ദൈവവിളി തിരിച്ചറിയാന്‍ സഹായിക്കുന്ന കാര്യങ്ങള്‍

നമുക്കോരോരുത്തര്‍ക്കും ഒരോ ദൈവവിളിയുണ്ട്. എന്നാല്‍ അത് എന്താണെന്ന് തിരിച്ചറിയുവാന്‍ നാം ശ്രമിക്കാറുണ്ടോ? നമ്മുടെ ജീവിതം കൊണ്ട് ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്ന് ദൈവത്തോട് ചോദിക്കുക എന്നതാണ് അത് അറിയുവാനുള്ള പ്രഥമ മാര്‍ഗ്ഗം. നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥനകളില്‍ ഈ ആവശ്യം നാം സമര്‍പ്പിക്കുമ്പോള്‍ പരിശുദ്ധാത്മാവ് അത് നമുക്ക് വെളിപ്പെടുത്തിത്തരും.

ചില പ്രേരണകളിലൂടെയായിരിക്കും നാം ചിലപ്പോൾ ഇക്കാര്യം തിരിച്ചറിയുക. ഇത് തിരിച്ചറിയുവാനുള്ള ചില അടയാളങ്ങള്‍ നോക്കാം..

1. ദൈവനിയോഗം അറിയുവാനുള്ള ആഗ്രഹം നമ്മുടെ ഉള്ളില്‍ ഉണ്ടാകും.

2. നമ്മള്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലിനെ മാറ്റാന്‍ നമുക്ക് കഴിയുകയില്ല.

3. നമ്മുടെ വിശ്വസ്തരായവര്‍ക്കും നമ്മിലെ ദൈവവിളിയെക്കുറിച്ച്‌ മനസിലായി തുടങ്ങും.

4. ദൈവവിളിയെക്കുറിച്ച്‌ ചിന്തിക്കുവാന്‍ ആരംഭിക്കുമ്പോള്‍ തന്നെ ഭയങ്കരമായ അസ്വസ്ഥത അനുഭവപ്പെടുവാന്‍ തുടങ്ങും.

5. ക്രമേണ ദൈവവിളിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് ആശ്വാസം ലഭിച്ചു തുടങ്ങും.

6. ദൈവവിളിക്ക് പ്രത്യുത്തരം കൊടുക്കണമെന്ന ചിന്ത നമ്മളില്‍ കൂടുതലായി ശക്തി പ്രാപിച്ചുകൊണ്ടിരിക്കും.

7. ദൈവവിളിയില്‍ നിന്നും വേര്‍പെട്ട് മറ്റ് കാര്യങ്ങളില്‍ വ്യാപൃതരാവുമ്പോള്‍ നമ്മുടെ ഹൃദയം അസ്വസ്ഥമാകുന്നത് നമുക്ക് തിരിച്ചറിയുവാന്‍ കഴിയും.

8. നമ്മെ ദൈവത്തിനേല്‍പ്പിക്കണമെന്ന ചിന്ത, നമ്മളില്‍ ബലപ്പെടാന്‍ തുടങ്ങും.

ഈ സമയം കൂടുതല്‍ പ്രാര്‍ത്ഥിക്കുവാനും കൗദാശികജീവിതത്തില്‍ ആഴപ്പെടാനും ആഴ്ചയില്‍ ഒരു തവണയെങ്കിലും നമ്മുടെ ലഘുവായ പാപങ്ങള്‍ പോലും ഏറ്റുപറഞ്ഞു കുമ്പസാരിക്കുവാനും ദിവ്യകാരുണ്യ ഈശോയുടെ മുമ്പില്‍ ശാന്തമായി പ്രാര്‍ത്ഥിക്കാനും സമയം കണ്ടെത്തണം. അപ്പോള്‍ ദൈവത്തിന്റെ വിളിയിലേയ്ക്ക് അവിടുന്ന് നമ്മെ നയിക്കും.