ഉയർപ്പു ഞായർ

ചരിത്രപ്രസിദ്ധമായ ഇംഗ്ലണ്ട് – ഫ്രാന്‍സ് യുദ്ധം നടക്കുന്നു. ഇംഗ്ലണ്ടിനെ നയിച്ചുകൊണ്ട് വെല്ലിംഗ്ടണും ഫ്രാന്‍സിനെ നയിച്ചുകൊണ്ട് നെപ്പോളിയനും യുദ്ധഭൂമിയില്‍ പരസ്പരം നേരിട്ടു. അത്യുഗ്രമായ യുദ്ധം അരങ്ങേറി. ഇംഗ്ലീഷ് ചാനല്‍ കടന്നുവന്ന കപ്പലില്‍, യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്ത കൊടുത്തുവിട്ടു. കരയില്‍ നിന്നും വളരെ ദൂരെയുള്ള കപ്പലില്‍ നിന്നും ചില പ്രകാശസിഗ്നലുകള്‍ ഉപയോഗിച്ച് കരയിലേയ്ക്ക് വിവരം നല്‍കുകയായിരുന്നു. “Wellington Defeated” ഇത്രയും വാര്‍ത്ത കരയിലെത്തിയപ്പോഴേയ്ക്കും മൂടല്‍മഞ്ഞ് കപ്പലിന്റെ സിഗ്നലുകളെ മറച്ചു. “Wellington Defeated” വാര്‍ത്ത ഇംഗ്ലണ്ടില്‍ പരന്നു. രാജ്യം മുഴുവന്‍ ദുഃഖത്തത്തിലാഴ്ന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് മൂടല്‍മഞ്ഞ് അപ്രത്യക്ഷമായി. കപ്പലില്‍ നിന്നും വീണ്ടും സിഗ്നലുകള്‍ അയയ്ക്കാന്‍ തുടങ്ങി. പുതുതായി വന്ന വാര്‍ത്ത ഇപ്രകാരമായിരുന്നു:“Wellington Defeated the Ene my” എല്ലാവരുടെയും ദുഃഖം സന്തോഷമായി മാറി. കാല്‍വരിയിലെ ദുഃഖം, കല്ലറയിലെ മൂന്ന് നാളുകളിലെ മൂടല്‍മഞ്ഞിനു ശേഷം ലോകത്തെ സന്തോഷിപ്പിച്ച ആ വാര്‍ത്ത ആയിരുന്നു ‘അവന്‍ ഇവിടെയില്ല; അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു’ (ലൂക്കാ 24:5).

ജീവിതം കല്ലറയ്ക്കുള്ളിലോ കാല്‍വരിയുടെ ദുഃഖപാരമ്യതയിലോ അവസാനിക്കുവാനുള്ളതല്ല എന്നും കേവലം നശ്വരമായ ഈലോക ജീവിതത്തിനപ്പുറം മഹത്വപൂര്‍ണ്ണനായ ദൈവത്തെ ദര്‍ശിച്ചുകൊണ്ട് ഒരു ജീവിതമുണ്ടെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വീണ്ടും ഒരു ഉയിര്‍പ്പുതിരുനാള്‍ കൂടി ആഗതമായിരിക്കുകയാണ്. എല്ലാവര്‍ക്കും ഹൃദ്യമായ ഈസ്റ്റര്‍ മംഗളങ്ങള്‍ ഏറെ സ്‌നേഹത്തോടെ നേരുന്നു.

ഒരിക്കല്‍ ഒരു അവിശ്വാസിയായ മനുഷ്യന്‍ ഇംഗ്ലീഷ് വചനപ്രഭാഷകനോട് പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു: “It is upon an empty tomb that christianity is founded.” ഒരുകാലത്ത് ഫ്രഞ്ച് വിപ്ലവവും കമ്മ്യൂണിസവും ഒക്കെ വളര്‍ച്ച പ്രാപിച്ചപ്പോള്‍ ‘ദൈവം മരിച്ചു’ എന്ന് പഠിപ്പിച്ചുകൊണ്ട് സര്‍വ്വകലാശാലകളും മറ്റും മുന്നേറിയപ്പോള്‍, ലോകത്ത് ഏറെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളതും ശ്രദ്ധേയമായതുമായ പരസ്യവാചകം ഇപ്രകാരമായിരുന്നു: “My God is alive, sorry about yours.”

മരണത്തിന്റെ അഗാധത്തില്‍ നിന്നും ദൈവപുത്രന്‍ ഉയിര്‍പ്പിക്കപ്പെട്ടു എന്നതിന്റെ തെളിവുകള്‍ പ്രധാനമായും മൂന്നെണ്ണമാണ്. ഒന്ന്: ശൂന്യമായ കല്ലറ (യോഹ. 20:1-10); രണ്ട്: ഉത്ഥിതനെ കണ്ട മനുഷ്യരുടെ സാക്ഷ്യങ്ങള്‍ (യോഹ. 20:18; ലൂക്കാ …………). മൂന്നാമതായി വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം ജീവിതനവീകരണം സംഭവിച്ച വ്യക്തികളുടെ ജീവിതസാക്ഷ്യമാണ് (ശ്ലീഹന്മാര്‍, പൗലോസ്).

കൂടെയായിരുന്നപ്പോള്‍ ഈശോയെപ്രതി മരിക്കാന്‍പോലും തയ്യാറാവുകയും അപകടത്തില്‍പ്പെട്ട നിമിഷം മുതല്‍ ഗുരുവില്‍ നിന്നും ഓടിയൊളിക്കുകയും തങ്ങളുടെ ജീവനെപ്രതി ഭയത്തോടും വിറയലോടും കൂടി ഒളിച്ചു കഴിയുകയും ചെയ്ത പത്രോസും കൂട്ടരും ഉത്ഥിതനില്‍ നിന്നും ലഭിച്ച ജീവിതനവീകരണം, അവനുവേണ്ടി മരിക്കുവാന്‍ പോലും തയ്യാറാകുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ക്രിസ്തുവിന്റെ ഉത്ഥാനം ക്രിസ്തുശിഷ്യരായ നമ്മുടെയും ജീവിതങ്ങളില്‍ വരുത്തേണ്ട രൂപാന്തരീകരണമാണ്. ക്രിസ്തുവിന്റെ ഉത്ഥാനം ജീവിത നവീകരണത്തിനിടയാക്കിയ മറ്റൊരു ശ്രദ്ധേയനായ വ്യക്തി പൗലോസ് അപ്പസ്‌തോലനായി മാറിയ സാവൂള്‍ ആയിരുന്നു. 200 വര്‍ഷങ്ങള്‍ക്കു മുമ്പ് ജോര്‍ജ്ജ് ലിറ്റില്‍ടണ്‍ എഴുതി, പൗലോസ് ശ്ലീഹായുടെ ജീവിതം തന്നെയാണ് യേശുവിന്റെ ഉയിര്‍പ്പിനുള്ള വലിയ തെളിവ്. ക്രിസ്ത്യാനികളെ പീഡിപ്പിച്ച സാവൂളിന്റെ മാനസാന്തരത്തിനുള്ള കാരണം ഡമാസ്‌കസിലേയ്ക്കുള്ള യാത്രാമധ്യേ ഉത്ഥിതനെ കണ്ടുമുട്ടിയതാണ്.

സ്‌നേഹം നിറഞ്ഞവരെ, പ്രത്യാശയും സന്തോഷവും കൊണ്ട് ജീവിതം നവീകരിക്കപ്പെടാന്‍ ക്രിസ്തു നല്‍കുന്ന സമാധാനം ഹൃദയങ്ങളില്‍ നിറയാന്‍ നമുക്ക് ഉത്ഥിതനായ യേശുവിനെ കണ്ടുമുട്ടണം. യോഹ. 20:1-ല്‍ കാണുന്നതുപോലെ ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ തന്റെ പ്രിയപ്പെട്ട ഗുരുവിനെ അന്വേഷിച്ചുപോയ മഗ്ദലേനമറിയം, ശവകൂടീരത്തിന്റെ കല്ല് മാറ്റപ്പെട്ടിരിക്കുന്നതായും കല്ലറയ്ക്കു വെളിയിലെ തോട്ടത്തില്‍ യേശുവിന്റെ സാന്നിധ്യം ദര്‍ശിച്ചതുപോലെ നമ്മുടെ ജീവിതങ്ങളിലും ഈ ഉയിര്‍പ്പു തിരുനാള്‍ ഒരു പുതിയ ആത്മീയ ഉണര്‍വ്വിന്റെ അവസരമാകണം. ഒരുപക്ഷെ, നമ്മുടെ ജീവിതമുഖത്ത് ചില കല്ലുകള്‍ അടഞ്ഞിരിക്കുന്നതു കൊണ്ടാവാം കല്ലറയുടെ ശോചനീയാവസ്ഥ ജീവിതത്തിലേയ്ക്ക് പടരുന്നത്.

മര്‍ക്കോ. 16:3-ല്‍ സ്ത്രീകള്‍ ചോദിക്കുന്നത്: ആരാണ് നമുക്ക് വേണ്ടി കല്ലുരുട്ടി മാറ്റുക! യോഹ. 11:39-ല്‍ ഈശോ, ലാസറിന്റെ കല്ലറയ്ക്കരികില്‍ നിന്ന് പറയുന്നുണ്ട്: ആ കല്ലെടുത്ത് മാറ്റുവിന്‍! സനേഹമുള്ളവരെ, ഈ രണ്ട് വചനങ്ങളും നമ്മുടെ ജീവിതങ്ങളോട് ചേര്‍ത്തുവച്ച് ധ്യാനവിഷയമാക്കേണ്ടതുണ്ട്. ഈ നല്ല സുദിനത്തില്‍ ഉത്ഥിതനായ യേശുവിന്റെ മുമ്പില്‍ നമുക്ക് ഈ യാചന അര്‍പ്പിക്കാം. കര്‍ത്താവേ, ഞങ്ങളുടെ ജീവിതത്തില്‍ നിന്നും ഈ കല്ലുകളെ എടുത്തുമാറ്റേണമെ. ഒരുപക്ഷെ, നമ്മെ ദൈവത്തില്‍ നിന്നും മറയ്ക്കുന്ന കല്ലുകള്‍ ഇവയാകാം. എന്റെ തിന്മ നിറഞ്ഞ ജീവിതം, ആത്മീയമായ മരവിപ്പ്, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജീവിതം, മദ്യപാനം, ജഡീകാസക്തികള്‍, ഇവയും ഈദൃശ്യമായ മറ്റേതു പ്രവര്‍ത്തികളുമാകാം. സ്‌നേഹമുള്ളവരെ, ജീവിതത്തെ കര്‍ത്താവിനു മുമ്പില്‍ സമര്‍പ്പിച്ച് ഇവയില്‍ നിന്നും മോചനം നേടുവാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. ഈ ഈസ്റ്റര്‍ സുദിനത്തില്‍ എന്നല്ല, ഓരോ ദിനത്തിലും തന്റെ അടുക്കലേയ്ക്കണയുന്നവര്‍ക്ക് തമ്പുരാന്‍ തരുന്ന കൃപകളെക്കൂടി നമുക്ക് ഒരു നിമിഷം ധ്യാനവിഷയമാക്കാം.

പ്രിയപ്പെട്ടവരെ, ഇപ്രകാരം നമ്മുടെ ജീവിതത്തിലെ പാപബന്ധനങ്ങളാകുന്ന കല്ലുകള്‍ എടുത്തുമാറ്റുവാന്‍ നാം തയ്യാറായാല്‍, അതിനുള്ള ആഗ്രഹം നമ്മിലുണ്ടായാല്‍ അതുമാത്രം മതി, ദൈവത്തിനു പ്രവര്‍ത്തിക്കാനുള്ള ഇടം നമ്മള്‍ അവിടെ ഒരുക്കിക്കൊടുക്കുകയാണ്. പിന്നീടെല്ലാം ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. അങ്ങനെ നമ്മുടെ ഈ എളിയജീവിതങ്ങളെ ദൈവത്തിന് പ്രവര്‍ത്തിക്കുവാനായി നാം വിട്ടുകൊടുക്കുമ്പോള്‍ അവിടുന്ന് അനേകം കൃപകള്‍ വര്‍ഷിക്കും എന്ന കാര്യം കൂടി മറക്കാതിരിക്കാം.

ഉത്ഥിതനായ ഈശോയുടെ ഏറ്റവും വലിയ സമ്മാനം (കൃപ) എന്നത് അവിടുന്ന് നല്‍കുന്ന സമാധാനമാണ്. അസ്വസ്ഥതയിലും നൈരാശ്യത്തിലും നമ്മുടെ വ്യക്തിജീവിതം മുങ്ങുമ്പോള്‍ അവിടുത്തെ പക്കല്‍ അഭയം തേടാം. ഈശോയുടെ മരണം, ശിഷ്യരെ ഭീരുക്കളാക്കിയെങ്കില്‍ ഉത്ഥിതനായ ഈശോ ധൈര്യം നല്‍കിക്കൊണ്ട് അവര്‍ക്കിടയിലേയ്ക്ക് കടന്നുചെന്നതു പോലെ ജീവിതത്തെ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുവാന്‍ അവിടുന്ന് നമ്മോടൊപ്പം നില്‍ക്കും. അവിടുന്ന് പറയുന്നു: നിങ്ങള്‍ ഭയപ്പെടേണ്ട. ഉത്ഥിതനായ ഈശോ, തന്റെ ശിഷ്യര്‍ക്ക് തിബേരിയോസിന്റെ തീരത്ത് പ്രാതലൊരുക്കി കാത്തുനിന്നതു പോലെ ഇന്നും ഓരോ വിശുദ്ധ കുര്‍ബാനയിലും നമ്മുടെ ആവശ്യങ്ങള്‍ അറിഞ്ഞുകൊണ്ട് നമുക്കായി തന്നെത്തന്നെ പൂര്‍ണ്ണമായി നല്‍കാന്‍ അവിടുന്ന് നമ്മെയും കാത്തിരിക്കുന്നു. മഗ്ദലേനമറിയത്തിന് തോട്ടക്കാരന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഈശോ അവിടുത്തെ ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നവര്‍ക്കു മുന്നില്‍ ഒരുപക്ഷെ, ഓരോ സന്ദര്‍ഭങ്ങളിലും ഓരോ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാം.

പ്രിയപ്പെട്ടവരെ, ഉത്ഥിതനായ ഈശോ നമ്മുടെ കൂടെ വരുമ്പോള്‍ എമ്മാവൂസിലെ ശിഷ്യരുടെ എന്നപോലെ നമ്മുടെ ഹൃദയവും ജ്വലിക്കും. ആത്മീയ ഉണര്‍വ്വിന് കാരണമാകും. നമ്മുടെ പ്രിയപ്പെട്ട കര്‍ത്താവിനെ – ഉത്ഥിതനായ ഈശോയെ, നമുക്ക് മുമ്പില്‍ ഓരോ ദിനവും ഈ അള്‍ത്താരയില്‍ അപ്പത്തിന്റെ രൂപത്തില്‍ നമുക്ക് കണ്ടുമുട്ടാം. ഏവര്‍ക്കും ഒരിക്കല്‍ക്കൂടി ഉയിര്‍പ്പു തിരുനാളിന്റെ എല്ലാ ആത്മീയാനുഗ്രഹങ്ങളും ഒത്തിരി സ്‌നേഹത്തോടെ നേരുന്നു.

ഫാ. ഫ്രാന്‍സിസ് ഇടക്കുടിയില്‍, എംസിബിഎസ്