എപ്പോഴും സന്തുഷ്ടരായിരിക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം?

സന്തോഷമുള്ള കുടുംബത്തിൽ നിന്നു മാത്രമേ സന്തോഷമുള്ള മക്കൾ ഉണ്ടാകൂ. സമ്പത്തിലും സൗഭാഗ്യത്തിലും മാത്രമുള്ള സന്തോഷമല്ല അത്. സമാധാനവും സന്തുഷ്ടവുമായ കുടുംബാന്തരീക്ഷവും മാതാപിതാക്കളും കുട്ടികളിൽ സന്തോഷം നിലനിറുത്തുന്നതിന് സഹായകമാകുന്ന വസ്തുതയാണ്. ചോദിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചുകൊടുക്കുമ്പോൾ മക്കൾ സന്തോഷഭരിതരാകുമെന്ന് കരുതുന്ന മാതാപിതാക്കളാണ് അധികവും.

എന്നാൽ, സന്തോഷം എന്നത് ഹൃദയത്തിൽ നിന്നും ഉരുത്തിരിയേണ്ടതാണ്. ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുമ്പോൾ കിട്ടുന്നത് സ്ഥായിയായ സന്തോഷമല്ല. ചിലപ്പോൾ മുതിർന്നവർ സന്തോഷിക്കുന്ന കാര്യങ്ങളിലല്ല കുട്ടികൾ സന്തോഷിക്കുന്നത്. യഥാർഥത്തിൽ നല്ലത് എന്താണെന്ന് ചിന്തിക്കാൻ മക്കളെ പ്രാപ്തരാക്കുക. അതിനുള്ള ഒരു പരിശീലനമായിരിക്കണം അവർക്ക് നൽകേണ്ടത്. നന്മയുള്ള മനസ്സിനുടമകളാക്കുക. അപ്പോൾ ലഭിക്കുന്ന സന്തോഷം അവരിൽ നിന്നും എടുത്തുകളയാൻ ആർക്കും സാധിക്കുകയില്ല. അത് മനസിനും ആത്മാവിനും ആന്ദം പകരുന്ന ഒന്നാണ്.

വികാരങ്ങളെ നിയന്ത്രിക്കുവാൻ ചെറുപ്പം മുതലേ കുട്ടികളെ അഭ്യസിപ്പിക്കുക. ദേഷ്യവും ഇഷ്ടാനിഷ്ടങ്ങളും നിയന്ത്രിക്കാനും അവയെ അഭിമുഖീകരിക്കുവാനും അവരെ പഠിപ്പിക്കുക. അത് ജീവിതത്തിൽ പ്രലോഭനങ്ങളിലേയ്ക്ക് ആകർഷിക്കപ്പെടാതെ വിജയിക്കുവാൻ അവരെ പിന്നീട് സഹായിക്കും. വിജയമെന്നത് മറ്റുള്ളവരെ പരാജയപ്പെടുത്തുമ്പോൾ മാത്രമല്ലെന്ന് കുട്ടികൾ അറിയട്ടെ. നന്മ ചെയ്യുന്നതിലും തിന്മ ചെയ്യാതിരിക്കുന്നതിലും സന്തോഷം അനുഭവിക്കുവാനും സന്തുഷ്ടരാകുവാനും കുട്ടികൾ പ്രാപ്തരാകട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.