പരിശുദ്ധ മാതാവിന്റെ ജനന തിരുനാൾ നമ്മൾ എങ്ങനെ ആഘോഷിക്കണം?

സാധാരണ, വിശുദ്ധരുടെ മരണദിനമാണ് അവരുടെ തിരുനാളായി നാം ആഘോഷിക്കുന്നത്. എന്നാല്‍, പരിശുദ്ധ അമ്മയുടെ ജനനവും നമ്മൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു. കത്തോലിക്കാ സഭയിൽ മൂന്ന് ജനന തിരുനാളുകളാണ് പൊതുവെ ആഘോഷിക്കപ്പെടുന്നത്. ഈശോയുടെ ജനനം, സ്നാപകയോഹന്നാൻ്റെ ജനന തിരുനാൾ, പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ഇവയാണ് ആഘോഷിക്കുന്ന ആ മൂന്ന് ജനന തിരുനാളുകൾ.

നാം മാതാവിന്റെ ജനന തിരുനാൾ ആഘോഷിക്കുന്നതിന് ഒറ്റ ഉത്തരമേയുള്ളൂ.  പരിശുദ്ധ അമ്മ ദൈവമാതാവാണ്‌; അവൾ ദൈവപുത്രന്റെ അമ്മയാണ്. അതിനാൽ നാം പരിശുദ്ധ അമ്മയെ ബഹുമാനിക്കേണ്ടത് ആവശ്യമാണ്. ദൈവപുത്രനായ മിശിഹാ പരിപൂർണ്ണതയിൽ ജീവിച്ചവനാണ്. അവിടുത്തെ അമ്മയായ  പരിശുദ്ധ അമ്മയ്ക്കും അതേ ബഹുമാനം നാം കൊടുക്കേണ്ടത് ആവശ്യമാണ്. പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ നമ്മൾ എങ്ങനെ ആഘോഷിക്കണം എന്നതിന് അഞ്ച് കാരണങ്ങൾ പരിശോധിക്കാം.

1. പരിഹാര പ്രവൃത്തി എന്ന നിലയിൽ

നമ്മുടെ അമ്മയുടെ ജനന തിരുനാൾ ആഘോഷിക്കേണ്ടത് തികച്ചും ആവശ്യമാണ്. കാരണം, അമ്മയെ നാം മറന്നുകൂടാ. അമ്മയെ മറക്കുന്നവർ ഒരുപാടു പേരുണ്ട്; നിന്ദിക്കുന്നവരുണ്ട്. അവർക്കു വേണ്ടിയുള്ള പരിഹാരമായിക്കൂടി നാം അമ്മയുടെ ജനന തിരുനാൾ ആഘോഷിക്കണം.

2. ആഘോഷിക്കപ്പെടേണ്ട തിരുനാൾ

പരിശുദ്ധ അമ്മയെ നമുക്ക് ലഭിച്ചുവെന്ന കാരണത്താലും നമ്മൾ ഈ തിരുനാൾ ആഘോഷിക്കേണ്ടതാണ്; അതും തികഞ്ഞ സന്തോഷത്തോടെ തന്നെ. കാരണം, ദൈവത്തിന്റെ മാതാവിനെയാണ് നമുക്ക് അമ്മയായി ലഭിച്ചിരിക്കുന്നത്.

3. പരിശുദ്ധ അമ്മ നമുക്ക് നൽകിയിരിക്കുന്ന അത്ഭുതകരമായ കാര്യങ്ങൾ

നമ്മുടെ പ്രിയപ്പെട്ടവരുടെ ജന്മദിനത്തിൽ നാം അവരുടെ നന്മകൾ, അവർ വഴി ലഭിച്ച അനുഗ്രഹങ്ങൾ ഒക്കെ ഓർമ്മിക്കാറുണ്ട്. അതു തന്നെ പരിശുദ്ധ അമ്മയുടെ ജന്മദിനത്തിലും നമുക്ക് അനുസ്മരിക്കാം. മാതാവ് വഴി നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ ഓർമ്മിക്കാനും അവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഈ തിരുനാൾ വലിയൊരു അവസരമാണ്.

4. വീടുകളിൽ തിരികൾ തെളിക്കാം

പരിശുദ്ധ അമ്മയുടെ ബഹുമാനാർത്ഥം വീടുകളിൽ തിരികൾ തെളിക്കാം. അങ്ങനെ അമ്മയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കാം. നമ്മുടെ കുടുംബങ്ങളുടെ സംരക്ഷണം പൂർണ്ണമായും അമ്മയെ ഏല്പിക്കാം.

5. പരിശുദ്ധ അമ്മയുടെ തീർത്ഥാടനാലയങ്ങൾ സന്ദർശിക്കുക

പ്രിയപ്പെട്ടവരുടെ ജന്മദിനത്തിൽ അവരെ സന്ദർശിക്കുന്ന അതേ മനോഭാവവും സ്നേഹവും പ്രത്യേക പരിഗണനയും മാതാവിന്റെ ജനന തിരുനാളിലും നമുക്ക് ഉണ്ടാകട്ടെ. പരിശുദ്ധ അമ്മയ്ക്ക് പ്രതിഷ്‌ഠിക്കപ്പെട്ട പള്ളികൾ സന്ദർശിച്ചു പ്രാർത്ഥിക്കുക. ജപമാല, എത്രയും ദയയുള്ള മാതാവേ, പരിശുദ്ധ രാജ്ഞീ, സുകൃത ജപങ്ങൾ ഇവയെല്ലാം കൂടുതൽ തീക്ഷ്ണതയോടെ പ്രാർത്ഥിക്കുവാൻ നമുക്ക് പരിശ്രമിക്കാം.

പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ആഘോഷപൂർവ്വം നടത്തേണ്ട ഒന്നാണ്. മക്കളായ നമുക്ക് അതുവഴിയായി അമ്മയുടെ അനുഗ്രഹങ്ങൾ ലഭിക്കട്ടെ.