ജീവിതത്തിലെ പരീക്ഷകളെയും പ്രശ്‌നങ്ങളെയും നേരിടേണ്ട വിധം

തന്റെ ജീവിതത്തില്‍ നേരിട്ട പരീക്ഷകളെ ഈശോ എങ്ങനെ അതിജീവിച്ചുവെന്ന് വി. മത്തായിയുടെ സുവിശേഷം 4-ാം അധ്യായം 1-11 വരെയുള്ള വാക്യങ്ങളില്‍ നാം വായിക്കുന്നുണ്ട്, ഈശോ പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്ന സംഭവത്തില്‍. ഈശോയുടെ ജീവിതത്തിലെ ഒരനുഭവം പങ്കുവയ്ക്കുന്നതിനപ്പുറം നമ്മുടെ ജീവിതത്തില്‍ അഭിമുഖീകരിക്കാന്‍ ഇടയുള്ള വ്യത്യസ്ത പ്രലോഭനങ്ങളെ/ പരീക്ഷകളെ എങ്ങനെ നേരിടാമെന്ന് ഈ തിരുവചനഭാഗം നമ്മെ പഠിപ്പിക്കുന്നു. അനുദിന ജീവിതാവസ്ഥകളില്‍ നാം അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധങ്ങളായ പരീക്ഷകളോട് നാം വച്ചുപുലര്‍ത്തുന്ന മനോഭാവമെന്തെന്ന് ഈ സുവിശേഷം ഓര്‍മ്മപ്പെടുത്തുന്നു.

പരീക്ഷകളെ ഇല്ലാതാക്കുകയോ വേറെ സമയത്തേയ്ക്ക് മാറ്റിവയ്ക്കുകയോ അല്ല, പരീക്ഷകളെ അഭിമുഖീകരിക്കുന്ന ശൈലിയാണ് ഈശോയ്ക്കുണ്ടായിരുന്നത്.
പരീക്ഷകളെയല്ല, അവയോടുള്ള നമ്മുടെ സമീപനമാണ് നമുക്ക് മാറ്റാന്‍ കഴിയുകയെന്ന് ഈശോ സ്വന്തം ജീവിതാനുഭവത്തിലൂടെ തെളിയിക്കുന്നു.

പരീക്ഷകള്‍ നേരിടുമ്പോള്‍ അവ നമ്മെ നശിപ്പിക്കാനല്ല, വിജയത്തില്‍ എത്തിക്കാനാണെന്ന് ആദ്യമേ നാം മനസിലുറപ്പിക്കണം. ജീവിതപ്രാരാബ്ദങ്ങളിലും പ്രതിസന്ധികളിലും പ്രതികൂലസാഹചര്യങ്ങളിലും തിരുവചനമാകുന്ന അളവുകോല്‍ കൈയ്യിലെടുക്കാന്‍ മറക്കരുതെന്ന് ഈശോയുടെ അനുഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ജീവിതമരുഭൂമിയിലെ പരീക്ഷകളില്‍ പരാജിതരാകാതിരിക്കാന്‍ ഈശോ അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ നമുക്കും പിന്തുടരാം.