ദുഃഖവെള്ളി ഗുഡ് ഫ്രൈഡെ ആയതെങ്ങനെ?

ക്രൈസ്തവരുടെ വിശ്വാസ ജീവിതത്തില്‍ മഹാത്യാഗത്തിന്റെ ഓര്‍മ്മ പേറുന്ന ദിവസമായ ദുഃഖവെള്ളി എങ്ങിനെ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡെയായി മാറി?
തീവ്രദുഃഖത്തിന്റെ ഓര്‍മ്മനാള്‍ എങ്ങനെയാണ് നല്ല ദിനമെന്ന് പേരിലറിയപ്പെട്ടത്?

പാപം ചെയ്യാത്തവനായ യേശുക്രിസ്തു ‘ദൈവപുത്ര’നായിരുന്നിട്ടു കൂടിയും, സ്വയം ഒരു ബലിയായി തീര്‍ന്ന ദിവസം ഗുഡ് ഫ്രൈഡെ ആയതിന്റെ നിരവധി കഥകളാണ് ചരിത്രത്തിലുള്ളത്. ചിലത് ഭാഷപരമായി, മറ്റ് ചില വിശ്വാസതലത്തില്‍.

ഇംഗ്ലീഷ് ഭാഷയില്‍ ബാഡ് ഫ്രൈഡേ എന്ന് അടയാളപ്പെടുത്താന്‍ സാധ്യതകള്‍ ഏറെ ആയിരുന്നിട്ടു കൂടി, ഈ ദിവസം എങ്ങനെ ഗുഡ് ഫ്രൈഡേ ആയി? ഒരുപക്ഷെ, ഗോഡ് ഫ്രൈഡേ (God Friday) എന്നത് ലോപിച്ച് ഗുഡ് ഫ്രൈഡേ (Good Friday) ആയതാകാം എന്ന് പറയുന്നവരുണ്ട്. യാത്രാമംഗളങ്ങളായി ദൈവം നിന്നോട് കൂടെ ഉണ്ടായിരിക്കട്ടെ എന്ന് അര്‍ത്ഥം ഉണ്ടായിരുന്ന ഗോഡ് ബീ വിത്ത് (God be with) ക്രമേണ ഗുഡ്‌ബൈ (Good Bye) ആയതു പോലെ ഒരു മാറ്റം ആയിരിക്കാം ഗോഡ്‌ ഫ്രൈഡേ – ഗുഡ് ഫ്രൈഡേ ആയതിനു പിന്നില്‍ എന്നു ചിലര്‍ വാദിക്കുന്നു.

ജര്‍മ്മനിയില്‍ ഈ ദിനം ആചരിക്കുന്നത് ‘കാർഫ്രൈടാഗ്’ (Karfreitag) ദുഃഖവെള്ളിയായിട്ടാണ്. വിശുദ്ധനാട്ടില്‍ ഈ ദിവസം ബിഗ് ഫ്രൈഡേയും (Big Friday),
ഹോളണ്ട്, ഗ്രീസ് പോലെയുള്ള രാജ്യങ്ങളില്‍ ഇത് ഹോളി ഫ്രൈഡേയുമാണ് (Holy Friday). അടിസ്ഥാനവിശ്വാസം ഏകമായിരിക്കുകയും എന്നാല്‍ വ്യത്യസ്തമായ പേരുകളാല്‍ സമ്പന്നമായ മറ്റൊരു ക്രൈസ്തവ ദിനം, ദുഃഖവെള്ളിയാഴ്ചയല്ലാതെ മറ്റൊന്ന് ഉണ്ടായിരിക്കില്ല.

ജോ ജോസഫ് ആന്റണി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.