ഹോസാന – ആഗതനാകുന്ന മിശിഹാ രാജാവ്

റവ. ഡോ. അലക്സാണ്ടര്‍ എ. തോമസ്‌

“അവൻ യെരുശലേമിൽ കടന്നപ്പോൾ നഗരം ഇളകി. ഇവൻ ആർ എന്നു പറഞ്ഞു.( വാ.10)

യേശുക്രിസ്തുവിന്റെ ഐഹിക കാലഘട്ടത്തിലെ ഒരു സുപ്രധാന സംഭവമാണ് കർത്താവിന്റെ യെരുശലേമിലേക്കുള്ള ജൈത്രയാത്ര. നാല്  സുവിശേഷകരും അവരവരുടെ രചനാ ശൈലികളിലും നിറങ്ങളിലും ഇതു് മനോഹരമായി വിവരിച്ചിട്ടുണ്ട്. യെഹൂദന്മാരുടെ പ്രധാന പെരുന്നാളായ പെസഹയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സംഭവമാണിത്. പെരുന്നാളുകൾ യെഹൂദാ മത സമൂഹത്തിൽ വളരെ പ്രാധാന്യം നിറഞ്ഞ സംഗമങ്ങളായിരുന്നു. അതിൽ പെസഹാ പെരുന്നാൾ യിസ്രായേൽ സമൂഹത്തിന് പ്രത്യേകമായ വൈകാരിക അനുഭൂതികൾ ഉളവാക്കുന്നതായിരുന്നു. പെസഹയുടെ കാലമാകുമ്പോൾ യെരുശലേം നഗരം ഒരു മനുഷ്യ മഹാസമുദ്രമായി മാറിയിരുന്നു.

യെഹൂദ ചരിത്രകാരനായ ജൊസിഫസ് പറയുന്നത് ഏകദേശം 27 ലക്ഷംആളുകൾ പെസഹാ ആചരിക്കുന്നതിനായി യെരുശലേമിൽ കൂടുമായിരുന്നു എന്നാണ്. പട്ടണത്തിന് ഉൾക്കൊള്ളുവാൻ സാധിക്കാത്ത ജനപ്രവാഹം. മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിപ്പോയിരുന്ന യെഹൂദ സമൂഹം വളരെ താൽപ്പര്യത്തോടെ പെരുന്നാളിനു് എത്തിച്ചേരുവാൻ ശ്രമിച്ചിരുന്നു. ഇപ്രകാരമുള്ള ഒരു ചരിത്ര സംഗമത്തിലാണ് യേശു യെരുശലേമിലേക്ക് യാത്ര ചെയ്യുന്നത്. പെസഹയുടെ കാലം ആഗതമാകുമ്പോൾ പ്രകൃതിയിൽ പോലും പ്രത്യക്ഷമായ ചില മാറ്റങ്ങൾ ദൃശ്യമായിരുന്നു. മുന്തിരിവള്ളികളിൽ പൂക്കൾ വിരിയുകയും, ഈന്തപ്പനകൾ തളിർത്തു് സമൃദ്ധമാകുകയും, കായ്കൾ വിരിയിക്കുവാൻ സജ്ജമാകുകയും ചെയ്യും.അതോടൊപ്പം മർത്യ മനസ്സുകളിൽ ആനന്ദത്തിന്റെയും, ആത്മികതയുടെയും തിരകളുയർത്തുന്ന നാളുകൾ. ഇപ്രകാരമുള്ള പെസഹയുടെ ദിനങ്ങൾ യേശു തന്റെ ഇതിഹാസ യാത്രയ്ക്കായി തെരഞ്ഞെടുത്തത്  യാദൃഛികമായി കാണാനാവില്ല.

പെസഹാ തികച്ചും സന്തോഷത്തിന്റെയും ,വിമോചനത്തിന്റെയും, സ്മരണകൾ ഉണർത്തിയിരുന്നെങ്കിലും, യേശുവിന്റെ കാലഘട്ടത്തിൽ നീറിപ്പുകയുന്ന രാഷ്ട്രീയ, സമൂഹ്യ, ആത്മിയ, സാഹചര്യങ്ങൾ നിലനിന്നിരുന്നു. മുഖ്യമായ മൂന്ന് കാര്യങ്ങൾ അവരെ അസ്വസ്തരാക്കി അവ(1 ) ക്രൂരമായ റോമൻ ഭരണം ( 2 ) സാമൂഹ്യമായ അടിച്ചമർത്തൽ (3) മതത്തിന്റെ സങ്കീർണ്ണമായ നിയമങ്ങൾ എന്നിവയായിരുന്നു. ഇത്തരം അമിക്കയറുകളാൽ ബന്ധിതമാക്കപ്പെട്ട ഒരു ജനതയുടെ ഉൾരോദനമാണ് ഈ യാത്രയിൽ അവർ ഉയർത്തുന്ന “രക്ഷിക്ക” എന്നർത്ഥമുള്ള “ഹോശാന”. ഇപ്രകാരം വൈവിധ്യമാർന്ന ചിന്തകളുടെയും, വൈകാരിക ഭാവങ്ങളുടെയും മധ്യത്തിൽ യേശു ആഗതനാകുമ്പോൾ “ഇവൻ ആർ ” എന്നു ചോദിച്ചത് ഒരു വലിയ പ്രതീക്ഷയേശുവിൽ കണ്ടതിനാലാണ് (മത്തായി 21.10 ). ഇത്‌  പെട്ടെന്നുണ്ടായ ഒരു ചോദ്യമായി കാണുവാൻ കഴിയില്ല. ഇതിനോടകം അവർ യേശുവിനെ കുറിച്ച് വളരെ അറിഞ്ഞിരുന്നു. അവ, പീഡിതരുടെ പക്ഷത്തു നിൽക്കുന്നവൻ, നിരാലംബരുടെ കണ്ണീരൊപ്പുന്നവൻ, ഭരാതിതർക്ക് അത്താണി, സൗഖ്യദായകൻ, തുടങ്ങിയവയായിരുന്നു. ഇവിടെ ഒരു വലിയ വിമോചകനെ യേശുവിൽ ഈ സമൂഹം ദർശിച്ചതിനാൽ ഒരേ സ്വരത്തിൽ ഹോശാന എന്ന്‍  ജനക്കൂട്ടം ആർത്തു. ഒരു രാഷ്ട്രീയ മശിഹായെയാണ് വീഥിയിലെ ജനം കണ്ടത്. എല്ലാം തച്ചുടച്ച് പുതിയ ഭരണം നിർവഹിക്കുന്ന രാജാവ്. എന്നാൽ അവരുടെ ധാരണകളെ തിരുത്തുന്ന സമീപനമാണു് യേശു സ്വീകരിച്ചത്. ലോക രക്ഷകന്റെ ദൗത്യം എന്താകുന്നു എന്ന്‍ തന്റെ പ്രവർത്തനങ്ങളിൽ കൂടെ ദൃശ്യമാക്കുവാൻ യേശു ശ്രമിച്ചു. അവ നമ്മുടെ ചിന്തകൾക്കു് വിഷയമാക്കുന്നത് ഉത്തമമായിരിക്കും.

സമാധാനത്തിന്റെ വിപ്ലവ നായകൻ

യേശു വാഹന മൃഗമായി കഴുതയെ തെരഞ്ഞെടുക്കുമ്പോൾ വ്യക്തമായ ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. രാജാക്കന്മാർ യുദ്ധത്തിനു് അശ്വാരൂഡരായും, സമാധാന സന്ധി ആലോചകൾക്കു് കഴുതപ്പുറത്തുമാണ് യാത്ര ചെയ്യുന്നത്. കുതിരയെ യുദ്ധത്തിന്റെയും പോരാട്ടത്തിന്റെയും, രാജകീയ പ്രൗഡിയുടെയും പ്രതീകമായി ചിത്രീകരിച്ചിരുന്നു. എല്ലാ സംസ്കാരങ്ങളിലും ഇത് കാണുവാൻ കഴിയും പി.ഉദയഭാനുവിന്റെ ഒരു കവിതയിൽ ഇതു് അവതരിപ്പിക്കുന്നുണ്ട്.

“സൈന്യത്തിലെ കുതിര

പോരാളിയുടെ വീര്യം

രാജ ചിഹ്നത്തിന്റെ കുന്തമുന

വിജയിക്കും, പരാജിതനുമിടയിൽ

കുളമ്പടിക്കുന്ന കർമ്മകാണ്ഡം”

ഇതായിരുന്നു കുതിരയെക്കുറിച്ചുള്ള സങ്കല്പം. എല്ലാ ധാരണകളെയും തിരുത്തിക്കൊണ്ട്  കഴുതപ്പുറത്ത് യാത്ര ചെയ്തു് തന്റെ ദൗത്യം എന്താണെന്ന്‍  വ്യക്തമാക്കുന്നു. ഇത്  വ്യത്യസ്തമാണെങ്കിലും ഏവരാലും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. മഹാകവി പുത്തൻകാവ് മാത്തൻ തരകൻ “വിശ്വ ദീപം” എന്ന മഹാ കാവ്യത്തിൽ ഈ സംഭവം അവതരിപ്പിക്കുന്നത്  ഈ വിധമാണ്.

“കഴുതപ്പുറത്തീശൻ കയറി ജനാവലി

കരയും, കവിഞ്ഞേറും കടലെന്ന പോലായി

മാർഗ്ഗ പാർശ്വത്തിൽ നിന്ന വൃക്ഷങ്ങൾ

ജഗന്നാഥ മൂർദ്ധാവിൽ നിരന്തരം വർഷിച്ചു

സുമോൽക്കരം

വയലിൽ തൃണം തിന്നു നിന്ന ഗോവൃന്ദം

ശിരസ്സുയർത്തിപ്പാഞ്ഞടുത്തു

ക്രിസ്തുവിൻ സവിധത്തിൽ “.

ഇപ്രകാരം സവിശേഷതകൾ നിറഞ്ഞ ഒരു വിപ്ലവ നായകനായി യേശു ജനമധ്യത്തിൽ ആഗതനാകുന്നു. രക്തരൂക്ഷിത വിപ്ലവം കണ്ട ലോകത്തിനു് ഇതു് മനസ്സിലാക്കാൻ പ്രയാസമായിരുന്നു. “വിപ്ലവം” എന്ന വാക്കിന്റെ ശരിയായ അർത്ഥം – പരിവർത്തനം -എന്നാണ്. അതു് പ്രാവൃത്തികമാക്കുവാൻ സ്വീകരിക്കുന്ന മാർഗ്ഗമാണ് പ്രശ്ന കാരണമാകുന്നതു്. രൂപാന്തരത്തിന്  വിധേയമാകുന്ന ഒരു സമൂഹത്തിലാണ് സമാധാനം യാഥാർത്ഥ്യമാകുന്നതു്. അതിനായി യേശു തന്റെ വാക്കും പ്രവൃത്തിയും ഒരു പോലെ ഉപയോഗിച്ചു. തന്റെ ആഹ്വാനങ്ങൾ എല്ലാം അതായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ സമാധാനവിപ്ളവത്തിന് വഴി തുറന്നതു് യേശുവാണ്. സമാധാനം അസാധ്യമെന്ന് ലോകം വിലയിരുത്തുമ്പോൾ അതിന്റെ സാധ്യതയെ യേശു ലോകത്തിനു് കാണിച്ചു കൊടുത്തു.മറ്റുള്ളവരുടെ രക്തം ചിന്താതെ തന്റെ ജീവരക്തം കൊണ്ടു് “സമാധാനം” എന്ന മഹത്തായ പദത്തിന് ഒരു പുതിയ ഭാഷ്യം യേശു എഴുതിച്ചേർത്തു. ആരും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ വാഹന മൃഗമാക്കായതിനു് വളരെ സവിശേഷതയുണ്ട്.പുരാതനമായ ഒരു പ്രാർത്ഥന ഇപ്രകാരമാണ് ” മെരുക്കമില്ലാത്ത കഴുതക്കുട്ടിമേൽ ഞെരുക്കമില്ലാതെയിരുന്ന മശിഹാ തമ്പുരാനെ”. മനുഷ്യജീവിതത്തിന്റെ മെരുക്കമില്ലാത്ത അനുഭവങ്ങളെ നിയന്ത്രിച്ചു് അനുഗ്രഹമാക്കുവാൻ യേശുവിന്റെ കരങ്ങൾക്ക് കഴിയും എന്നാണ് ഇവിടെ അർത്ഥമാക്കുന്നതു്. ഈ ദിവ്യാനുഗ്രഹത്തിനു മുമ്പിൽ നമ്മെ സമ്പൂർണ്ണമായി വിധേയമാക്കുമ്പോൾ നാം അനുഗ്രഹീതരാകും. ഒരു വേദപഠിതാവ് പറയുന്നത് “It was a last invitation to men to open not their palaces,but their hearts to Him.”സമാധാനം ഭഞ്ജിക്കുന്നവരും, അതു് പ്രഹസനമാക്കുന്നവരും ലോകത്തിൽ വർദ്ധിച്ചുവരികയാണ്. ഒരു കയ്യിൽ സമാധാനത്തിന്റെ വെള്ളരിപ്രാവും, മറുകയ്യിൽ ആറ്റംബോംബും പിടിച്ച് കൊണ്ട് നിൽക്കുന്ന രാഷ്ട്ര നായകന്മാർ സമാധാനത്തെ മരീചികയാക്കി മാറ്റുകയാണ്. “ലോകാ സമസ്താ സുഖിനോ ഭവന്തു ” ഏവർക്കും ക്ഷേമം വരട്ടെ എന്നു പ്രാർത്ഥിച്ച ഭാരതത്തിൽ ഈ പ്രാർത്ഥന ഇന്ന്‍  അന്വർത്ഥമാണോ? മറുതലിച്ചു പോകുന്ന ലോകത്തെ കണ്ടുകൊണ്ടു് കരയുന്ന യേശുവിനെ നാം ഈ സംഭവത്തിൽ കാണുന്നു. വി: ലൂക്കോ.19.41,42, ൽ കാണുന്നത്  “അവൻ നഗരത്തിന് സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ച് കരഞ്ഞു: ഈ നാളിൽ നിന്റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു് നിന്റെ കണ്ണിന് മറഞ്ഞിരിക്കുന്നു. “മുന്നറിയിപ്പുകളെ അവഗണിച്ച യെരുശലേം നഗരത്തിന് സംഭവിച്ച പതനത്തെക്കുറിച്ച് ” “History of The Jewish War ” എന്ന ഗ്രന്ഥത്തിൽ Josephus രേഖപ്പെടുത്തുന്നതു് ഇപ്രകാരമാണ്. “വിശുദ്ധ സ്ഥലം കത്തിയെരിയുമ്പോൾ പ്രായത്തോടു് അനുകമ്പയോ പദവിയോട് ബഹുമാനമോ കാണിച്ചില്ല. കുട്ടികളും, പ്രായമുള്ളവരും, പുരോഹിതരും ഒന്നുപോലെ കൊല ചെയ്യപ്പെട്ടു.ഗോപുരങ്ങളിൽ ഏറ്റവും ഉയർന്നതും, നഗരത്തിന്റെ പടിഞ്ഞാറുള്ള മതിലും ഒഴികെ മുഴുനഗരവും, ദൈവാലയവും, ഇടിച്ചു നിരത്തി. പട്ടണത്തിൽ മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് സന്ദർശകർക്കു് തോന്നാതിരിക്ക തക്കവണ്ണം നഗരത്തിന്റെ എല്ലാ മതിലുകളും പൂർണ്ണമായി നശിപ്പിച്ചു “. നിർദ്ദേശങ്ങളെ പിൻതള്ളി ഇഷ്ടമുള്ള വഴികളെ തെരഞ്ഞെടുത്ത ജനതയുടെ അപചയത്തിന്റെ ചരിത്രമാണ് ഇവിടെ കാണുന്നത്. എക്കാലവും ഇതു് ഒരു മുന്നറിയിപ്പാണ്.അനുഗ്രഹത്തിന്റെയും നന്മയുടെയും, സമാധാനത്തിന്റെയും, വഴികളിൽ കൂടെ നാം യാത്ര ചെയ്തു ഈ ഭൂമിയെ ദൈവരാജ്യ അനുഭവത്തിലേക്കു് നയിക്കുവാനുള്ള ദൗത്യമാണ് യെരുശലേമിലേക്ക് ആഗതനാകുന്ന മശിഹാ രാജാവായ യേശു നമ്മെ ഭരമേല്പിക്കുന്നത്.

ദൈവാലയത്തെ ശുദ്ധീകരിക്കുന്ന യേശു

കർത്താവിന്റെ ജൈത്രയാത്ര സമാപിക്കുന്നത്  ദൈവാലയത്തിലാണ്. അവിടെ യേശു നിർവഹിച്ച ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പരാമർശിക്കാതെ ഈ സംഭവത്തെ വിശകലനം ചെയ്യുവാൻ സാധ്യമല്ല. സുവിശേഷകർ വളരെ പ്രാധാന്യതയോടെ ഇത്  രേഖപ്പെടുത്തുന്നു. ദൈവാലയ ശുദ്ധീകരണം എന്നാണ് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ദൈവാലയം ദൈവസാന്നിധ്യത്തിന്റെ ശക്തമായ പ്രതീകവും, മനുഷ്യന്  ദൈവാനുഭവം പകരുവാനുള്ള ഇടവുമായിരുന്നു. എന്നാൽ ആ വിശുദ്ധ സ്ഥലത്തിന് സംഭവിച്ച പരിതാപകരമായ അവസ്ഥയിൽ സഹതപിക്കുന്ന കർത്താവിനെയാണ് ഇവിടെ കാണുന്നതു്. ഇതു് ഉദാഹരിക്കുവാൻ കർത്താവ്  പറയുന്ന വാക്കുകൾ ഒട്ടും മാർദ്ദവമില്ലാത്തതായിരുന്നു. “എന്റെ ആലയം പ്രാർത്ഥനാലയം എന്നു് വിളിക്കപ്പെടും എന്ന്‍  എഴുതിയരിക്കുന്നു. നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി തീർക്കുന്നു എന്നു് പറഞ്ഞു. “വി. മത്തായി. 21.13. തസ്കരന്മാർ മോഷണ വസ്തുക്കളുമായി ഗുഹകളിൽ പ്രവേശിച്ച് അവിടെ മ്ലേഛമായി ജീവിക്കുന്നതിനെയാണ് ഇവിടെ ഉദാഹരിക്കുന്നതു്. മഹാനായ ഹെരോദാവിന്റെ കാലത്തു് ഇത്തരം ഗുഹകളിൽ പാർത്തിരുന്ന കള്ളന്മാർ അദ്ദേഹത്തിനെതിരായി മൽസരിച്ച് അദ്ദേഹത്തിന്റെ അധികാരത്തെ ചോദ്യം ചെയ്തു. (Josephus) ഈ പശ്ചാത്തലത്തിലായിരിക്കാം യേശു ഇപ്രകാരം പറയുന്നതെന്ന് വ്യഖ്യാതാവായ A. Carr അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം തസ്കരവീരന്മാരുടെ ജീവിതവും പ്രവർത്തനങ്ങളും എല്ലാവരും വെറുത്തിരുന്നു. ദൈവത്തിന്റെ ആലയം ഈ വിധമാകുന്നതിൽ തീവ്രമായ ദു:ഖം പ്രകടിപ്പിക്കുന്ന യേശുവിനെയാണ് ഇവിടെ കാണുന്നത്. കർത്താവിന്റെ ധാർമ്മിക രോഷം ചാട്ടവാർ എടുക്കുവാൻ തക്കവണ്ണം ഉയർന്നു. വൈകല്യങ്ങളെ രൂക്ഷമായി എതിർത്ത്  ഒരു പുതിയ ചിന്താധാര സൃഷ്ടിക്കാൻ യേശു ശ്രമിക്കുന്നു. ആരാധനാലയങ്ങൾ ഭീകര സംഘടനകളുടെ താവളമാക്കുന്ന കാഴ്ച ഇന്ന്‍  ലോകത്തിൽ പലയിടത്തും കാണുന്നു. ഭീകരതയ്ക്കും, അധാർമ്മികതയ്ക്കും, മറയാക്കുവാൻ മതത്തെ ഉപയോഗിക്കുന്നവരുടെ സംഖ്യ വർദ്ധിക്കുകയാണ്. എല്ലാ മതങ്ങളും, നന്മയുടെയും, സമാധാനത്തിന്റെയും, സന്ദേശം നൽകുമ്പോൾ അത് ഗ്രഹിക്കുവാൻ മനുഷ്യന്  സാധിക്കുന്നില്ല എന്ന ദുരവസ്ഥയാണ് ഇന്ന്‍ കാണുന്നത്.

കർത്താവിനെപ്പോലെ ഈ അനുഭവങ്ങളിൽ ധാർമ്മിക ശബ്ദം ഉയർത്തുവാനുള്ള ഉത്തരവാദിത്തം സഭക്ക് ഉണ്ട്  എന്ന വസ്തുത നാം വിസ്മരിക്കരുത്. നന്മയും, സ്നേഹത്തിന്റെ പ്രകാശവുമുള്ള ജീവിതങ്ങൾ കൊണ്ടു മാത്രമേ ഒരു ക്ഷേമരാഷ്ട്രം കെട്ടുപണി ചെയ്യാനാവൂ. മാർട്ടിൻ ലൂഥർ പറയുന്നത് “The Prosperity of a country depends not the abundance of its revenue, not on the strength of its fortification nor on the beauty of its public buildings but it consists in the number of its men of enlightment and character”. എന്നാണ്.ഘടനകളിൽ വ്യത്യാസം ഉണ്ടാകുന്നതു് വ്യക്തികളിൽ വിശുദ്ധി സംരക്ഷിക്കപ്പെടുമ്പോഴാണ്. 1 കൊരി. 3.16 ൽവി: പൌലോസ് “നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?” എന്നു ചോദിക്കുമ്പോൾ, ശരീരമാകുന്ന ദൈവാലയത്തെ ക്കുറിച്ചുള്ള അപ്പോസ്തോലന്റെ ദൈവശാസ്ത്രപരവും, ദാർശനികവുമായ വിചിന്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ശരീരത്തെക്കുറിച്ചുള്ള മനോഹരമായ ഒരു ക്രൈസ്തവ നിർവ്വചനവുമാണിത്.

നമ്മുടെ ശരീരമാകുന്ന ദൈവാലയത്തിൽ യേശു പ്രവേശിക്കുമ്പോൾ ദൃശ്യമാകുന്ന കാഴ്ചകൾ കർത്താവിനു് ദുഃഖം ഉളവാക്കുന്നതാണോ? എബ്രാ 12.14 ൽ നാം വായിക്കുന്നതു് ” ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല”, എന്നാണ്. ആധുനിക സംസ്കാരത്തിന്റെയും, സാമ്പത്തിക വർദ്ധനയുടെയും, തിരത്തള്ളലിൽ അനേകം അശുദ്ധികൾ മനുഷ്യ ജീവിതത്തെ അധമമാക്കുന്നുണ്ട്. അവയെ നാം തിരിച്ചറിയണം. ചാട്ടവാറിന്റെ മൂർച്ചയോടെ അവയെ പുറംതള്ളണം. “ക്രിസ്തു ഗാഥയിൽ “കവി ,മാത്യു ഉലകംതറ , ഈ സത്യത്തെ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്.

“ദേവാലയമല്ലോ മർത്യ ശരീരവും

പാവനം നമ്മുടെ ഗേഹങ്ങളും

കൊള്ളരുതായ്മകൾ മൂലമവയ്ക്കു നാം

തെല്ലുമശുദ്ധി വരുത്തീടൊല്ലാ

ഈശ്വരാരാധനയ്ക്കളോരിടങ്ങളും

വൈശ്യസം കൂടാതെ കാത്തിടേണം.

വല്ലാതനാചാരമോരോന്നു കാട്ടിയാൽ

തെല്ലു മതീശൻ പൊറുക്കയില്ല”.

ജീവിതം വിശുദ്ധമാക്കുന്നതോടൊപ്പം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാലിന്യങ്ങളും, തെറ്റായ ധാരണകളും തിരുത്തണമെന്ന് കർത്താവു് തന്റെ പ്രവർത്തനങ്ങളിൽ കൂടെ വ്യക്തമാക്കുന്നു. യേശുവിന്റെ യാത്ര ദൈവാലയത്തിൽ സമാപിക്കുമ്പോൾ അതുമായി ബന്ധപ്പെടുത്തി വി.മത്തായി മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം ഉണ്ട്. അത്  കുരുടരേയും, മുടന്തരേയും യേശു ദൈവാലയത്തിൽ വെച്ച് സൗഖ്യമാക്കുന്നതാണ്. (വാ.. മത്താ. 21.14) 2. ശമു. 5.6 ൽ ദാവീദ് ദൈവാലയത്തിൽ നിന്നു് കുരുടരെയും മുടന്തരെയും പുറത്താക്കുന്നതായി കാണുന്നു. മാത്രമല്ല അവർക്ക്  അവിടെ പ്രവേശനവുമില്ലായിരുന്നു. എന്നാൽ പ്രതീക്ഷകളുടെ പ്രതീകമായ ദാവീദു പുത്രനായ യേശു തള്ളപ്പെട്ടവർക്ക് സൗഖ്യവും, ദൈവാലയ പ്രവേശനവും നൽകുന്നു. അവർക്കു് അത്താണിയാകുന്ന യേശുവിനെ ഇവിടെ കാണുന്നു. സഭ ഏറ്റെടുക്കേണ്ട ദൗത്യമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. വൈദീക സെമിനാരി ദിനമായി ആചരിക്കുന്ന ഇന്ന്‍ വൈദീക വിദ്യാഭ്യാസം യേശുവിനെ മാതൃകയാക്കാനുള്ള ആഹ്വാനമാണ് നൽകേണ്ടത് . അതിനുള്ള വേദിയായി സെമിനാരികൾ പരിണമിക്കട്ടെ.!! ക്രിസ്തീയതയുടെ മഹിമ കർത്താവിനെ യഥാർത്ഥമായി അറിയുന്ന അനുഭവമാണ്. വേദ വ്യാഖ്യാതവും, പണ്ഡിതനുമായ Dr: Barclay പറയുന്നത് നാം ശ്രദ്ധിക്കുമല്ലോ.”Christianity never consists in knowing about Jesus, it always consists in knowing Jesus”. ഇതാകട്ടെ നമ്മുടെ ജീവിത ലക്ഷ്യം.

റവ. ഡോ. അലക്സാണ്ടര്‍ എ. തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.