ഒരുവന്റെ ആത്മീയജീവിതത്തിൽ സുഹൃത്തിനുള്ള പങ്ക്

“ഒരു കത്തോലിക്കാകൊച്ച് അവന്റെ/ അവളുടെ കൂടെയുണ്ടല്ലോ…” പണ്ട് പല അമ്മമാരും പഠിക്കുന്ന കുട്ടികളെയും ദൂരെയായിരിക്കുന്ന മക്കളെയുമോർത്ത് ഇങ്ങനെ സമാധാനിക്കുന്നത് കേട്ടിട്ടുണ്ട്. അടുത്തകാലത്ത് ഇത്തരം സമാശ്വാസ വാക്കുകൾ മാതാപിതാക്കളുടെ നാവിൽ നിന്ന് വിരളമായേ കേൾക്കുന്നുള്ളൂവെങ്കിലും, ഒരു കത്തോലിക്കനായ സുഹൃത്ത് തന്റെ മകന്/ മകൾക്ക് ഉണ്ടെന്നത് മാതാപിതാക്കൾക്കു നൽകിയിരുന്ന ആശ്വാസവും ധൈര്യവും ചെറുതായിരുന്നില്ല.

സ്വന്തം വിശ്വാസത്തിൽപെട്ട ഒരു ആത്മാർത്ഥ സുഹൃത്ത് നമ്മുടെ കുട്ടികൾക്കുണ്ടാകുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും, ലവ് ജിഹാദും മറ്റും ക്രിസ്ത്യൻ പെൺകുട്ടികൾക്കായി വലവിരിക്കുന്ന ഈ കാലത്ത്. സുഹൃത്ത് – അത് ആണായാലും പെണ്ണായാലും സ്വന്തം വിശ്വാസത്തിൽ നിന്നുള്ളതാണെങ്കിൽ നല്ലതാണ് എന്ന് പണ്ടുള്ള അമ്മമാർ പറഞ്ഞത് എന്തുകൊണ്ടാണ്? അവർ മതവാദികൾ ആയതുകൊണ്ടാണോ? ഒരിക്കലുമല്ല. മറിച്ച്, മക്കളുടെ ആത്മീയജീവിതത്തെക്കുറിച്ച് അവർക്ക് വ്യക്തമായ കരുതൽ ഉണ്ടായിരുന്നതുകൊണ്ടാണ്.

ഒരാളുടെ ബാഹ്യമായ ജീവിതത്തിൽ മാത്രമല്ല ആത്മീയജീവിതത്തിലും സ്വാധീനം ചെല്ലത്തുവാൻ ഒരു കൂട്ടുകാരനു സാധിക്കും. അത് എങ്ങനെയെന്നു നോക്കാം.

സുഹൃത്തുക്കൾ ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ല. ഒരു സമൂഹമായി ജീവിക്കാൻ വേണ്ടിയാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നതു തന്നെ. അപ്പോൾ ഒറ്റയ്ക്കുള്ള ജീവിതം വളരെ ക്ലേശകരമായിരിക്കും. നല്ല സൗഹൃദങ്ങൾ എപ്പോഴും നമുക്ക് അനുഗ്രഹപ്രദമായിരിക്കും. ദൈവത്തിലേയ്ക്കുള്ള വഴിയിൽ പോസിറ്റീവായും നെഗറ്റീവായും സ്വാധീനിക്കുവാനും സുഹൃത്തുക്കൾക്ക് കഴിയും.

വീഴ്ചകളും തെറ്റുകളും പറ്റുക എന്നത് മനുഷ്യസഹജമായ ഒന്നാണ്. എന്നാൽ തെറ്റുകൾ സംഭവിക്കുന്നിടത്തുനിന്നും തിരിച്ച് ശരിയായതിലേയ്ക്ക് സഞ്ചരിക്കുമ്പോഴാണ് നമ്മുടെ ജീവിതം നന്മയിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. ഒരു നല്ല സുഹൃത്തിന് നമ്മെ വീഴ്ചയിൽ നിന്നു കൈപിടിച്ചുയർത്തുവാനും നല്ല വ്യക്തിത്വത്തിനു ഉടമകളാക്കുവാനും സാധിക്കും.

ചില സമയങ്ങളിൽ നമ്മുടെ ആത്മീയജീവിതത്തിൽ മന്ദത അനുഭവപ്പെടാം. ഇത്തരം സന്ദർഭത്തിൽ നിങ്ങളുടെ അവസ്ഥ മനസിലാക്കുവാൻ അല്ലെങ്കിൽ നിങ്ങള്‍ക്ക് മനസ്സിൽ തോന്നുന്നത് പങ്കുവയ്ക്കുവാൻ നിങ്ങളുടെ വിശ്വാസത്തിൽപെട്ട ഒരു സുഹൃത്ത് ഉണ്ടായിരിക്കുക ആവശ്യമാണ്. അങ്ങനെയൊരാൾക്ക് നിങ്ങളുടെ ആത്മീയമന്ദതയെ പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ കഴിയും.

“വാ… നമുക്കൊന്നു പള്ളിയിൽ പോകാം, കുർബാന കൂടാം, കുമ്പസാരിച്ചോ നീ..?” തുടങ്ങിയ ചോദ്യങ്ങളിലൂടെ ആത്മീയതയുടെ ആഴങ്ങളിലേയ്ക്ക് നയിക്കുവാൻ ഒരു കത്തോലിക്കനായ സുഹൃത്തിനു കഴിയും.

ഒപ്പംതന്നെ, ക്രിസ്തീയമൂല്യങ്ങളുടെ പവിത്രതയും വിശുദ്ധിയും മറ്റു മതസ്ഥർക്ക് ശരിയായി മനസിലാകണമെന്നില്ല. അതിനാൽ തന്നെ കൗമാരത്തിലും യുവത്വത്തിലും വഴിതെറ്റുവാനും തെറ്റിലേയ്ക്ക്‌ നയിക്കപ്പെവടുവനുമുള്ള സാധ്യതകളുണ്ട്. ഇവിടെ ക്രൈസ്തവനായ ഒരു സുഹൃത്തിന്റെ സാന്നിധ്യം എപ്പോഴും ക്രിസ്തീയമൂല്യങ്ങളിൽ ഉറച്ചുനിൽക്കുവാനും പരസ്പരം സഹായിച്ചുകൊണ്ട് നന്മയിൽ മുന്നേറുവാനും സഹായിക്കും.

ഒരാളുടെ ആത്മീയജീവിതത്തിൽ സുഹൃത്തിനുള്ള പ്രാധാന്യം എന്താണെന്നു മനസിലായില്ലേ. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പുലർത്തുക. ആട്ടുംതോൽ അണിഞ്ഞ ചെന്നായ്ക്കൾ ധാരാളമുള്ള കാലമാണിത്. ഇതിൽ നിന്നും നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുവാനുള്ള വിവേകത്തിനായി നമുക്ക് പ്രാർത്ഥിക്കാം.