നോമ്പിന്റെ ചൈതന്യത്തിലേയ്ക്ക് മക്കളെ എങ്ങനെ നയിക്കാം? മാതാപിതാക്കൾക്കൊരു വഴികാട്ടി

ക്രിസ്തുവുമായുള്ള ബന്ധം എക്കാലവും നിലനിൽക്കുവാൻ യേശുവിന്റെ പുനരുത്ഥാനത്തിന്റെ സന്ദേശം കുടുംബത്തിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനായി നോമ്പുകാലം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്താം. ഈ ദിനങ്ങളിൽ മക്കൾക്ക് നൽകാവുന്ന ചില പ്രായോഗിക ചിന്തകളാണ് ചുവടെ ചേർക്കുന്നത്.

1. പാരമ്പര്യത്തിൽ നിന്നും തുടങ്ങാം

പരമ്പരാഗതമായി നാം അനുവർത്തിച്ചുവരുന്ന ചില നോമ്പുകാല ആചാരങ്ങളുടെ പിന്നിലുള്ള കാര്യങ്ങൾ എന്താണെന്നു മക്കൾക്ക് മനസ്സിലാക്കിക്കൊടുക്കണം. പ്രത്യേകിച്ച് കുട്ടികൾക്ക് കാണുവാനും കേൾക്കുവാനും അനുഭവിച്ചറിയുവാനുമുള്ള കാര്യങ്ങൾ അത്തരത്തിൽ തന്നെ കടന്നുപോകുവാൻ അവരെ അനുവദിക്കുക. കാരണം ചിലതെല്ലാം പറഞ്ഞു കൊടുക്കുന്നതിനേക്കാളുപരി അവരെ ചെയ്യുവാൻ അനുവദിക്കുകയാണെങ്കിൽ തീർച്ചയായും അവരുടെ മനസ്സിൽ എക്കാലവും നിലനിൽക്കുകയും വരും തലമുറയിലേക്ക് പകർന്നു കൊടുക്കുവാനും കഴിയും.

2. നോമ്പുകാലം: പുതിയ ജീവിതം

നോമ്പിന്റെ തുടക്കത്തിൽ നമ്മുടെ ജീവിതത്തെ സൂചിപ്പിക്കുന്നതിനായി ഒരു മരത്തിന്റെ  വിത്തോ തൈയ്യോ നടാം. എല്ലാവരും ഒരുമിച്ച് ചേർന്ന് നടുകയും വൈകുന്നേരങ്ങളിൽ കുടുംബാംഗങ്ങൾ ഒന്നുചേർന്ന് സുകൃത ജപങ്ങളോ പീഡാസഹനത്തിന്റെ ഓർമ്മകൾ പുതുക്കുന്ന രീതിയിലുള്ള എന്തെങ്കിലും സംഭവങ്ങളോ പങ്കുവെച്ചുകൊണ്ട് ചെടി നനയ്ക്കുകയും പരിപാലിക്കുകയും ചെയ്യാം. നോമ്പിൽ ഭക്തിസാന്ദ്രമായ ഒരു വൈകുന്നേരം നാമറിയാതെ തന്നെ സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

3. സുവിശേഷ വാക്യ പോസ്റ്ററുകൾ

സാധിക്കുന്ന സമയങ്ങളിലെല്ലാം കുടുംബാംഗങ്ങൾ ഒന്നുചേർന്ന് ആരാധനകളിലും വിശുദ്ധ ബലിയിലും കുരിശിന്റെ വഴികളിലും പങ്കു ചേരുവാൻ ശ്രദ്ധിക്കാം. തിരക്കുകളുള്ള ഇന്നത്തെ ലോകത്തിൽ എല്ലാവരും എത്തി ചേരുന്ന ഇടങ്ങളിൽ സുവിശേഷത്തിലെ വാക്യങ്ങൾ എഴുതി ഒട്ടിച്ച് വെയ്ക്കാം. ഇടയ്ക്കിടെ മാറ്റി എഴുതി സൂക്ഷിക്കാം. ഊണ് മേശയിലെ ഭിത്തിയിലും റഫ്രിജറേറ്ററിന്റെ മുകളിലും കണ്ണാടിയുടെ വശത്തുമെല്ലാം നമ്മുടെ ശ്രദ്ധ ഇടയ്ക്കിടെ പായുന്നതിനാൽ ഹൃദയത്തിൽ പതിയുന്ന വചനത്തെ ജീവിതത്തിലും പാലിക്കുമെന്നതിൽ സംശയമില്ല. അത്താഴ സമയത്തോ ഇടവേളകളിലോ ആ വചനത്തിനു അനുദിന ജീവിതത്തിൽ നൽകുവാനുള്ള സാധ്യതകളെക്കുറിച്ചും മക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യാവുന്നതാണ്.

4. ഇഷ്ടമുള്ളവയെ ഉപേക്ഷിക്കാം

പരമ്പരാഗതമായി നോമ്പുകാലത്ത് ആഘോഷ പരിപാടികൾ നടത്താറില്ല. ആത്മീയ പ്രതിഫലനത്തിന്റെ ഭാഗമായി നോമ്പുകാലത്തിൽ ടെലിവിഷൻ പരിപാടികള്‍, മധുര പലഹാരങ്ങള്‍, വീഡിയോ ഗെയിമുകൾ അങ്ങനെയുള്ള കൊച്ചു കൊച്ചു സംഗതികൾ ഉപേക്ഷിക്കുവാൻ പ്രോത്സാഹിപ്പിക്കാം. ഒരു ത്യാഗമെന്നതിലുപരി ഒരു ആത്മീയ പ്രതിഫലനമായി അതിനെ ദർശിക്കാവുന്നതാണ്.

5. നൽകൽ എന്ന ആത്മീയ ഭാവം

സമ്മാനങ്ങൾ നൽകുന്നതിന് ഈസ്റ്ററിനു സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്. ലോകത്തിനു സമ്മാനമായി ദൈവം തന്റെ പുത്രനെയാണ് നൽകിയത്. ആ പുത്രൻ തന്റെ ജീവിതം മുഴുവൻ എനിക്കും നിനക്കും സമ്മാനമായി നൽകി. അതുകൊണ്ടുതന്നെ ഉയിർപ്പിനു മുന്നോടിയായി നാം മറ്റുള്ളവർക്കും എന്തെങ്കിലും നൽകുവാൻ പരിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞുങ്ങളെക്കൊണ്ട് തന്നെ അവരുടെ ചെറിയ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് എന്തെങ്കിലും സന്തോഷത്തോടെ അത്യാവശ്യക്കാർക്ക് നൽകുവാൻ ശീലിപ്പിക്കുക. അങ്ങനെ ‘നൽകൽ’ എന്ന ആത്മീയ ഭാവം ഒരു ശീലമാകട്ടെ.

6. സൈബർ ഇടങ്ങളിലെ നോമ്പുകാലം

സൈബർ ഇടങ്ങളെ നമുക്ക് ഒഴിവാക്കുവാൻ പറ്റാതായിരിക്കുന്നു. ജോലിയുടെയും പഠനത്തിന്റെയും ഒക്കെ ഭാഗമായി ഇന്റർനെറ്റ് ഉപയോഗിക്കേണ്ടി വരുന്നതിനാൽ നോമ്പിൽ നാം അത് ഉപയോഗിക്കാതിരിക്കുക എന്നതിലുപരി ഇടവേളകളിൽ ക്രിസ്തീയത നിറഞ്ഞു നിൽക്കുന്ന ചിന്തകൾക്കും കവിതകൾക്കും സംഗീതങ്ങൾക്കും ധ്യാനങ്ങൾക്കുമായി സമയവും അല്പം ‘ഡാറ്റ’ യും ചെലവഴിക്കുന്നതിലാകട്ടെ നമ്മുടെ സൈബർ ആത്മീയതയുടെ നോമ്പുകാല ചിന്തകൾ.

സുനിഷ നടവയല്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.