എത്ര നാളായി ഞാൻ നിങ്ങളെപ്രതി സഹിക്കുന്നു…

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

ഈ സംഭവം എങ്ങനെ എഴുതണം എന്നറിഞ്ഞുകൂടാ. ഉളളിൽ നിന്നുള്ള ശക്തമായ പ്രചോദനത്തിന്മേൽ എഴുതിപ്പോവുകയാണ്.

മൂന്നു വർഷങ്ങൾക്കുശേഷം ആ സ്ത്രീ ഫോൺ വിളിച്ചത് ഇന്നാണ്. “എന്നെ അറിയുമോ എന്ന് ചോദിച്ചാണ് തുടങ്ങിയത്.”

“മറക്കില്ല ചേച്ചി. എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”

“ഒരു കുർബാന ചൊല്ലണം. കെട്ട്യോൻ മരിച്ചച്ചാ. പണം ഞാൻ എങ്ങനെയെങ്കിലും എത്തിക്കാം.”

ഭർത്താവിനുവേണ്ടി കുർബാന ചൊല്ലിക്കുന്ന അവരുടെ മനസ് ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല. മൂന്നു വർഷങ്ങൾക്കു മുമ്പ് അവർ എന്നെ കാണാൻ വന്നത് ഞാനോർത്തു: “അച്ചാ കുറച്ചു സങ്കടങ്ങളുണ്ട്. കേൾക്കാൻ സമയമുണ്ടാകുമോ?”

കണ്ണുനീരോടെ അവർ പറഞ്ഞു തുടങ്ങി: “അത്യാവശ്യം സാമ്പത്തികമുള്ള വീടാണ് എൻ്റേത്. ആങ്ങളമാർക്ക് ഞാന്‍ ഒരൊറ്റ പെങ്ങളാണ്. ഏറെ സന്തോഷത്തിലും ഐക്യത്തിലുമാണ് ഞങ്ങൾ വളർന്നത്. നല്ലൊരു സാമ്പത്തികശേഷിയുള്ള കുടുംബം നോക്കിയാണ് എൻ്റെ വിവാഹം നടത്തിയത്. ആദ്യകാലങ്ങളിൽ വളരെ സന്തോഷപ്രദമായിരുന്നു. എന്നാൽ പിന്നീടെനിക്കു മനസിലായി, ഞാൻ വിചാരിച്ചതു പോലെയല്ല എൻ്റെ ഭർത്താവെന്ന്. അയാൾക്ക് വച്ചുവിളമ്പാനും കൂടെക്കിടക്കാനും ഒരു വസ്തു മാത്രമാണ്‌ ഞാൻ. വിശേഷദിവസങ്ങളിൽ മാത്രമേ ഭർത്താവ് പള്ളിയിൽ പോകൂ. പള്ളി, വൈദികർ ഇതേക്കുറിച്ച് എന്തെങ്കിലും പറയാൻ തുടങ്ങിയാൽ അയാൾ ക്ഷോഭിക്കും. മാത്രമല്ല, ആത്മീയകാര്യങ്ങൾ കേൾക്കാൻ ഒട്ടും താല്‍പര്യമില്ല. എന്നും മദ്യം വേണം. അത് വാങ്ങി ഫ്രിഡ്ജിൽ സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്. മദ്യപിച്ചു കഴിഞ്ഞാൽ ഒരു സ്ത്രീയെന്ന പരിഗണനപോലും എന്നോട് കാണിക്കില്ല” (പീന്നീടവൾ പറഞ്ഞത് ഞാനെഴുതുന്നില്ല).

മക്കളോട് ഞാനിതൊന്നും പറഞ്ഞിട്ടില്ല. എന്നാൽ 22 വയസായ മൂത്ത മകൻ ഒരു ദിവസം എന്നോട് ചോദിച്ചു: “അമ്മേ, അമ്മ എന്തിനാണിങ്ങനെ സഹിക്കുന്നത്? പണ്ടേയ്ക്കുപണ്ടേ ഇട്ടേച്ച് പോകാൻ മേലായിരുന്നോ? അടക്കിപിടിച്ചുള്ള അമ്മയുടെ വിതുമ്പലുകൾ എത്രയോ രാത്രികൾ എൻ്റെ ഉറക്കം കെടുത്തിയിട്ടുണ്ടെന്ന് അമ്മയ്ക്കറിയുമോ?”

ഒറ്റ മറുപടിയേ അവനോട് പറഞ്ഞുള്ളൂ: “ഇട്ടേച്ചു പോകാമായിരുന്നെടാ, എന്നാൽ നിൻ്റെയും നിൻ്റെ പെങ്ങളുടെയും കാര്യമോർത്തപ്പോൾ അതിനായില്ല!”

ആ സ്ത്രീയുടെ ഭർത്താവ് മരിച്ചത് എങ്ങനെയാണെന്നു കൂടി എഴുതിയാലേ ഇത് പൂർത്തിയാകൂ. മദ്യപിച്ചു കൊണ്ടിരിക്കുമ്പോൾ അറ്റാക്ക് വന്നു. ഈ സംഭവം എൻ്റെ മനസിലൂടെ മിന്നായം പോലെ കടന്നുപോയി.

എൻ്റെ ഓർമ്മകൾക്ക് വിരാമം കുറിച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു തുടങ്ങി: “അന്ന്, കാറിൽ വച്ച് എൻ്റെ മടിയിലേയ്ക്ക് അയാൾ ചോര ഛർദിച്ചു. ഈശോ മറിയം യൗസേപ്പേ… എന്നു പ്രാർത്ഥിക്കാൻ ഞാൻ പറഞ്ഞു. പക്ഷേ, വേദനയുടെ മധ്യത്തിൽ അയാൾ അങ്ങനെ പ്രാർത്ഥിച്ചോ എന്നറിയില്ല. എന്തായാലും അങ്ങേരുടെ ആത്മശാന്തിക്കുവേണ്ടി അച്ചൻ പ്രാർത്ഥിക്കണം.”

ആ സ്ത്രീ ഫോൺ കട്ട് ചെയ്തപ്പോള്‍ ആ വചനം എൻ്റെ മനസിലേയ്ക്ക് കടന്നുവന്നു: “നോഹ പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന്‌ സകലതും നശിപ്പിക്കുകയും ചെയ്‌തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്‌തും ചെയ്‌തുകൊടുത്തും കഴിഞ്ഞിരുന്നു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും” (ലൂക്കാ 17:27, 30).

ഇന്നേയ്ക്ക് പത്താം നാൾ ലാസലെറ്റ് മാതാവിൻ്റെ 175-ാം പ്രത്യക്ഷ തിരുനാളാണ്. അമ്മയുടെ ഒരു സന്ദേശം ഇങ്ങനെയാണ്: “എത്രനാളായി ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്നു. നിങ്ങളോ അത് ഗൗനിക്കുന്നില്ല. എൻ്റെ മകൻ നിങ്ങളെ കൈവിടാതിരിക്കാനായി ഞാൻ നിങ്ങൾക്കുവേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നു.”

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.