കോവിഡ് മഹാമാരിക്കിടയിലും നമ്മുടെ പ്രിയപ്പെട്ടവരെ ഉന്മേഷഭരിതരാക്കാം

കഴിഞ്ഞ ഒരു വർഷത്തിലേറെയായി നമ്മുടെ എല്ലാ കാര്യങ്ങൾക്കും അല്പം കടിഞ്ഞാണിടുന്ന ഒന്നാണ് കൊറോണ വൈറസ്. വലിയൊരു ആരോഗ്യ പ്രതിസന്ധിയിൽ അകപ്പെട്ട നമുക്കോരോരുത്തർക്കും അത് ഏൽപ്പിച്ച ആഘാതങ്ങൾ കടുത്തതാണ്. എന്നാൽ ഓരോ സമയവും നാം അനുഭവിക്കുന്ന ഒറ്റപ്പെടലും ഏകാന്തതയും നഷ്ടങ്ങളും ഉത്ക്കണ്ഠകളും എല്ലാം ഇതിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട്. എല്ലാവിധ സംരക്ഷണ കവചങ്ങളുണ്ടെങ്കിലും ഇതിനെ അതിജീവിക്കുവാൻ സ്നേഹം എന്ന മരുന്ന് വളരെ അത്യാവശ്യമാണ്. നമ്മുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാവുന്ന ഈ സാഹചര്യത്തെ അതിജീവിക്കുവാൻ അല്പം വ്യത്യസ്തമായ സമീപനം നമുക്കാവശ്യമാണ്.

ഒരു ചെടി വരൾച്ചയുമായി പൊരുത്തപ്പെടുവാൻ ആരംഭിക്കുന്നത് അതിന്റെ ഇലകൾ മുള്ളുകളായി രൂപാന്തരപ്പെടുമ്പോളാണ്. ഒരു വെള്ളപ്പൊക്കമോ കാട്ടു തീയോ ഉണ്ടായ ശേഷം മണ്ണ് കൂടുതൽ പ്രതിരോധ ശേഷിയും വളക്കൂറുള്ളതുമായി മാറുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് പുനഃസ്ഥാപനത്തിന്റെയോ പ്രതിരോധത്തിന്റെയോ വലിയ ഉദാഹരങ്ങളാണ്. അതുപോലെ ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ പ്രിയപ്പെട്ടവർ ഉത്കണ്ഠയിലോ ഏകാന്തതയിലോ അകപ്പെടുമ്പോൾ നമുക്ക് എങ്ങനെ അവരെ സഹായിക്കാം?

ഒറ്റയ്ക്ക് ഒരു മുറിയിൽ അടയ്ക്കപ്പെട്ടിരിക്കുന്നവർക്ക് നാം ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അവരെ ഫോണിൽ ബന്ധപ്പെടുക എന്നുള്ളതാണ്. നമ്മുടെ ബുദ്ധിയെ എന്നപോലെ ആത്മാവിനെയും ഉത്തേജിപ്പിക്കുന്നത് വൈകാരിക ബന്ധങ്ങളാണ്. ജീവിതത്തെ പിടിച്ചു നിർത്തുന്നതിൽ ബന്ധങ്ങളുടെ പങ്ക് വളരെ പ്രാധാന്യമുള്ളതാണ്. അതിനാൽ ഈ കാലഘട്ടത്തിൽ ക്വാറന്റൈൻ എന്ന പദം വളരെ സാധാരണമായതുപോലെ നമ്മുടെ സ്നേഹവും കരുതലും എത്ര അകാലങ്ങളിലായിരുന്നാൽ പോലും നമുക്കും സർവ്വ സാധാരണമാക്കി മാറ്റാം. ജീവിതത്തിൽ ദൈവം, കുടുംബം, സൗഹൃദം എന്നീ മൂന്നു കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് സ്നേഹം എന്ന മൂന്നക്ഷരത്തിലാണ്. അതിനാൽ അകലങ്ങളിലായിരിക്കുമ്പോഴും ഏറ്റവും അടുപ്പം കാണിക്കുവാൻ നമുക്ക് കഴിയുന്ന മാധ്യമങ്ങളെല്ലാം ഉപയോഗിക്കാം. നമ്മുടെ സ്‌നേഹനിർഭരമായ പെരുമാറ്റം കൊണ്ട് മറ്റുള്ളവരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുവാൻ സാധിക്കുമെങ്കിൽ അതാകട്ടെ നമ്മുടെ ജീവിത ലക്ഷ്യങ്ങളിലൊന്ന്. അകലങ്ങളിലിരുന്നുകൊണ്ട് നമുക്കും അടുപ്പം കാണിക്കാം.

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.