സ്പാനിഷ് ചത്വരത്തിലെ അമലോത്ഭവത്തിരുനാളിന് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കും

ഡിസംബര്‍ 8-Ɔο തിയതി ശനിയാഴ്ച വൈകുന്നേരമാണ് സ്പാനിഷ് ചത്വരത്തില്‍ റോമാനഗരവാസികള്‍ അമലോത്ഭവ തിരുനാളിനു ഫ്രാന്‍സിസ് പപ്പാ നേതൃത്വം നല്‍കും. വത്തിക്കാനില്‍നിന്നും ഏകദേശം 6 കിലോമീറ്റര്‍ ദൂരം കാറില്‍ സഞ്ചരിച്ച് ഡിസംബര്‍ 8, ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് പ്രശസ്തമായ സ്പാനിഷ് ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസ് എത്തിച്ചേരും.

സ്പാനിഷ് ചത്വരത്തിലെ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ (Congregation for the Evangelization of Peoples) കാര്യാലയത്തിനു മുന്നില്‍ സ്ഥാപിതമായിട്ടുള്ള ചരിത്രപ്രാധാന്യമുള്ള മേരിയന്‍ സ്തൂഭത്തിലെ അമലോത്ഭവനാഥയുടെ തിരുസ്വരൂപത്തില്‍ പുഷ്പചക്രം ചാര്‍ത്തിയശേഷം, ലുത്തീനിയ പ്രാര്‍ത്ഥന നയിക്കുന്ന പാപ്പാ മേരിയന്‍ പ്രഭാഷണം നടത്തും.

റോമാനഗര വാസികളുടെയും ലോകത്തിന്‍റെയും സമാധാന സുസ്ഥിതിക്കുവേണ്ടി അമലോത്ഭവനാഥയോടുള്ള മാദ്ധ്യസ്ഥപ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് തുറസ്സായ വേദിയില്‍ നടത്തുന്ന ഹ്രസ്വമെങ്കിലും മനോഹരമായ പ്രാര്‍ത്ഥനാശുശ്രൂഷ പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിക്കുന്നത്. റോമാ രൂപതയുടെ മെത്രാനായ പാപ്പാ നയിക്കുന്ന നഗരമദ്ധ്യത്തിലെ അമലോത്ഭവത്തിരുനാളില്‍ മേയരും, പൗരപ്രമുഖരും, റോമാരൂപതയുടെ വികാരി ജനറലും വത്തിക്കാന്‍റെ പ്രതിനിധികളും ജനങ്ങള്‍ക്കൊപ്പം പങ്കെടുക്കുന്നത് പതിവാണ്.

സമാപനാശീര്‍വ്വാദത്തെ തുടര്‍ന്ന്, അവിടെയെത്തുന്ന രോഗികളെയും വയോജനങ്ങളെയും സന്ദര്‍ശിച്ച് ആശീര്‍വ്വദിച്ച ശേഷമായിരിക്കും പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങുന്നത്. രണ്ടു നൂറ്റാണ്ടില്‍ അധികമായി എല്ലാ ഡിസംബര്‍ 8-നും പത്രോസിന്‍റെ പിന്‍ഗാമിക്കൊപ്പം റോമിലെ ജനങ്ങള്‍ സ്പാനിഷ് ചത്വരത്തില്‍ സമ്മേളിച്ച് അമലോത്ഭവസത്യം ഏറ്റുപറയുന്ന പാരമ്പര്യം ഇന്നും തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.