വിശുദ്ധവാരം – പെസഹാ വ്യാഴം

മൂന്ന് നാളുകള്‍ക്കിപ്പുറം ഇതേ ദൈവാലയത്തില്‍ ഏറെക്കുറെ ഇതേ സ്ഥലത്തിരുന്ന് കുരുത്തോലകളിളക്കി ഓശാന പാടിയവരാണ് നാമോരുത്തരും. അന്ന് ഉയര്‍ത്തിപ്പി ടിച്ച കുരുത്തോലകളും നടത്തിയ കുരുത്തോല പ്രദക്ഷിണവും ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും അലയടികള്‍ സമ്മാനിച്ച വേളകളായിരുന്നു. എന്നാല്‍, നമ്മുടെ മാനുഷികമായ ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും ആരവങ്ങള്‍ക്കപ്പുറം കൊല്ലപ്പെടാനുള്ള കുഞ്ഞാടിന്റെ തേങ്ങലുകളുയര്‍ന്ന ദിനമായിരുന്നു അത്. പുതിയ പെസഹായില്‍ കൊല്ലപ്പെടേണ്ട കുഞ്ഞാടായി യേശു തന്നെത്തന്നെ നമുക്കോരോരുത്തര്‍ക്കും വേണ്ടി തിരഞ്ഞെടുത്ത് മാറ്റിവച്ച ദിനം.

നാം ഓരോരുത്തരുടെയും പാപപരിഹാരത്തിനും നിത്യരക്ഷയ്ക്കും വേണ്ടി കുരിശിലേറി കൊല്ലപ്പെടാന്‍ തയ്യാറായ ആ ദിവ്യകുഞ്ഞാട് വിശുദ്ധ കുര്‍ബാനയായി മാറിക്കൊണ്ട് കൊലക്കളത്തിലേയ്ക്ക് നീങ്ങിയതിന്റെ ഓര്‍മ്മയാണ് പെസഹാവ്യാഴം.
മുറിക്കുന്ന അപ്പത്തിലേയ്ക്ക് തന്നെത്തന്നെ ശൂന്യനാക്കിയതിന്റെ ഓര്‍മ്മത്തിരുനാള്‍. പേടിക്കുന്നവരുടെയിടയില്‍, മരണത്തെ പേടിക്കാതെ സ്വന്തം മരണം കൊണ്ട് ഈ ലോകത്തില്‍ മരണമില്ലാതാക്കാന്‍ നിത്യജീവന്റെ അപ്പമായി മാറിയ ക്രിസ്തുനാഥന്റെ ഓര്‍മ്മയാണ് പെസഹാവ്യാഴം.

പഴയനിയമ കാലത്ത് ഇസ്രായേല്‍ക്കാരെ അഗ്നിസ്തംഭമായും മേഘത്തൂണായും വഴിനടത്തിയ ദൈവം; വാഗ്ദാന പേടകത്തിലേയ്ക്ക് മേഘമായിറങ്ങി ഇസ്രായേല്‍ക്കാര്‍ക്കിടയില്‍ കൂടാരമടിച്ച ദൈവം, പുതിയനിയമ കാലത്ത് മനുഷ്യനായി നമ്മിലൊരുവനായി അവതരിച്ച ദൈവം, മുറിക്കപ്പെടുന്ന അപ്പമായി ദിവ്യകാരുണ്യമായി മാറിയിരിക്കുന്നു.

പഴയനിയമ ജനതയ്ക്ക് പെസഹാത്തിരുന്നാള്‍ അടിമത്വത്തില്‍ നിന്ന് രക്ഷയിലേയ്ക്കുള്ള കടന്നുപോകലിന്റെ അനുസ്മരണമായിരുന്നുവെങ്കില്‍ ഇന്ന് നമുക്കത് പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് സമ്പൂര്‍ണ്ണമായ രക്ഷയിലേയ്ക്കുള്ള കടന്നുവരവിന്റെ ആഘോഷമാണ്. പാപം, മരണം വിതച്ചുനീങ്ങുന്ന ഈ ലോകത്തില്‍ ചെറുതും വലുതുമായ പാപങ്ങളില്‍ മരിച്ചുതുടങ്ങിയ നമ്മെയോരോരുത്തരെയും നോക്കി ഇന്ന് അവിടുന്ന് പറയുകയാണ്: ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്. ഇത് ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല. പ്രത്യുത അവന്‍ നിത്യം ജീവിക്കും. ഈ അപ്പം നമുക്കുള്ള ഭാഗ്യമാണ്. നമുക്ക് മാത്രമുള്ള ഭാഗ്യം.

ജീവന്‍ തുടിക്കുന്ന ഹൃദയവുമായി ഈ അള്‍ത്താരയിലും നമ്മുടെ ഹൃദയങ്ങളിലും ജീവിക്കുന്ന ഈ സാന്നിധ്യത്തെ തിരിച്ചറിയാതിരിക്കുന്നതിനെക്കാള്‍, അവന്റെ ഇംഗിതങ്ങള്‍ക്കും കല്‍പനകള്‍ക്കുമനുസരിച്ച് ജീവിതത്തെ ക്രമീകരിക്കാതിരിക്കുന്നതിനെക്കാള്‍ വലിയൊരു ദുരന്തം നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനില്ല. ജീവിതത്തിലെ ദുഃഖ-ദുരിതങ്ങളുടെയും വേദനകളുടെയും വേളകളില്‍ മാത്രമല്ല, എല്ലായ്‌പ്പോഴും അവനിലേയ്‌ക്കെത്തുവാന്‍ അവിടുന്നില്‍ വിശ്വസിക്കുവാന്‍ നമുക്ക് സാധിക്കണം. കാരണം, അതിനുവേണ്ടി മാത്രമാണ് എനിക്കും നിങ്ങള്‍ക്കും കാണാനും തൊടാനും ഭക്ഷിക്കാനും പറ്റുന്ന അപ്പമായി അവിടുന്ന് മാറിയത്. അതിനുവേണ്ടിയാണ് പല കൊടുങ്കാറ്റുകളുമടക്കിയവന്‍ ഒരു ചെറുകാറ്റില്‍ പോലും പറന്നുപോയേക്കാവുന്ന ഗോതമ്പപ്പത്തിലേയ്‌ക്കൊതുങ്ങി നമുക്കിടയില്‍ വസിക്കുന്നത്.

ഈ ചെറുതാകലിന്റെ മാഹാത്മ്യം വിളിച്ചുപറഞ്ഞു കൊണ്ടാണ് അവിടുന്ന് ശിഷ്യരുടെ പാദങ്ങള്‍ കഴുകുന്നത്. വലുതായിത്തീരാനും വലിയവനെന്ന് കാണിക്കാന്‍ ഏതറ്റം വരെയും പോകാനും തയ്യാറാകുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ യേശുവിന്റെ കാലുകഴുകലിന് ഏറെ പ്രസക്തിയുണ്ട്. വ്യക്തിബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും സമൂഹത്തിലും രാഷ്ട്രീയത്തിലും സഭയിലും വരെ കാല് കഴുകാന്‍ മാത്രം വലുപ്പമുള്ള ചെറിയവരുടെ എണ്ണം കുറഞ്ഞുവരികയാണ്. നമ്മുടെ ജീവിതത്തിലേയ്ക്കു തന്നെ നാം തിരിഞ്ഞുനോക്കിയാല്‍, നാം അംഗീകരിച്ചു തുടങ്ങിയാല്‍, ക്ഷമിക്കാന്‍ തയ്യാറായാല്‍, വിട്ടുകൊടുക്കാന്‍ തുടങ്ങിയാല്‍, സംസാരിച്ചു തുടങ്ങിയാല്‍ തീരാവുന്ന എത്രയെത്ര പിണക്കങ്ങളും പ്രശ്‌നങ്ങളും നമുക്ക് ചുറ്റുമുണ്ട്.

എന്നെ രക്ഷിക്കാന്‍ അപ്പത്തോളം ചെറുതായവനെ ഓര്‍ക്കുന്ന ഈ പെസഹാ തിരുനാളില്‍ ചെറുതാകലിന്റെ പ്രായോഗികതയെ കാലുകഴുകലില്‍ ധ്യാനിക്കുന്ന ഈ പുണ്യനാളില്‍ നമുക്കും ചെറുതാകാന്‍ ആഗ്രഹിക്കാം. അവിടുന്ന് പകുത്തുകൊടുത്ത അവന്റെ ശരീരമാകുന്ന അപ്പം ഭക്ഷിച്ചിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെയും ജീവിതത്തിലെ ഒരു ദുര്‍ബല നിമിഷത്തേയ്ക്കാണെങ്കില്‍ പോലും ഗുരുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെപ്പോലെയും നമുക്ക് ആകാതിരിക്കാം. അതിനുവേണ്ടിയല്ല അവന്‍ അപ്പമായി നമ്മിലേക്ക് ഇറങ്ങിവരുന്നത്. അതിനുവേണ്ടിയല്ല അവിടുന്ന് ചെറുതായി കാണിച്ചുതന്നത്. മറിച്ച്, ക്ഷമിച്ചും സ്‌നേഹിച്ചും സഹായിച്ചും സഹിച്ചും വലുതാകാനാണ്.

ജീവിതത്തില്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മനോഭാവങ്ങള്‍ കൊണ്ടും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രിസ്തുശിഷ്യരാകാനാണ് അവന്‍ ചെറുതാകലിന്റെ മാതൃക നമുക്ക് നല്‍കിയത്. ഈ വലുതാകലിലെ നിത്യജീവന്റെ വാതിലുകള്‍ നമുക്ക് മുമ്പില്‍ തുറക്കപ്പെടുകയേയുള്ളൂ. അവിടയേ അനുദിനം സ്വീകരിക്കുന്ന ദിവ്യകാരുണ്യം നമുക്ക് നിത്യജീവന്റെ അപ്പമാകൂ. നിത്യജീവന്റെ കാരണമാകൂ. വിശുദ്ധ കുര്‍ബാനയായി ഇന്ന് നമ്മുടെയടുത്തേയ്ക്ക് വരുന്നവനോട് ഈ ആഗ്രഹം നമുക്ക് പ്രാര്‍ത്ഥിക്കാം. ആമ്മേന്‍

ഫാ. സിനോജ് ഇരട്ടക്കാലായില്‍ MCBS