട്. ഇത്തരം വ്യത്യസ്ത സ്വഭാവപ്രത്യേകതകളുള്ള കൗമാരക്കാരോട് എങ്ങനെ ഇടപെടണമെന്ന് മിക്ക മാതാപിതാക്കൾക്കും അറിയില്ല. അത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.

1. ശാന്തതയോടെയുള്ള പെരുമാറ്റം 

മക്കളെ അസ്വസ്ഥരായും ദേഷ്യപ്പെട്ടും കാണുമ്പോൾ അവരോട് ശാന്തമായി ഇടപെടുവാൻ ശ്രദ്ധിക്കുക. അവർ സ്വരമുയർത്തി ആരോപണങ്ങൾ നിരത്തിയാലും ആ സമയം നിങ്ങൾ ശാന്തത കൈവിടാതിരിക്കുക. കുറച്ചു സമയത്തിനുശേഷം അവരുമായി സമാധാനപരമായി സംസാരിക്കുക.

2. ശ്രവിക്കുക

മക്കൾ എന്തെങ്കിലും പ്രശ്നത്തിലാണെങ്കിൽ അവരെ ശാന്തമായി കേൾക്കാൻ ശ്രമിക്കുക. സാവധാനത്തിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുക. അത് അവർക്ക്, മാതാപിതാക്കളോട് കൂടുതൽ സ്നേഹം ഉണ്ടാകുവാൻ ഇടയാക്കുകയേ ഉളളൂ.

3. സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കാതിരിക്കുക 

മക്കളുടെ ബുദ്ധിമുട്ടേറിയ ഏതെങ്കിലുമൊരു സാഹചര്യത്തിൽ, സ്വന്തം ജീവിതത്തിൽ ചെറുപ്പത്തിൽ സംഭവിച്ച കാര്യങ്ങളോ, അവയെ തരണം ചെയ്ത രീതികളോ മാതാപിതാക്കൾ പറയാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം,ആ സമയത്ത് അവർ അത്തരം കാര്യങ്ങൾ കേൾക്കുവാൻ പറ്റിയ ഒരു മാനസികാവസ്ഥയിലായിരിക്കുകയില്ല.

4. യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ ബോധ്യമുള്ളവരാക്കുക 

യാഥാര്‍ത്ഥ്യബോധത്തിൽ ജീവിക്കാനുള്ള മനസ്സ് മക്കളിൽ ഉണ്ടാക്കിയെടുക്കുക എന്നത് അത്യാവശ്യമായ കാര്യമാണ്. ഫാന്റസി ലോകത്തിൽ ജീവിക്കാതെ റിയലിസ്റ്റിക് ആയ ലോകത്തിൽ ജീവിക്കുവാൻ അവർക്ക് പ്രചോദനമേകുക.

5. തിരഞ്ഞെടുപ്പുകൾ നടത്തുവാൻ സഹായിക്കുക 

ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കുവാനും തിരഞ്ഞെടുപ്പുകൾ നടത്തുവാനും മക്കളെ സഹായിക്കുക. അതിനായി ചെറിയ രീതിയിലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകുന്നത് ഉത്തമമാണ്.

6. സോഷ്യൽ മീഡിയയിൽ നിന്നും അകറ്റിനിർത്തുക 

ഇന്ന് കുട്ടികളെ  അമിതമായി സ്വാധീനിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. അതിനാൽ മക്കളെ അവ ഉപയോഗിക്കുന്നതില്‍ നിന്നും പരമാവധി അകറ്റിനിർത്തുവാൻ പരിശ്രമിക്കുക.

7. വിശ്വാസം നേടിയെടുക്കുക 

കൗമാരക്കാരായ മക്കളുടെ വിശ്വാസം നഷ്ടപ്പെടുത്തിക്കളയരുത്. എന്തു കാര്യത്തിനും അവരുടെ കൂടെയുണ്ട് എന്ന തോന്നൽ ഉണ്ടാക്കിയെടുക്കുക വളരെ ആവശ്യമായ കാര്യമാണ്.

8. പ്രാർത്ഥിക്കുക 

കൗമാരക്കാരായ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ മക്കളുടെ വലിയ സമ്പാദ്യമാണ്. കാരണം, ഈ പ്രായത്തിൽ അവരെടുക്കുന്ന തീരുമാനങ്ങൾക്ക്, അവരുടെ കൂടെ ദൈവത്തിന്റെ സഹായം ഉണ്ടാകുവാൻ യാചിക്കുക.