എങ്ങനെ പ്രാർത്ഥിക്കണം? ഒരു സാധു പട്ടാളക്കാരന്റെ പ്രാർത്ഥനാ ജീവിതം ഇതാ

അനുദിന പ്രാർത്ഥന നമ്മുടെ ആത്മീയ ജീവിതത്തെ ഏറെ സഹായിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ പുരോഹിതന്മാരും ബിഷപ്പുമാരും മറ്റ് ആത്മീയ എഴുത്തുകാരും ഒക്കെ ആത്മീയ ജീവിതം, പ്രാർത്ഥനാ ജീവിതം മെച്ചപ്പെടുത്തുന്ന പല കാര്യങ്ങളും പറഞ്ഞുതരാറും ഉണ്ട്. പലപ്പോഴും അവരുടെ ഒക്കെ ചിന്തകളിൽ പ്രാർത്ഥന എന്നത് ഒരു ജപമാലയോ അല്ലെങ്കിൽ മറ്റു പ്രാർത്ഥനാ ക്രമങ്ങളോ ആകും.

എന്ത് തന്നെയായാലും ഒരു വ്യക്തിയുടെ പ്രാർത്ഥനാ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് അവരുടെ പ്രാർത്ഥനയോടുള്ള ആത്മാർത്ഥതയാണ്. അല്ലാതെ ലാഘവത്തോടെ ചൊല്ലിത്തീർക്കുന്ന പ്രാർത്ഥനകൾ അല്ല. പ്രാർത്ഥന എന്നാൽ എന്താണ് എന്നും എങ്ങനെ ആയിരിക്കണം എന്നും തെളിയിക്കുന്ന ഒരു ചെറിയ സംഭവം ഉണ്ട്. കത്തോലിക്കാ മതബോധനത്തെ സംബന്ധിക്കുന്ന അനുഭവങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്ന ആ സംഭവത്തിലൂടെ ഒന്ന് കടന്നു പോകാം.

ഒരിക്കൽ ഒരു ബിഷപ്പ് മിലിട്ടറി ഹോസ്പിറ്റലിൽ രോഗബാധിതരായി കിടക്കുന്ന സൈനികരെ സന്ദർശിക്കുവാൻ എത്തി. അദ്ദേഹം താൻ കടന്നു പോകുന്ന ഓരോ രോഗികളോടും എല്ലാ ദിവസവും പ്രാർത്ഥിക്കണം എന്ന് പറഞ്ഞു മുന്നോട്ടു നീങ്ങി. അങ്ങനെ ഒരു മധ്യവയസ്കനായ സൈനികന്റെ അടുത്തെത്തി. പതിവുപോലെ പ്രാർത്ഥിക്കണം എന്ന് പറഞ്ഞ ബിഷപ്പിനോട് ആ സൈനികൻ പറഞ്ഞു. “പിതാവേ ഞാൻ രാവിലെയും വൈകിട്ടും പ്രാര്ഥിക്കുന്നുണ്ട്. അത് വളരെ ഹൃസ്വമായ രീതിയിലാണ്.”

അത് കേട്ടപ്പോൾ ബിഷപ്പിനു അത്ഭുതം! ഹൃസ്വമായ രീതിയിൽ പ്രാർത്ഥനയോ? അപ്പോൾ ആ സൈനികൻ താൻ പ്രാർത്ഥിക്കുന്നത് എപ്രകാരമാണെന്നു വെളിപ്പെടുത്തി. അതിരാവിലെ അദ്ദേഹം എഴുന്നേറ്റ് ഇങ്ങനെ പ്രാർത്ഥിക്കും ” പിതാവേ അങ്ങയുടെ ദാസൻ ഇതാ ഉണർന്നെഴുന്നേറ്റിരിക്കുന്നു. ഈ ദാസന്റെ മേൽ കരുണ ഉണ്ടാകേണമേ.” രാത്രി കിടക്കുന്നതിനു മുൻപ് ഇങ്ങനെ പ്രാർത്ഥിക്കും.” പിതാവേ അങ്ങയുടെ ദാസൻ ഉറങ്ങാൻ പോവുകയാണ്. ഈ ദാസന്റെമേൽ കരുണയുണ്ടാകേണമേ”.

ആ പട്ടാളക്കാരന്റെ പ്രാർത്ഥന ആ ബിഷപ്പിനെ സ്വാധീനിച്ചു. പ്രാർത്ഥിക്കാൻ അറിയില്ല എന്ന് പറയുന്നവർക്കും പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്താൻ കഴിയാത്തവിധം തിരക്കുകളിൽ അകപ്പെടുന്നവർക്കും മാതൃകയാണ് ഈ പട്ടാളക്കാരന്റെ പ്രാർത്ഥന. പ്രഭാതത്തെയും രാത്രിയെയും ദൈവത്തിനു സമർപ്പിച്ചു കൊണ്ട് അവിടെ കരുണയ്ക്കായി യാചിച്ചുകൊണ്ടുള്ള ഈ മനോഹരമായ പ്രാർത്ഥന നമുക്ക് ഏറ്റു ചൊല്ലാം.