പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കാം?

പകർച്ചവ്യാധിയുടെ ഈ കാലഘട്ടത്തിൽ പലരും മാനസികാരോഗ്യ മേഖലയിൽ കടുത്ത വിഷമം നേരിടുന്നവരാണ്. രോഗത്തേക്കാളുപരി പലരുടെയും ജീവിതത്തിലെ സങ്കടവും വിഷാദവും അവരെ വിനാശകരമായ അപകടങ്ങളിലേക്ക് നയിക്കുന്നു. ഇത് മാനസികവും ശാരീരികവുമായ രോഗങ്ങളായി പിന്നീട് രൂപപ്പെട്ടേക്കാം.

പ്രിയപ്പെട്ടവരുടെ വേർപാട്, മാനസിക സമ്മർദ്ദങ്ങൾ, ഒറ്റപ്പെടൽ, സാമ്പത്തിക ക്ലേശം ഇവയാലൊക്കെ പലരും തന്നിലേക്കു തന്നെ ചുരുങ്ങുന്ന ഒരു അവസ്ഥയിലാണ് ഇന്നുള്ളത്. ഉള്ളിലൊതുക്കുന്ന ഇത്തരം വികാരങ്ങളെല്ലാം സമ്മർദ്ദമേറി പൊട്ടിത്തെറിക്കാൻ ഇടയാകും. ചിലർ ഇന്ന് സുഖമായി ജീവിക്കുന്നു പക്ഷേ ഭാവിയെക്കുറിച്ച് ഭയങ്കരമായ ആശങ്കയാണ്. അവർ വർത്തമാനകാലത്തിൽ ജീവിക്കുന്നില്ല. നാളെ എങ്ങനെയിരിക്കും എന്നതിനെക്കുറിച്ചാണ് അവർക്ക് ആശങ്ക. ഇത്തരം ഉത്കണ്ഠകൾ, വിഷാദം, മറ്റ് നെഗറ്റീവ് വികാരങ്ങൾ എന്നിവയ്ക്ക് അടിമപ്പെടാതിരിക്കാൻ ദൈവത്തിന്റെ സഹായവും നമുക്ക് ആവശ്യമാണ്.
അനുദിന ജീവിതത്തിൽ നാം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വിഷമതകൾ ഇല്ലാതാക്കാം. ചില നിർദ്ദേശങ്ങൾ താഴെ പറയുന്നു…

1. ഈ പകർച്ചവ്യാധി സമയത്ത് സങ്കടവും ഉത്കണ്ഠയും ഒഴിവാക്കാനും മറികടക്കാനുമുള്ള ഒരു മാർഗ്ഗം, വരാനിരിക്കുന്നതിനെക്കുറിച്ചു മാത്രം ചിന്തിച്ച് ജീവിക്കാതിരിക്കുക എന്നതാണ്. ഇന്നിൽ ജീവിക്കാൻ ഒരു കാരണം കണ്ടെത്തുക. കുടുംബവുമായോ സുഹൃത്തുക്കളുമായോ, ഓൺലൈനിലോ നേരിട്ടോ (ഹെൽത്ത് പ്രോട്ടോക്കോളുകൾ മുതലായവയെ അനുസരിച്ച്) സംസാരിക്കാനോ, പാട്ടു പാടാനോ, ഗെയിമുകൾ കളിക്കാനോ സമയം കണ്ടെത്തുക. നിങ്ങളുടെ ഹോബികൾ ആസ്വദിക്കുന്നതിനുള്ള സമയം ക്രമീകരിക്കുക.

2. നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെങ്കിലും ഒറ്റപ്പെടൽ അനുഭവപ്പെടാം. വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെങ്കിലും വീട് വൃത്തിയാക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുക.

3. നിങ്ങൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ശ്രദ്ധിക്കുക. വിധിയെക്കുറിച്ചും ഇരുട്ടിനെക്കുറിച്ചും ഗോസിപ്പുകളെക്കുറിച്ചും ദേഷ്യപ്പെടുത്തുന്നതോ, സങ്കടപ്പെടുത്തുന്നതോ ആയ കാര്യങ്ങളെക്കുറിച്ചും അനാവശ്യമായി സംസാരിക്കാതിരിക്കാൻ ശ്രമിക്കുക. കാരണം ഇത് അശുഭാപ്തി വിശ്വാസത്തെയും നിഷേധാത്മകതയെയും ശക്തിപ്പെടുത്തുന്നു. ഇത്തരം സംഭാഷണങ്ങൾ നമുക്കും മറ്റുള്ളവർക്കും ഹാനികരമാണ്.

4. മറ്റുള്ളവരുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള ബാധ്യതയാൽ ജീവിക്കരുത്. മറ്റുള്ളവരോടുള്ള നിങ്ങളുടെ കടമകൾ നിങ്ങൾക്ക് കഴിയുന്നത്ര നിറവേറ്റുക. എന്നാൽ അതിനൊപ്പം നിങ്ങൾ നിങ്ങളോടു തന്നെ യാഥാർത്ഥ്യബോധവും അനുകമ്പയും ഉള്ളവരായിരിക്കുക. തന്റെ സ്വർഗ്ഗീയപിതാവല്ലാതെ മറ്റാരുടെയും അംഗീകാരം നേടുന്നതിനായി എന്തെങ്കിലും ചെയ്യുവാൻ യേശു ഒരിക്കലും ശ്രമിച്ചിരുന്നില്ല. അതേസമയം, മറ്റുള്ളവരെക്കുറിച്ച് ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നല്ല ഇതിനർത്ഥം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നമ്മുടെ അയൽക്കാരോടുള്ള അനുകമ്പയും ആദരവുമാണ്. വാസ്തവത്തിൽ, നമ്മുടെ അഹം നമ്മെ എത്രത്തോളം ബന്ധികളാക്കുന്നുവോ അത്രത്തോളം നമ്മൾ മറ്റുള്ളവരുടെ അംഗീകാരം തേടും.

5. ദുഃഖം മറികടക്കാൻ നമുക്ക് പ്രത്യാശയുടെ സന്തോഷം ആവശ്യമാണ്. ദുഃഖത്തെ ചെറുക്കുന്നതിനും അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളെ മറികടക്കുന്നതിനുമുള്ള ഏറ്റവും അടിസ്ഥാനപരമായ ഗുണമാണ് പ്രതീക്ഷ. ഇത് ദൈവത്തിൽ നിന്ന് നമുക്ക് ലഭിക്കേണ്ട ഒരു സമ്മാനമാണ്. നമ്മൾ അനുഭവിച്ച അല്ലെങ്കിൽ പോസിറ്റീവ് ആയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ ആത്മാവിൽ പ്രതീക്ഷ വളർത്താൻ കഴിയും.

6. നന്ദിയുള്ള ഒരു ഹൃദയം രൂപപ്പെടുത്തുക. നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും പ്രിയപ്പെട്ടവരുടെ ജീവിതത്തിലും നൽകപ്പെടുന്ന അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയുക. കുറവുകളെ ഓർത്ത് പരിതപിക്കാതെ അനുഗ്രഹങ്ങളെ ഓർത്ത് സന്തോഷിക്കുക.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.