മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ സ്ഥാപനത്തിൽ കൊറോണ ബാധ: മൂന്നാഴ്ചയ്ക്കുള്ളിൽ എല്ലാവർക്കും രോഗവിമുക്തി  

ഇന്ത്യയിൽ, മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ സേവനം ഈ കൊറോണ ദിനങ്ങളിൽ മറക്കാനാവാത്തതാണ്. സ്വന്തം ജീവൻപോലും പണയം വെച്ചുകൊണ്ട് ഇവരുടെ തന്നെ സ്ഥാപനത്തിലെ കൊറോണ ബാധിതരായ പാവപ്പെട്ടവരായ രോഗികളെ ഇവർ ശുശ്രൂഷിക്കുന്നു. ദരിദ്രരും ഭവനരഹിതരുമായ 45 സ്ത്രീകളെ മൂന്നാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസിൽ നിന്ന് രക്ഷിക്കുവാൻ ഇവർക്കു കഴിഞ്ഞു.

താദിവാല റോഡിൽ സ്ഥിതി ചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിന്റെ ഭവനം പൂനെ രൂപതയിൽ മൂന്ന് സ്ഥലങ്ങളിൽ ആണുള്ളത്. അവിടെ ഈ സന്യാസിനിമാർ ദരിദ്രരുടെയും അനാഥരുടെയും  വികലാംഗരുടെയും ഇടയിൽ സേവനം ചെയ്യുന്നു. നിലവിൽ വൈദികരും സന്യാസിനിമാരും സന്നദ്ധപ്രവർത്തകരും ഭവനരഹിതരായ 70 ഓളം സ്ത്രീകൾക്ക് താമസ സ്ഥലവും പരിചരണവും നൽകുന്നുണ്ട്.

ഓഗസ്റ്റ് ഒന്നിനാണ് ഈ പുനരധിവാസ കേന്ദ്രത്തിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് നടന്ന പരിശോധനയിൽ 70 സ്ത്രീകളിൽ 45 പേർക്കും രോഗം ബാധിച്ചതായി കണ്ടെത്തി. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കുവാൻ അവരെ സമ്പർക്ക സാധ്യതയിൽ നിന്ന് ഒഴിവാക്കുകയും രോഗം മൂർച്ഛിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അദ്‌ഭുതകരമായി മൂന്ന് ആഴ്ചയ്ക്കുള്ളിൽ എല്ലാവരും സുഖം പ്രാപിക്കുകയും പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്തു.

ഇന്ത്യയിൽ കൊറോണ വൈറസ് അതിവേഗം പടർന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏകദേശം 30 ലക്ഷം പേർ രോഗബാധിതരാവുകയും അമ്പതിനായിരത്തിലധികം പേർ വൈറസ് ബാധയാൽ മരിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.