
ഡോ. പോൾ കുഞ്ഞാനായിൽ എം. സി. ബി. എസ്.

മാര്‍ച്ച് 25-ന് തിരുസഭ മംഗളവാര്‍ത്താ തിരുനാളായി ആചരിക്കുന്നു. ദൈവം മനുഷ്യനായി അവതരിക്കാന്‍ പോകുന്നു എന്നുള്ള വലിയ സന്തോഷ വാര്‍ത്ത പരിശുദ്ധ കന്യകാമറിയത്തിലൂടെ മനുഷ്യവംശത്തിനു ലഭിച്ചതിനെയാണ് ഈ തിരുനാളില്‍ നാം അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യുന്നത്. പരിശുദ്ധ കന്യകാമറിയത്തിനു ലഭിച്ച മംഗളവാര്‍ത്ത ലൂക്കാ 1: 26-38-ല്‍ വിവരിച്ചിരിക്കുന്നു. അതു തുടങ്ങുന്നത് ഇങ്ങനെയാണ്: “ആറാം മാസം ഗബ്രിയേല്‍ ദൂതന് ഗലീലിയില്‍ നസ്രത്ത് എന്ന പട്ടണത്തില്‍, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താല്‍ അയയ്ക്കപ്പെട്ടു.”
മറിയം മംഗളവാര്‍ത്താ സ്വീകരിക്കുന്ന സ്ഥലം സുവിശേഷകന് നസ്രത്ത് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. പഴയനിയമത്തില്‍ ഒരിക്കല്‍പ്പോലും കാണാത്ത പേരാണ് നസ്രത്ത്. ആദ്യമായി നസ്രത്ത് എന്നുള്ള പേര് ബൈബിളിൽ പ്രത്യക്ഷപ്പെടുന്നത് സുവിശേഷങ്ങളിലാണ്. തിരുക്കുടുംബം ഈജിപ്തിൽ നിന്ന് തിരിച്ചുവന്ന് നസ്രത്തില്‍ താമസിക്കുന്നതിനെ മത്തായി ഇങ്ങനെ അവതരിപ്പിക്കുന്നു: “അവന് നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന് വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, നസ്രത്ത് എന്ന പട്ടണത്തില്‍ അവന് ചെന്നു പാര്‍ത്തു” (മത്തായി 2:23). നസ്രത്തിനെക്കുറിച്ചുള്ള രസകരമായ ഒരു ചോദ്യം യോഹന്നാന്റെ സുവിശേഷം അവതരിപ്പിക്കുന്നു: “നഥാനിയേല്‍ ചോദിച്ചു നസ്രത്തില്‍ നിന്നു എന്തെങ്കിലും നന്മ ഉണ്ടാവുമോ?” (യോഹ. 1:46). ഇസ്രായേലിലെ വളരെ അപ്രസക്തമായിരുന്ന ഒരു ഗ്രാമം ആയിരുന്നു നസ്രത്ത്. ഗലീലിയുടെ ഭാഗമായിരുന്ന ഈ ഗ്രാമത്തില്‍ തികച്ചും സാധാരണക്കാരായ ആളുകളാണ് താമസിച്ചിരുന്നത്. അതുകൊണ്ടായിരിക്കാം നഥാനിയേല്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്.
മംഗളവാര്‍ത്ത മറിയം സ്വീകരിക്കുന്നതിനെക്കുറിച്ച് അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷവും വിവരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്: “മറിയം വെള്ളമെടുക്കാനായി നസ്രത്തിലെ അരുവിക്കരയിലേക്ക് പോകുമ്പോൾ ഗബ്രിയേല്‍ മാലാഖ പ്രത്യഷപ്പെട്ട് മറിയത്തെ അഭിവാദനം ചെയ്തു: നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവു നിന്നോട് കൂടെ, നീ സ്ത്രീകളില്‍ അനുഗ്രഹിക്കപ്പട്ടവളാകുന്നു. ഇതു കേട്ട് അസ്വസ്ഥയായി വെള്ളമെടുത്ത് മറിയം തന്റെ ഭവനത്തിലേക്ക് തിരിച്ചുപോയി ഇതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ദൂതന് വീണ്ടും പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും….” (യാക്കോബിന്റെ സുവിശേഷം 11,1-3.)

ഈ വിവരണമനുസരിച്ച് മറിയത്തിനു ദൂതന് രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ടു. അതടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട മംഗളവാര്‍ത്തയുടെ രണ്ടു ദേവാലയങ്ങള്‍ നസ്രത്തില്‍ കാണാന്‍ സാധിക്കും: ഗബ്രിയേല്‍ മാലാഖയുടെ ദേവാലയവും, മംഗളവാര്‍ത്തയുടെ ദേവാലയവും. ഗബ്രിയേല്‍ മാലാഖയുടെ ദേവാലയത്തിനകത്ത് മറിയവും നസ്രത്തിലെ മറ്റെല്ലാ ജനങ്ങളും വെള്ളം കോരിക്കൊണ്ടിരുന്ന ഒരു ഉറവയുണ്ട്. അതിൽ നിന്നും പുറപ്പെടുന്ന അരുവിയില്‍ ഇപ്പോഴും ശുദ്ധമായ വെള്ളം ഉണ്ട്. തീര്‍ത്ഥാടകര്‍ക്കു അവിടെ നിന്നു ഇന്നും ജലം കോരിക്കുടിക്കാന്‍ സാധിക്കും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ കയ്യിലുള്ള ഈ ദേവാലയം ഗബ്രിയേല്‍ ദൂതന് മാതാവിന് ആദ്യം പ്രത്യക്ഷപ്പെട്ടത് അനുസ്മരിച്ചുകൊണ്ടുള്ള ദേവാലയമാണ്.

നസ്രേത്തിലെ ഏറ്റവും പ്രധാനമായ ദേവാലയം മംഗളവാര്‍ത്തയുടെ ബസലിക്കയാണ്. പരിശുദ്ധ കന്യകാമറിയത്തിന്റെ വീടിനോട് ചേര്‍ന്നുണ്ടായ ഗ്രോട്ടോയുടെ മുകളിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വെള്ളമെടുത്ത് വീട്ടില്‍ തിരികെയെത്തിയ മറിയം തന്റെ ഭവനത്തോട് ചേര്‍ന്നുള്ള ഈ ഗ്രോട്ടോയിലിരുന്നു കൊണ്ട് ദൂതന്റെ അഭിവാദനത്തെക്കുറിച്ച് ധ്യാനിക്കുമ്പോഴാണ് വീണ്ടും ദൂതന് പ്രത്യക്ഷപ്പെടുകയും യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള മംഗളവാര്‍ത്ത മറിയത്തിന് നല്‍കുകയും ചെയ്യൂന്നത്. മറിയം മംഗളവാര്‍ത്ത സ്വീകരിച്ച ഗ്രോട്ടോ നിലനിര്‍ത്തിക്കൊണ്ട് ആദിമക്രൈസ്തവര്‍ അവിടെ മനോഹരമായ ഒരു ദേവാലയം നിര്‍മ്മിച്ചു. എഡി 383 -നോട് ചേര്‍ന്ന് വിശുദ്ധനാട് സന്ദര്‍ശിച്ച് തീര്‍ത്ഥാടനം നടത്തിയ എജേരിയ ഈ ദേവാലയം സന്ദര്‍ശിച്ച് അവിടെ പ്രാര്‍ത്ഥന നടത്തിയത് തന്റെ യാത്രാവിവരണത്തില്‍ വളരെ ഹൃദസ്പര്‍ശിയായി വിവരിക്കുന്നുണ്ട്.
ആദിമനൂറ്റാണ്ടുകളില്‍ ശക്തമായ ക്രൈസ്തവ സാന്നിദ്ധ്യമുണ്ടായിരുന്ന ഒരു ഗ്രാമമായിരുന്നു നസ്രേത്ത്. യേശുവിന്റെ കുടുംബത്തില്‍പെട്ട വ്യക്തികളായിരുന്നു നസ്രേത്തിലെ സഭയെ നയിച്ചുകൊണ്ടിരുന്നത്. ജറുസലേമിലെ ആദ്യ മെത്രാനായിരുന്ന വി. യാക്കോബ് ശ്ലീഹ യേശുവിന്റെ രക്തബന്ധുവാണ് എന്നുള്ള കാര്യം വളരെ സ്മരണാര്‍ഹമാണ്. നാലാം നൂറ്റാണ്ടില്‍ നസ്രേത്തില്‍ പരിശുദ്ധ അമ്മയുടെ ഭവനത്തിന്റെ മുകളില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയം ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണസമയത്ത് തകര്‍ക്കപ്പെട്ടു. പിന്നീട് അവിടെ പുതിയ ദേവാലയം നിര്‍മ്മിക്കുന്നത് കുരിശുയുദ്ധക്കാരുടെ സമയത്താണ്. കുരിശുയുദ്ധക്കാരെ പരാജയപ്പെടുത്തിയ മുസ്ലീം രാജവംശം മംഗളവാര്‍ത്തയുടെ ദേവാലയം തകര്‍ത്തു കളഞ്ഞു. പിന്നീട് 1620-ല്‍ പ്രത്യേക അനുവാദത്തോട് കൂടി ഫ്രാന്‍സിസ്കന്‍ സന്യാസി സഭയിലെ വൈദികര്‍ നസ്രേത്തിലെ മംഗളവാര്‍ത്ത ദേവാലയം ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും അവിടെ താമസമാരംഭിക്കുകയും ചെയ്തു. 1730 -ല്‍ അവര്‍ അവിടെ ഒരു മനോഹരമായ ദേവാലയം നിര്‍മ്മിച്ചു. 1877-ല്‍ ആ ദേവാലയം വലിപ്പം കൂട്ടി പുതുക്കിപ്പണിതു. യേശുവിന്റെ സമയത്തെ നസ്രേത്ത് ഗ്രാമത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് വേണ്ടിയും മറിയത്തിന്റെ ഭവനമുണ്ടായിരുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ട ആദ്യദേവാലയങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടിയും 1955-ല്‍ നസ്രേത്തിലെ മംഗളവാര്‍ത്ത ദേവാലയം പൊളിച്ചുനീക്കി അവിടെ ഫ്രാന്‍സിസ്കന്‍ അച്ചന്മാര് ഗവേഷണ പഠനം നടത്തി. പഠനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം 1961-ല്‍ പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ദേവാലയം നിര്‍മ്മാണത്തിലിരിക്കെ 1966-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ നസ്രേത്തില്‍ പരിശുദ്ധ അമ്മയുടെ ഭവനമുണ്ടായിരുന്ന സ്ഥലം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുകയുണ്ടായി. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത് 1969 മാര്‍ച്ച് 29 ന് ആണ്.
നസ്രേത്തിലെ മംഗളവാര്‍ത്ത ദേവാലയമാണ് ഇന്ന മധ്യപൂര്‍വ്വദേശത്തെ ഏറ്റവും വലിയ ദേവാലയം. രണ്ട് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിന്റെ താഴത്തെ നിലയുടെ കേന്ദ്രഭാഗത്ത് പരിശുദ്ധ കന്യാമറിയത്തിന്റെ ഭവനമുണ്ടായിരുന്ന ഗുഹയുടെ ഭാഗങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ദേവാലയം പണിതിരിക്കുന്നത്. ഒപ്പം നാലാം നൂറ്റാണ്ടിലെയും പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുരിശ്യുദ്ധക്കാര് പുതുക്കിപ്പണിത ദേവാലയത്തിന്റെയും അവശിഷ്ടങ്ങള്‍ മനോഹാരിത നഷ്ടപ്പെടുത്താതെ നിലനിർത്തിയിരുന്നു. ഗ്രോട്ടോയുടെ ഇതുഭാഗത്ത് നാലാം നൂറ്റാണ്ടിലെ ആദ്യ ദേവാലയത്തിന്റെ തറയില്‍ സ്ഥാപിച്ചിരുന്ന മൊസൈക്കിന്റെ ഭാഗങ്ങള്‍ ഇന്നും കാണാന്‍ സാധിക്കും. മൊസൈക്കില്‍ കുരിശിന്റെ ഭാഗങ്ങളും, മനോഹരമായ പുഷ്പങ്ങളും, പക്ഷികളും ചിത്രീകരിച്ച് വച്ചിട്ടുണ്ട്. മൊസൈക്കില്‍ ജറുസലേമില്‍ രണ്ടാം നൂറ്റാണ്ടില്‍ രക്തസാക്ഷിയായ കോനോന് എന്ന ഡീക്കന്റെ പേര് ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്.

നസ്രേത്തിലെ മംഗളവാര്‍ത്ത ബസലിക്കയുടെ അടിയിലും വശങ്ങളിലും ആയി യേശുവിന്റെ സമയത്തെ പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ ഒരു മ്യൂസിയമായി സൂക്ഷിച്ചിട്ടുണ്ട്. മംഗളവാര്‍ത്ത ദേവാലയത്തിന്റെ രണ്ടാം നിലയും അതിമനോഹരമായ ഒരു ദേവാലയമാണ്. നസ്രേത്തിലെ ലത്തീന്‍ കത്തോലക്കാ വിശ്വാസികളുടെ ഇടവക ദേവാലയം കൂടിയാണ് രണ്ടാം നിലയിലെ ഈ ദേവാലയം. ഈ ദേവാലയത്തിന്റെ മേല്‍ക്കൂര നക്ഷത്രത്തിന്റെ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

നസ്രേത്തിലെ മംഗളവാര്‍ത്ത ദേവാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ലോകം മുഴുവനില്‍ നിന്ന് കൊണ്ടുവന്നിരിക്കുന്ന പരിശുദ്ധ കന്യാകാമറിയത്തിന്റെ പല വിധ രൂപങ്ങളും പ്രതിമകളും ഈ ദേവാലയത്തില്‍ സ്ഥാപിച്ചിച്ചിട്ടുണ്ട് എന്നതാണ്. തമിഴ്നാട്ടിലെ വേളാങ്കണ്ണിയില്‍ നിന്ന് കൊണ്ടുവന്നിരിക്കുന്ന സാരിയുടുത്ത് നില്ക്കുന്ന വേളാങ്കണ്ണി മാതാവിന്റെ രൂപവും നസ്രേത്തിലെ അപ്പര്‍ ബസലിക്കയുടെ ഉള്ളില്‍ വലതുവശത്തായി കാണാന്‍ സാധിക്കും.
പരിശുദ്ധ കന്യകാമറിയത്തോടുളള ഭക്തിയും പ്രാര്‍ത്ഥനയും ആദിമസഭയില്‍ വളരെ ശക്തമായി നിലനിന്നിരുന്നു. എഡി 431-ലെ എഫേസൂസ് സൂനഹദോസ്സോട് കൂടിയാണ് പരിശുദ്ധ കന്യകാമറിയത്തെ ദൈവമാതാവായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ അതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി നിലനിന്നിരുന്നതിന്റെ തെളിവുകള്‍ ഇന്നും മംഗളവാര്‍ത്ത ബസലിക്കയിൽ കാണാന്‍ സാധിക്കും. മാതാവിന്റെ ഗ്രോട്ടോയോട് ചേര്‍ന്ന് സ്ഥാപിച്ച ദേവാലയത്തിന്റെ ഒരു കല്‍ത്തൂണില്‍ ഹൈറേ മരിയ എന്ന് ഗ്രീക്കില്‍ ആലേഖനം ചെയ്തിരിക്കുന്നത് കാണാന്‍ സാധിക്കും. ഈ ഗ്രീക്ക് ലിഖിതത്തിന്റെ അര്‍ത്ഥം “നന്മ നിറഞ്ഞവളെ സ്വസ്തി” എന്നാണ്. ഇത് നസ്രേത്തില്‍ പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി എഫേസൂസ് സൂനഹദോസിനും മുമ്പ് ആദിമ നൂറ്റാണ്ടുകളില്‍ തന്നെ നിലനിന്നിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. ഈ കല്ത്തൂണ് ഇപ്പോള്‍ നസ്രേത്തിലെ ദേവാലയത്തോട് ചേര്‍ന്നുള്ള മ്യുസിയത്തിൽ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ദേവാലയത്തിന്റെ മുഖവാരത്തില്‍ മംഗളവാര്‍ത്ത സ്വീകരിക്കുന്ന പരിശുദ്ധ കന്യാമറിയത്തേയും മംഗളവാര്‍ത്ത നല്കുന്ന ഗബ്രിയേല്‍ മാലാഖയെയും ശിഷ്യന്മാരെയും ചിത്രീകരിച്ച് വച്ചിരിക്കുന്നു. രക്ഷകന്റെ അമ്മയെക്കുറിച്ച് ഉത്പത്തിയുടെ പുസ്തകം പറയുന്ന “നീയും സ്ത്രീയും തമ്മിലും അവളുടെ സന്തതിയും നിന്റെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന് നിന്റെ തല തകര്‍ക്കും” എന്ന വചനവും (ഉത്പത്തി 3:15) ഇവിടെ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്. ഒപ്പം “വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു” എന്നും ലത്തീനില്‍ എഴുതി വച്ചിട്ടുണ്ട്. ദേവാലയത്തിന്റെ വലിയ ലോഹവാതിലുകളിൽ ക്രിസ്തുരഹസ്യത്തെ മുന്‍കൂട്ടി സൂചിപ്പിക്കുന്ന പഴയനിയമത്തിലെ സംഭവങ്ങളെയും യേശുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെയും അപ്പസ്തോലന്മാരെയും വളരെ മനോഹരമായി ചിത്രീകരിച്ച് വച്ചിട്ടുണ്ട്.
ദേവാലയത്തിന്റെ മധ്യത്തില്‍ മാതാവ് മംഗളവാര്‍ത്ത സ്വീകരിച്ച ഗ്രോട്ടോയും വളരെ മനോഹരമായ ഒരു അള്‍ത്താരയും ഉണ്ട്. ഗ്രോട്ടോയ്ക്കുള്ളിലെ അള്‍ത്താരയില്‍ ‘VERBUM CARO HIC FACTUM EST’ എന്ന് ലത്തീനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിനര്‍ത്ഥം “വചനം മാംസമായി ഇവിടെ അവതരിച്ചു” എന്നാണ്.
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതവും മഹാരഹസ്യവുമായ ദൈവം മാംസമായി അവതരിച്ചതിനെ അനുസ്മരിക്കുന്ന നസ്രേത്തിലെ ദേവാലയം ആ അത്ഭുതത്തിന്റെ മുഴുവന്‍ പ്രതീതിയും വിശ്വാസികളില്‍ ജനിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ദേവാലയത്തില്‍ ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും ജപമാല പ്രദക്ഷിണവും വ്യാഴാഴ്ച രാത്രികളില്‍ വിശുദ്ധ കുര്‍ബാന ആരാധനയും ഉണ്ട്. ലോകത്തിലെവിടെ നിന്നും അത് ഓൺലൈൻ ആയി കാണാനാകും (http://www.nazareth-en.custodia.org/default.asp?id=6486). ക്രിസ്തുരഹസ്യത്തിന്റെ ശ്രഷ്ഠതയെ ഹൃദയങ്ങളിലേക്കും ജീവിത്തതിലേക്കും സ്വീകരിക്കുവാന്‍ ഈ ദേവാലയ സന്ദര്‍ശനം വിശ്വാസികളെ സഹായിക്കും.
പ്രാര്‍ത്ഥന: ലോകത്തിന് രക്ഷകനെ പ്രദാനം ചെയ്ത പരിശുദ്ധ കന്യകാമറിയമെ, അമ്മയുടെ വലിയ മാധ്യസ്ഥ ശക്തിയെ ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു. ലോകത്തിലെ ആദ്യ സക്രാരിയായ അമ്മ പരിശുദ്ധാത്മാവിന്റെ ആലയങ്ങളായ ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയിൽ സംരക്ഷിക്കുവാനും, വിശുദ്ധ കുര്‍ബാനയിലൂടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും പ്രവേശിക്കുന്ന യേശുവിന്റെ ജീവിക്കുന്ന സക്രാരികളായി മറുവാനുമുള്ള കൃപയും വിശ്വാസികളായ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെ. ലോകത്തില്‍ മനുഷ്യനായി അവതരിച്ച യേശുവേ മനുഷ്യജീവിതത്തിന്റെ മഹത്വം ഞങ്ങളെ കാണിച്ചു തരണമെ. ലോകത്തിലെ എല്ലാവരിലേക്കും നന്മയും സ്നേഹവും പ്രചരിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും ആമ്മേന്‍.
ഡോ. പോൾ കുഞ്ഞാനയിൽ mcbs
joypaul.paul@gmail.com