രണ്ടു മലയാളി സന്യാസിനിമാർക്ക് ഇറ്റലിയിൽ ആദരവ്: പാതകൾക്ക് സിസ്റ്റേഴ്‌സിന്റെ പേരുകൾ നൽകി

കോവിഡ് രോഗികളുടെ ഇടയിലെ സ്തുത്യർഹമായ സേവനത്തിന് മലയാളികളായ സന്യാസിനിമാർക്ക് ഇറ്റലിയിൽ ആദരവ്. കമില്ലസ് സന്യാസിനീ സമൂഹാംഗങ്ങളായ സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴിയിൽ, സിസ്റ്റർ തെരേസ് വെട്ടത്ത് എന്നിവർ ആണ് ഇറ്റലിയിൽ ആദരവ് നേടി മലയാള മണ്ണിന്റെയും കത്തോലിക്കാ സന്യാസത്തിന്റെയും യശ്ശസുയർത്തിയത്.

ഈ സന്യാസിനിമാരുടെ സേവനങ്ങളോടുള്ള ബഹുമാനാർത്ഥം സാക്രോഫാനോ മുനിസിപ്പാലിറ്റിയിലെ രണ്ടു റോഡുകൾക്ക് താൽക്കാലികമായി ഇവരുടെ പേരു നൽകിയിട്ടുണ്ട്.

റോമിനടുത്തുള്ള കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ ‘മാദ്രെ ജൂസെപ്പീന വന്നീനി ആശുപത്രി’ – യിൽ ഇരുപതോളം വർഷങ്ങളായി ശുശ്രൂഷ ചെയ്യുകയാണ് ഇവർ. ഇവരോടൊപ്പം ഇതേ ആശുപത്രിയിൽ ശുശ്രൂഷ ചെയ്യുന്ന ബുർക്കീനാ ഫാസോ എന്ന ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള സിസ്റ്റർ സബീനയ്ക്കും മറ്റു അഞ്ചു നേഴ്സ്‌മാർക്കും ഇതേ ആദരവ് ലഭിച്ചു. ഇറ്റലിയിൽ ആദ്യമായി കൊറോണ വൈറസിന്റെ സാന്നിധ്യം ഒരു രോഗിയിൽ തിരിച്ചറിഞ്ഞ  വനിതാ ഡോക്ട്റും ഇവരോടൊപ്പം ആദരവിന്‌ അർഹയായി.

സാക്രോഫനോ മുനിസിപ്പാലിറ്റിയാണ് മാർച്ച് എട്ടാം തീയതി ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിച്ചത്. മേയറിന്റെ നേതൃത്വത്തിൽ, ഒൻപതുപേരുടെയും പേരിൽ ഓരോ റോഡും താൽക്കാലികമായി സമർപ്പിക്കപ്പെട്ടു.

മാനന്തവാടി രൂപതയിലെ ചുങ്കക്കുന്ന് സ്വദേശിനിയാണ് ഡെയ്സി അണ്ണാത്തുകുഴിയിൽ. മാനന്തവാടി രൂപതയിലെ തന്നെ കൊട്ടിയൂർ നെല്ലിയോടി സ്വദേശിനിയാണ് സിസ്റ്റർ തെരേസ് വെട്ടത്ത്.

വി. കമില്ലസിന്റെ ആദ്ധ്യാത്മികതയിൽ അടിസ്ഥാനമാക്കി വാ. ലൂയി ടെസയും വാ. ജുസേപ്പീന വന്നീനിയും ചേർന്ന് സ്ഥാപിച്ച സന്യാസിനി സമൂഹമാണ് ‘ഡോട്ടേഴ്സ് ഓഫ് സെന്റ് കമിലസ്’.

ഡോട്ടേഴ്സ് ഓഫ് സെന്റ് കമിലസിനെക്കുറിച്ചു കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക. 

https://www.lifeday.in/lifeday-giuseppina-vannini-in-the-category-of-saints/  

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.