ഉണ്ണിയേശുവിനെ വരവേൽക്കാൻ തെരുവിൽ പുൽക്കൂടൊരുക്കിയ ഭവനരഹിതരായ ദമ്പതികൾ

നക്ഷത്രങ്ങളുടെ തിളക്കവും പുൽക്കൂടിന്റെ സൗന്ദര്യവും ഭവനങ്ങളെ അണിയിച്ചൊരുക്കുന്ന സമയമാണ് ക്രിസ്തുമസ്. ഈ ക്രിസ്തുമസ് കാലത്ത് ഭവനരഹിതരായിട്ടുള്ളവർക്കുമുണ്ട് ചില ആഘോഷങ്ങൾ. അവർ തെരുവിൽ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ വരവേൽക്കുകയാണ്. കൊളംബിയയിലെ ദമ്പതിമാരായ ഇമ്മാനുവേലും ഗ്ലോറിയയും ഇത്തവണയും പുൽക്കൂടൊരുക്കിയത് തെരുവിലാണ്.

ഇമ്മാനുവേലും ഗ്ലോറിയയും 23 വർഷങ്ങളായി തെരുവിലാണ് താമസിക്കുന്നത്. അവിടെ അവർക്ക് ചെറിയൊരു കുടിലുണ്ട്. ഈ കുടിലിലാണ് വെയിലിലും തണുപ്പിലും അവർ കഴിയുന്നത്.

എല്ലാ വർഷവും മുടക്കം വരുത്താതെ ഈ ദമ്പതികൾ ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. തെരുവിൽ, തങ്ങളുടെ കുടിലിനോടു ചേർന്ന് അവർ ഒരു പുൽക്കൂട് നിർമ്മിക്കും. എൽ ഇ ഡി ലൈറ്റുകളും പൂമാലകളും കൊണ്ട് നല്ലതുപോലെ അലങ്കരിക്കും. ആർക്കും ഇഷ്ടപ്പെടും അവരുടെ ഈ കൊച്ചു പുൽക്കൂട്. മറ്റൊരു പ്രത്യേകത, തെരുവിൽ നിന്ന് ശേഖരിക്കുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് അവർ ഇത് നിർമ്മിക്കുന്നത് എന്നതാണ്.

എല്ലാ വർഷവും പുൽക്കൂട് നിർമ്മിക്കാറുള്ള ഇമ്മാനുവേലിനും ഗ്ലോറിയക്കും 2020 – ൽ പുൽക്കൂട് നിർമ്മിക്കാൻ സാധിച്ചില്ല. കൊറോണ പകർച്ചവ്യാധിയായിരുന്നു അതിനു കാരണം. അത് അവർക്ക് വളരെയേറെ വേദനയുളവാക്കി. എന്നാൽ ഈ വർഷം അവർ നിർമ്മിച്ചു; ഉണ്ണിയേശുവിന് ഒരു വീട്. ഒരു ചുമർചിത്രത്തിന്റെ പിന്നിലായിട്ടാണ് ഈ പുൽക്കൂട് അവർ സ്ഥാപിച്ചത്. “ഞങ്ങളുടെ മനസ്സിൽ എപ്പോഴും ക്രിസ്തുമസ്സിന്റെ ചൈതന്യമുണ്ട്” – ഈ ദമ്പതികൾ പറയുന്നു.

കൊളംബിയൻ തെരുവുകളുടെ ഒരു പാരമ്പര്യമാണ് അവിടെ ഒരുക്കപ്പെടുന്ന പുൽക്കൂട്. ധാരാളം സഞ്ചാരികളെ അത് ആകർഷിക്കുന്നുണ്ട്. തങ്ങളുടെ പുൽക്കൂട് എല്ലാവരുടെയും വീടായിരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ബൊഗോട്ടിന്റെ മധ്യഭാഗത്ത് കരേര 34 -ലെ ആറാം സ്ട്രീറ്റിനു സമീപമാണ് ഈ ദമ്പതിമാരുടെ പുൽക്കൂടും വീടും. പുതിയ പ്രതീക്ഷകളുണർത്തുന്ന ഒരു ക്രിസ്തുമസ് ആയിരിക്കും ഈ വർഷത്തേതെന്ന് ഈ ദമ്പതികൾ ഉറച്ചു വിശ്വസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.