ഓശാന അഥവാ ഹോസാന

ഇന്നു ഓശാന ഞായർ. തന്റെ കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലെമിലേക്കു എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസം. വിനീതനായി കഴുതക്കുട്ടിയുടെ പുറത്തു ജറുസലെമിലേക്കു വന്ന അവനെ ഓശാ‍ന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഇന്നേദിവസത്തെ ഓശാന ഞായർ എന്നു വിളിക്കുന്നത്.

ദൈവാലയത്തിലും പ്രാർത്ഥനാകൂട്ടയ്മയിലുമൊക്കെ നാം നിരന്തരം കേൾക്കാറുള്ള ഒരു വാക്കാണ് ഓശാന. എന്താണ് ഇതിന്റെ അർത്ഥം? ക്രിസ്ത്യാനികൾ വളരെയധികം പ്രാധാന്യത്തോടെ തങ്ങളുടെ പ്രാർത്ഥനാജീവിതത്തിൽ ഉപയോഗിക്കുന്ന ഈ വാക്ക് യേശു ജീവിച്ചിരുന്ന ഇസ്രായേലിലെ ഭാഷ ആയിരുന്ന ഹീബ്രൂവിൽനിന്ന് കടംകൊണ്ടതാണ്. ഇസ്രായേൾ ജനതയുടെ പ്രാർത്ഥനയുടെ ഭാഗമായിരുന്നു ഇത്. അതുകൊണ്ടാണ് അവരുടെ പ്രാർത്ഥനാഗീതങ്ങളായിരുന്ന സങ്കീർത്തനങ്ങളിൽ ഈ വാക്ക് അനേകം തവണ പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽനിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. ‘ഹോഷിയാ-ന’ എന്ന ഹീബ്രൂ വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്.  ഇതിനു തത്തുല്യമായ അറമായ വാക്കും ‘ഓശാന’ എന്നു തന്നെയാണ്. ‘രക്ഷിക്കണേ’ / ‘സഹായിക്കണേ’ എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല-അർത്ഥം.

ഇതേ അർത്ഥത്തിൽ തന്നെയാണു പഴയനിയമത്തിൽ ഈ വാക്ക് അധികവും ഉപയോഗിച്ചിരിക്കുന്നതും. “കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!” (സങ്കീ 118:25). ഇതിൽ ഞങ്ങളെ ‘രക്ഷിക്കണമേ’ എന്ന ആദ്യത്തെ യാചനയാണ് ഹീബ്രൂഭാഷയിൽ ‘ഹോഷിയാന’ എന്നു രേഖപ്പെടുത്തിയിരിക്കുന്നത്. ചില പ്രത്യേക തിരുന്നാളുകളിൽ, പ്രത്യേകിച്ച് കൂടാരത്തിരുന്നാളിൽ, ജനം ഈ സങ്കീർത്തനം ആലപിച്ചുപോന്നിരുന്നു. വലിയ പ്രതിസന്ധിയിൽ ദൈവം രാജാവിനും അതുവഴി ജനത്തിനും നൽകിയ രക്ഷയുടെ ചിത്രീകരണമായിരുന്നു ഈ സങ്കീർത്തനം.

കാലക്രമേണ, ഈ സങ്കീർത്തനം മിശിഹായ്ക്കു വേണ്ടിയുള്ള പ്രത്യാശയുടെ ഭാഗമായി. അങ്ങനെ ഇതു മിശിഹായെ അയച്ചു ഞങ്ങളെ രക്ഷിക്കണമേ എന്ന യാചനയായി മാറി. ഈ യാചന പിന്നീട് മിശിഹായ്ക്കുള്ള സ്വാഗതാശംസ ആയി പരിണമിച്ചു. അങ്ങനെ ഓശാന ഒരു ജയ് വിളിയായി മാറി. സങ്കീർത്തനം 118:26 കൂടി ഉൾപ്പെട്ടതായിരുന്നു മിശിഹായുടെ ജയ്‌വിളി. “കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ’ എന്ന ഈ വാക്യം ആവർത്തിച്ചുകൊണ്ടാണ് ജനം യേശുവിനെ സ്വീകരിച്ചത്. ‘മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിൻ, ബലിപീഠത്തിലേക്ക് നീങ്ങുവിൻ’ (സങ്കീ 118:27) എന്ന ആഹ്വാനം ഓർമ്മിപ്പിക്കുന്ന സ്വീകരണമാണ് യേശുവിനു ജറുസലെമിൽ ലഭിച്ചത്.

കൂടാ‍രത്തിരുന്നാളിന്റെ ഭാഗമായ ഒരു ചടങ്ങിൽ ഈ സങ്കീർത്തനം ആലപിച്ചിരുന്നു. മിശിഹായ്ക്കു വേണ്ടിയുള്ള ഇസ്രായേൽ സമൂഹത്തിന്റെ ഭാഗമായിരുന്നു അത്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നു രക്ഷപെട്ടു പോന്ന ഇസ്രായേൽ ജനം മരുഭൂമിയിൽ കൂടാരങ്ങളിൽ താമസിച്ചിരുന്നതിന്റെ ഓർമ്മയ്ക്കായിട്ടാണ് കൂടാരത്തിരുന്നാൾ ആഘോഷിച്ചിരുന്നത്. തിരുന്നാളിന്റെ എട്ടുദിവസം ഇസ്രായേൽക്കാരെല്ലാവരും കൂടാരങ്ങളിൽ ആയിരുന്നു വസിച്ചിരുന്നത്. പഴങ്ങളുടെ വിളവെടുപ്പിനു ശേഷമായിരുന്നു ഈ തിരുന്നാൾ ആഘോഷിച്ചിരുന്നത് (ലേവ്യർ 23:33-34). ഹീബ്രൂ കലണ്ടർ അനുസരിച്ച് ഏഴാം മാസമായ തിഷ്റി (സെപ്റ്റംബർ-ഒക്ടോബർ)യിൽ ഒരു സാബത്തിൽ തുടങ്ങി മറ്റൊരു സാബത്തുവരെയാണ് ഈ തിരുന്നാൾ. തിരുന്നാളിന്റെ ആദ്യദിവസങ്ങളിൽ വിശുദ്ധവസ്ത്രങ്ങൾ അണിഞ്ഞ് പുരോഹിതൻ ദൈവാലയത്തിൽനിന്ന് പ്രദക്ഷിണമായി വന്ന് ശീലോഹാ കുളത്തിൽനിന്ന് വെള്ളിക്കലത്തിൽ വെള്ളംനിറച്ച് ദൈവാ‍ലയത്തിലേക്ക് മടങ്ങും. ഈന്തപ്പനയോലയും പച്ചിലക്കമ്പുകളും കൂട്ടിക്കെട്ടിയുണ്ടാക്കിയ ചെറിയ കറ്റകൾ (ഹീബ്രുവിൽ ലുലാബ്) ഉയർത്തിപ്പിടിച്ച് ജനം പ്രദക്ഷിണത്തിൽ പങ്കുചേർന്നിരുന്നു. പുരോഹിതൻ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുമ്പോൾ ജനം കറ്റകൾ ഉയർത്തിവീശി ‘ഹോഷിയാന’ എന്നു ആർത്തുവിളിച്ചിരുന്നു. ഈ ചടങ്ങുകളെയും ആർപ്പുവിളികളെയും അനുസ്മരിപ്പിക്കുന്നതാണ് യേശുവിന് ജറുസലെമിൽ ലഭിച്ച സ്വീകരണം (യോഹ 12:13 / മത്തായി 21:9). യേശുവിനെ ദാവീദിന്റെ പുത്രനും ഇസ്രായേൽ പ്രതീക്ഷിച്ചിരുന്ന രാജാവും രക്ഷകനുമായി ജനം എതിരേൽക്കുന്നതിന്റെ പ്രകടനമായിരുന്നു അത്.

പുതിയനിയമത്തിൽ ഓശാന എന്ന വാക്കിനു പഴയനിയമത്തിലെ ‘രക്ഷിക്കണേ’ എന്നുള്ള യാചനയേക്കാൾ ആഘോഷത്തിന്റെ ആർപ്പുവിളികളുടെ അർത്ഥമാണ് ലഭിച്ചിരിക്കുന്നത്. “യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!” (മത്തായി 21:9). “അവന്റെ മുമ്പിലും പി മ്പിലും നടന്നിരുന്നവര്‍ വിളിച്ചുപറഞ്ഞു:ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! നമ്മുടെ പിതാവായ ദാവീദിന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളില്‍ ഹോസാന!” (മർക്കോസ് 11:9-10) എന്നീ വചനഭാഗങ്ങൾ ഇതിനു തെളിവാണ്. തങ്ങൾ പ്രതീക്ഷിച്ചിരുന്ന മിശിഹായായി യേശുവിനെ ജനം അംഗീകരിക്കുന്നതിന്റെ തെളിവായിരുന്നു ‘ഓശാന’ വിളികളോടുകൂടെയുള്ള ഈ ജയ്‌വിളികൾ.

ഈ ഓശാന ഞായറാഴ്ച യേശുവിനെ മിശിഹായായി നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സഭയിലും സമൂഹത്തിലുമൊക്കെ സ്വീകരിക്കുവാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ.

എല്ലാവർക്കും നന്മനിറഞ്ഞ ഓശന തിരുന്നാൾ ആശംസകൾ!

ഫാ. ബിബിൻ മഠത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.