നോമ്പുകാലം എങ്ങനെ നമ്മെ ആത്മീയ നവീകരണത്തിലേക്കു നയിക്കും

നോമ്പുകാലത്തിലേക്ക് പ്രവേശിക്കുവാൻ നാം ഒരുങ്ങിക്കൊണ്ടിരിക്കുകയാണല്ലോ. നോമ്പുകാലം വേദനയുടെയും സഹനത്തിന്റെയും ദുഃഖത്തിന്റെയും സമയമാണെന്ന് ചിന്തിക്കുന്നവരാണ് മിക്കവാറും ആളുകൾ. നമ്മുടെ ഇഷ്ടങ്ങളേയും സന്തോഷങ്ങളേയും വേണ്ടെന്നു വയ്‌ക്കേണ്ട കാലം. എന്നാൽ യഥാർത്ഥത്തിൽ ഈ സമയം ആത്മീയ നവീകരണത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സമയമാണെന്ന് നാം മറന്നു പോകുന്നു. കാരണം, ആത്മീയ നവീകരണം നമ്മിൽ നടന്നു കഴിയുമ്പോൾ സമാധാനവും സന്തോഷവും ജീവിതത്തിൽ ഇല്ലാതിരിക്കുകയില്ലല്ലോ.

നോമ്പിനെ നിഷേധാത്മക മനസോടെ സമീപിക്കുന്നതിന് പകരം യേശു ക്രിസ്തുവുമായുള്ള ബന്ധം ആഴപ്പെടുവാനുള്ള ഒരു അവസരമായി കാണുവാൻ ശ്രമിക്കാം. ഈശോയുടെ രക്ഷാകര വഴിയേ അവിടത്തോടൊപ്പം യാത്ര ചെയ്യാനുള്ള അവസരമാണ് ഓരോ നോമ്പുകാലവും നമുക്ക് പ്രദാനം ചെയ്യുന്നത്.

നാം യഥാർത്ഥത്തിൽ യേശുവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണെങ്കിൽ അവിടുത്തോടൊപ്പം ആയിരിക്കുവാൻ കൂടുതൽ സമയം കിട്ടുന്നത് കൂടുതൽ സന്തോഷപ്രദവും ആവേശകരവുമല്ലേ. കാരണം സ്നേഹിക്കുന്നവരുടെ കൂടെ കൂടുതൽ സമയം ആയിരിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് നാം. യേശുവിനോടൊപ്പം ആയിരിക്കുന്ന അവസ്ഥയിലും ഈ ഒരു ചിന്ത നമ്മിൽ ഉണ്ടാകേണ്ടതല്ലേ?

നോമ്പിന്റെ കാലഘട്ടം സമാധാനത്തിന്റെയും ശാന്തതയുടെയും ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ്. ഈ കാലഘട്ടത്തിൽ നാം ആർജ്ജിച്ചെടുക്കുന്ന ആത്മീയ കരുത്ത് നമ്മുടെ ജീവിത വഴികളിൽ കൂടുതൽ ദൈവാശ്രയ ബോധത്തോടെ മുന്നോട്ട് പോകുവാൻ നമ്മെ സഹായിക്കും.

നോമ്പുകാലം ആത്മനവീകരണത്തിനുള്ള മനോഹരമായ സമയമാണ്. നാം നോമ്പുകാലത്തെ എപ്രകാരം കാണുന്നു എന്നതിനനുസരിച്ചാണ് ആത്മീയ വളർച്ച നമ്മിൽ സംഭവിക്കുന്നത്. അതിനാൽ യേശുവിന് പ്രിയപ്പെട്ട മക്കളായി ജീവിക്കുവാൻ ഈ നോമ്പുകാലം ഇടവരുത്തട്ടെ. സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ദിവസങ്ങൾ യേശുവിലേക്ക് നമ്മെ കൂടുതൽ അടുപ്പിക്കട്ടെ.