നായകള്‍ മനുഷ്യന് എത്രത്തോളം ഉപകാരിയെന്ന് ബൈബിള്‍ വിവരിക്കുന്നതിങ്ങനെ

നായകളെ ഒരിക്കലെങ്കിലും വളര്‍ത്തിയിട്ടുള്ളവര്‍ക്ക് അറിയാം, അവ എത്രത്തോളം സ്‌നേഹവും ഉപകാരവുമുള്ള മൃഗമാണെന്ന്. ഉണ്ട ചോറിന് നന്ദി കാണിക്കുന്ന വര്‍ഗ്ഗമെന്നാണ് പൊതുവേ നായകളെക്കുറിച്ച് പറയാറുള്ളതും. നായ എന്ന മൃഗത്തിന്റെ സവിശേഷതയെ വിശുദ്ധ ഗ്രന്ഥവും എടുത്തുപറയുന്നുണ്ട്. നായകളെക്കുറിച്ച്, അവയുടെ വിശ്വസ്ത സ്വഭാവത്തെക്കുറിച്ച് പരാമര്‍ശമുള്ള ചില തിരുവചനങ്ങള്‍ ശ്രദ്ധിക്കാം…

1. സൗഹൃദം, കൂട്ട്

വലിയ യാത്രയ്ക്ക് പുറപ്പെട്ട തോബിയാസിനു കൂട്ടായി അവന്റെ നായയും ഉണ്ടായിരുന്നു. “പിതാവ് അവനോട് പറഞ്ഞു: ഇവനോടു കൂടെ പൊയ്‌ക്കൊള്ളുക. ഉന്നതത്തില്‍ വസിക്കുന്ന ദൈവം നിന്റെ മാര്‍ഗ്ഗം ശുഭമാക്കും. അവിടുത്തെ ദൂതന്‍ നിന്നെ കാത്തുകൊള്ളും. അവര്‍ ഉടനെ യാത്ര പുറപ്പെട്ടു. ആ യുവാവിന്റെ നായും അവരോടു കൂടെ ഉണ്ടായിരുന്നു” (തോബിത്ത് 5:16).

2. രോഗം, സൗഖ്യം

രോഗം തിരിച്ചറിയാനും സുഖപ്പെടുത്താനും വരെ നായകള്‍ക്ക് കഴിവുണ്ട്. ധനവാന്റെയും ലാസറിന്റെയും ഉപമയില്‍ ലാസറിന്റെ മുറിവുകള്‍ അവനോടു കൂടെ ഉണ്ടായിരുന്ന നായ നക്കിയിരുന്നതായി പറയുന്നുണ്ട്. ലാസറിന്റെ പരിതാപകരമായ അവസ്ഥയാണ് ഇത് കാണിക്കുന്നതെങ്കിലും ലാസറിനെ സുഖപ്പെടുത്താനുള്ള അതിന്റെ ശ്രമവും യജമാനനോടുള്ള അതിന്റെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ശ്രമവുമാണ് അവിടെ പ്രകടമാകുന്നത്.

3. വിധേയത്വം പഠിപ്പിക്കുന്നു

യജമാനന്റെ മേശയില്‍ നിന്നു വീഴുന്നത് തിന്നുന്ന മൃഗമായാണ് നായകളെ കണക്കാക്കുന്നത് (മത്തായി 15:27). അതാകട്ടെ അവയുടെ വിനയവും എളിമയും വിധേയത്വവുമാണ് പ്രകടമാക്കുന്നത്.

4. സംരക്ഷണവും കാവലും

കുരയിലൂടെ അപകടങ്ങളെക്കുറിച്ചും ശത്രുക്കളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കാനും നായകളേക്കാള്‍ മികവ് മറ്റാര്‍ക്കുമില്ല. ജീവനും സ്വത്തിനും കാവലാണ് നായകളെന്ന് ജോബിന്റെ പുസ്തകം 30:1-ല്‍ പറയുന്നു. “എന്റെ ആട്ടിന്‍കൂട്ടത്തിന്റെ നായ്ക്കളോടു കൂടെ…”

5. ദൈവത്തോടും അടുപ്പിക്കുന്നു

ഉല്‍പത്തി പുസ്തകത്തില്‍, ദൈവത്തിന്റെ സൃഷ്ടികളെല്ലാം നന്നായിരിക്കുന്നു എന്ന് നാം വായിക്കുന്നു. സൃഷ്ടികളെ വേണ്ടവിധം പരിഗണിക്കുന്നത് സൃഷ്ടാവിനു നല്‍കുന്ന പുകഴ്ചയാണ്. വി. ഫ്രാന്‍സിസ് അസീസി ഇത്തരത്തില്‍ സര്‍വ്വ ജീവജാലങ്ങളോടും കരുതല്‍ പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. അതുപോലെ നമുക്കും സൃഷ്ടിജാലങ്ങളോടുള്ള കരുതലിലൂടെ സൃഷ്ടാവിനെ മഹത്വപ്പെടുത്താം.