പരിശുദ്ധ കന്യകാമറിയം: പഠിക്കേണ്ട പാഠശാല

ഓരോ ശിശുവിന്റെയും ജീവന്റെ സുരക്ഷിതത്വത്തിനും വളര്‍ച്ചയ്ക്കും ഏറ്റവും അത്യന്താപേക്ഷിതമാണ് മാതൃസംരക്ഷണം. ‘യഥാമാതാ; തഥാസുതഃ’ എന്നൊരു ആപ്തവാക്യമുണ്ട്. മാതാവ് എപ്രകാരമുള്ളവളാണോ അപ്രകാരമായിരിക്കും മക്കള്‍. നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലും ഒരു മാതാവിന്റെ പരിലാളന അത്യാവശ്യമാണെന്ന് അറിഞ്ഞുകൊണ്ടാണ് ക്രിസ്തുനാഥന്‍ പരിത്രാണകര്‍മ്മത്തിന് മകുടം ചൂടിയ ഗാഗുല്‍ത്തായിലെ കുരിശില്‍ കിടന്നുകൊണ്ട് അവിടുത്തെ തിരുമാതാവിനെ തന്നെ നമ്മുടെ അമ്മയായി തന്നത്. നമുക്കതില്‍ സന്തോഷിക്കാം. രക്ഷകന്റെ അമ്മ നമ്മുടേയും അമ്മയാണ്.

സ്വര്‍ഗ്ഗത്തില്‍ അവള്‍ നമ്മുടെ രക്ഷയ്ക്കായുള്ള ജോലി അനുസ്യൂതം തുടരുന്നു. ഒരമ്മ ഒരിക്കലും തന്റെ മക്കള്‍ക്കായി പ്രാര്‍ത്ഥിക്കാതിരിക്കുന്നില്ല. സ്വഭവനത്തില്‍ നിന്ന് അകന്നിരിക്കുന്ന മക്കള്‍ അപകടത്തില്‍പ്പെട്ടു പോകാതിരിക്കാന്‍, അവര്‍ ക്രിസ്തുവില്‍ പക്വത പ്രാപിക്കുവാന്‍ – നിത്യരക്ഷ പ്രാപിക്കുവാന്‍ അവള്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരു സുഹൃത്ത് നമുക്കുവേണ്ടി ഒരു തവണ, പത്തു തവണ, അല്ലങ്കില്‍ നൂറു തവണ പ്രാര്‍ത്ഥിക്കുന്നവരായിരിക്കാം. എന്നാല്‍, ഒരമ്മ തന്റെ മക്കള്‍ക്കു വേണ്ടി സദാ പ്രാര്‍ത്ഥിക്കുന്നു. അവളുടെ സ്‌നേഹനിര്‍ഭരമായ വ്യഗ്രതയ്ക്ക് അവസാനമില്ല. അവളെല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എല്ലാം സഹിക്കുന്നു; എല്ലാം ജയിക്കുന്നു. നമ്മുടെ ദുഃസ്വഭാവവും വാശിയും നിമിത്തം കാര്യങ്ങള്‍ ഉപയോഗശൂന്യവും പ്രത്യാശാരഹിതവുമായി കാണുമ്പോള്‍ പോലും അവള്‍ സുസ്ഥിരമായി പ്രാര്‍ത്ഥിക്കുന്നു. പാപികളുടെ സങ്കേതമായ പരിശുദ്ധ അമ്മ പാപികള്‍ക്ക് സ്വര്‍ഗ്ഗത്തിലേയ്ക്ക് പ്രവേശിക്കാനുള്ള ഗോവണിയാണ്.

കവി പാടിയതുപോലെ…

കന്യകാമാതാവിന്‍ മുന്നില്‍ നമ്മള്‍…
സങ്കടമൊക്കെയും ചൊല്ലിയെന്നാല്‍…
നമുക്ക് നേര്‍വഴി കാട്ടുമമ്മ…
നമ്മുടെ ദുഃഖങ്ങള്‍ നീക്കുമമ്മ…

നമ്മുടെ സര്‍വ്വദുരിതങ്ങളും സഹനങ്ങളും ആവശ്യങ്ങളും ഒരു കാസായിലെന്ന പോലെ തന്റെ പുത്രന്റെ പക്കലേയ്ക്ക് ഉയര്‍ത്തി അമ്മ നമുക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇത് കാനായിലെ വിവാഹവിരുന്നില്‍ ദൃശ്യമാണ്. അവിടെ വീഞ്ഞ് നിറച്ച ഭരണികള്‍ അവള്‍ തന്റെ സൂക്ഷത്തില്‍ വച്ചില്ല. തന്റെ അഭ്യര്‍ത്ഥന സാധിപ്പിക്കുക, വീഞ്ഞ് വിതരണം ചെയ്യുക ഇതെല്ലാം അവള്‍ തന്റെ പുത്രന് വിട്ടുകൊടുത്തു. എത്ര സ്ത്രീസഹജമാംവിധം ആര്‍ദ്രമായിരുന്നു ആ അഭ്യര്‍ത്ഥന. അവര്‍ക്ക് വീഞ്ഞില്ല ആജ്ഞാപിക്കലോ അധികാരം ഭാവിക്കലോ ഒന്നുമില്ല. സദാ സേവനം നല്‍കുക, പ്രസാദവരത്തിന്റെ പദ്ധതികള്‍ കണ്‍മുമ്പില്‍ വയ്ക്കുക; മാനുഷീകാവശ്യങ്ങള്‍ ശ്രദ്ധിക്കുക; എന്നിട്ട് ശാന്തമായി വിനീതമായി വ്യാപരിക്കുക. ഇതാണ് പരിശുദ്ധ അമ്മയുടെ മുഖമുദ്ര.

ഒരു വ്യക്തിയെന്ന നിലയില്‍ മിശിഹാ കഴിഞ്ഞാല്‍ ഏറ്റവും സമുന്നതമായ സ്ഥാനം പരിശുദ്ധ കന്യകാമറിയത്തിനാണ്. വി. ബൊനവെന്തൂരാ പറയുന്നുണ്ട്; ‘ദൈവത്തിന് ഈ പ്രപഞ്ചത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു പ്രപഞ്ചത്തെ സൃഷ്ടിക്കുവാന്‍ സാധിക്കും. പക്ഷെ, ദൈവമാതാവിനെക്കാള്‍ പരിപൂര്‍ണ്ണയായ ഒരു മാതാവിനെ സൃഷ്ടിക്കുവാന്‍ സാധിക്കുകയില്ല’.

മറിയം സകല പുണ്യവാന്മാരുടെയും രാജ്ഞിയാണ്. ഒരു സ്ത്രീയും അവളുടെ മീതെയല്ല. അവളുടെ പുത്രനും കര്‍ത്താവുമായ ഈശോയുടെ മാനുഷീകത്വം മാത്രമാണ് അവള്‍ക്കു മീതെ അപരിമേയമാംവിധം ഉയര്‍ന്നു നില്‍ക്കുന്നത്. മഹത്വത്തിലും പ്രതാപത്തിലും സ്വര്‍ഗ്ഗീയ സൈന്യനിരകളുടെ ഔന്നത്യത്തെ അവള്‍ അതിലംഘിക്കുന്നു. അവളുടെ വിശ്വാസം പൂര്‍വ്വപിതാക്കന്മാരുടേതിനെക്കാള്‍ വലുതായിരുന്നു. അവളുടെ പ്രത്യാശ പ്രവാചകന്മാരുടേതിനെക്കാള്‍ സജീവമായിരുന്നു. അവളുടെ സ്‌നേഹം ശ്ലീഹന്മാരുടേതിനെക്കാള്‍ തീവ്രമായിരുന്നു. അവളുടെ ആത്മശക്തി ഏത് രക്തസാക്ഷിയുടേതിനെക്കാളും പ്രബലമായിരുന്നു. അവളുടെ വിവേകം വന്ദകരുടേതിനെക്കാള്‍ വിശിഷ്ടമായിരുന്നു. അവളുടെ സൗന്ദര്യധോരണിയും ആദ്ധ്യാത്മികാകര്‍ഷത്വവും ഏത് കന്യകകളുടെയും ആകാരസുഷുമയെയും ജീവിതവിശുദ്ധിയെയും വെല്ലുന്നതായിരുന്നു. ഒരു വിശുദ്ധാത്മാവിനും കഴിഞ്ഞിട്ടില്ലാത്തവണ്ണം അവള്‍ നീതിയും വിശുദ്ധിയും പ്രസരിപ്പിച്ചു. എല്ലാംകൊണ്ടും ദൈവത്തിന്റെ ഏറ്റവും വലിയ കലാസൃഷ്ടിയും സകലസൃഷ്ടികള്‍ക്കും മകുടവുമാണ് പരിശുദ്ധ കന്യകാമറിയം.

സാധാരണ കുടുംബങ്ങളില്‍ കൊച്ചുകുട്ടികളെ മൂന്നര വയസ്സാകുമ്പോള്‍ വിദ്യാലയത്തില്‍ പഠിക്കുവാന്‍ ചേര്‍ക്കുന്നതുപോലെ, യേശുവിനെക്കുറിച്ച് വ്യക്തമായി അറിയുവാന്‍ ചേര്‍ക്കേണ്ട പാഠശാലയാണ് പരിശുദ്ധ മറിയം. അവിടുത്തെ അധ്യാപിക അവള്‍ തന്നെയാണ്. യേശുവാണ് അവിടുത്തെ പാഠ്യവിഷയം. വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് പരിശുദ്ധ കന്യകാമറിയത്തെ ഒരു പാഠശാലയായി ദര്‍ശിച്ചത്. കാരണം, ദിവ്യകാരുണ്യത്തെക്കുറിച്ച് പഠിപ്പിക്കാന്‍ പരിശുദ്ധ മറിയത്തിന് കഴിയുമെന്ന് പാപ്പ ദൃഢമായി വിശ്വസിച്ചിരുന്നു.

പരിശുദ്ധ മറിയം അവളുടെ മുഴുവന്‍ ജീവിതത്തിലും കുര്‍ബാനയുടെ സ്ത്രീയാണ്. മറിയത്തെ തന്റെ മാതൃകയായി കാണുന്ന സഭ, അവള്‍ക്ക് ഈ പരമപരിശുദ്ധ രഹസ്യത്തോടുള്ള ബന്ധത്തിന്റെ കാര്യത്തില്‍ അവളെ അനുകരിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു. ആമ്മേന്‍ (ഫിയാത്ത്) എന്ന ഒറ്റവാക്കിലൂടെ പരിശുദ്ധ കന്യകാമറിയം ലോകരക്ഷകന്റെ അമ്മയായി മാറി. ഒരു ദാസീനാട്യമോ, പ്രത്യേകതയോ ഇനിവോ ഇല്ലാത്തവളാണ് അവള്‍. തന്റെ യജമാനന്റെ ഹിതമല്ലാതെ അവള്‍ക്ക് സ്വന്തമായി ഇഷ്ടങ്ങളൊന്നുമില്ല. ദാസന്മാരുടെ കണ്ണുകള്‍ യജമാനന്റെ പക്കലേയ്ക്കെന്ന പോലെ മറിയത്തിന്റെ കണ്ണുകള്‍ കര്‍ത്താവിനെ വീക്ഷിച്ചു. വി. അംബ്രോസ് ഉദ്‌ഘോഷിക്കുന്നു ‘എത്ര വലിയ വിനയം, എത്ര വലിയ വിധേയത്വം’. ദൈവത്തിന്റെ അമ്മയായി തിരഞ്ഞെടുക്കപ്പെട്ടവള്‍ അവിടുത്തെ ദാസിയെന്ന് സ്വയം സംബോധന ചെയ്യുന്നു. വാസ്തവത്തില്‍ മറിയം അനുഗ്രഹത്തിന്റെ അമ്മയാണെന്ന് നിസ്സംശയം പറയാം.

മംഗളവാര്‍ത്തിയിലൂടെ തന്നില്‍ ഉരുവായ ദൈവപുത്രനെയും വഹിച്ച് യൂദയായിലെ എലിസബത്തിന്റെ അടുക്കലേക്കുള്ള വരവും അവിടെ വച്ചുണ്ടായ രംഗങ്ങളും അനുസ്മരിച്ചു കൊണ്ടാണ് മാര്‍പ്പാപ്പ ‘ചരിത്രത്തിലെ ആദ്യത്തെ സക്രാരി’ എന്ന് മറിയത്തെ വിശേഷിപ്പിച്ചത്. ദൈവം വസിക്കുന്ന പേടകമാണ് സക്രാരി. ദൈവപുത്രന് വസിക്കുവാന്‍ ചരിത്രത്തിലാദ്യമായി ലഭിച്ച പേടകം മറിയത്തിന്റെ ഉദരമാണ്. അങ്ങനെ മറിയം ചരിത്രത്തിലെ ആദ്യത്തെ സക്രാരിയായി. ഉണ്ണീശോയെ ഉദരത്തില്‍ വഹിച്ച നിമിഷം മുതല്‍ അവള്‍, ‘എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു’ എന്നുപറഞ്ഞ് ദൈവത്തെ അനവരതം മഹത്വപ്പെടുത്തിയിരുന്നു. ജീവിതത്തിന്റെ യാഗവേദിയില്‍ വേദനയുടെ വാളുകള്‍ ഹൃദയത്തില്‍ തറയ്ക്കുമ്പോള്‍ അവ കുരിശിലെ യാഗത്തിന്റെ ഭാഗമാണെന്നും അവ ഹൃദയത്തില്‍ ഏറ്റുവാങ്ങാനുള്ള രക്ഷാകരശക്തി വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ലഭിക്കുമെന്നും മറിയം തന്റെ പാഠശാലയില്‍ ശിഷ്യരായ നമ്മെ പഠിപ്പിക്കുന്നു.

ദൈവികനിയമങ്ങള്‍ പാലിക്കാന്‍ സദാ ജാഗ്രത പുലര്‍ത്തിയ അമ്മ, മാനുഷിക നിയമങ്ങള്‍ക്ക് പരിഗണനയും അര്‍ത്ഥവും ആഴവും നല്‍കി പാലിച്ചവളാണ്. തന്റെ വാക്കും ചെയ്തിയും ഒന്നാണെന്ന് വ്യകതമാക്കുന്ന വ്യക്തിത്വം. ഹൃദയം ദൈവത്തില്‍ വ്യാപരിക്കുന്നതിന്റെ ദൃഷ്ടാന്തം. സമര്‍പ്പണം അതിന്റെ തനിമയില്‍ സ്വന്തമാക്കിയ – അനുവര്‍ത്തിച്ച അമ്മ, സുവിശേഷം സാക്ഷിക്കുന്നതു പോലെ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചവളാണ്. എളിമയും സത്യവും നിറഞ്ഞുനില്‍ക്കുന്ന പൂങ്കാവനം. തനിക്ക് കൈവന്നതെല്ലാം തന്റെ കഴിവും പ്രാപ്തിയും മൂലമല്ല, പ്രത്യുത തന്റെ തമ്പുരാന്‍ കനിഞ്ഞുനല്‍കിയ ദാനമാണ് എന്ന് ഗ്രഹിച്ച് തമ്പുരാന്റെ കൃപയെ – കാരുണ്യത്തെ-അനുഗ്രഹസമൃദ്ധിയെ വാഴ്ത്തിപ്പുകഴ്ത്തുന്ന ജീവിതശൈലി സ്വന്തമാക്കാന്‍, ഏതൊരു മേഖലയിലും ഏതവസ്ഥയിലും മതിമറന്നാനന്ദിക്കാതെ, അമിതമായി ദുഃഖിക്കാതെ, പഴിചാരാതെ എല്ലാം ദൈവത്തിന്റേതാണെന്ന ബോധ്യത്തോടെയുള്ള ആത്മാര്‍ത്ഥതയുടെ പ്രിതീകമായ ജീവിതം. കുരിശിന്റെ പാതയിലേയ്ക്കും വാള്‍മുനയിലേക്കുമാണ് ജീവിതം ആനയിക്കപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞിട്ടും ആവലാതിയില്ലാത്ത പിണക്കമില്ലാത്ത പിണങ്ങാന്‍ സമയമില്ലാത്ത പരിശുദ്ധ അമ്മ.

പ്രവചനങ്ങള്‍ക്കുപരിയായി, ദൈവം തന്നെ നയിക്കുന്ന വഴിയിലൂടെ സമചിത്തതയോടെ മുന്നേറുന്നവള്‍. അതെ. തന്റെ പിതാവിന്റെ പ്രിയപുത്രിയായി നിതാന്ത ജാഗ്രതയോടെ ജീവിതത്തിലെ ഓരോ നിമിഷവും കടത്തിവിട്ട അമ്മ. അന്നയുടെയും ശിമയോന്റെയും പ്രവചനങ്ങള്‍ അമ്മയെ ചഞ്ചലചിത്തയാക്കിയിട്ടില്ല. എല്ലായിടത്തും എപ്പോഴും ദൈവികപദ്ധതി ദര്‍ശിച്ചവള്‍. മാനുഷിക പരിഗണനയെക്കാള്‍, വിലയിരുത്തലുകളെക്കാള്‍ തന്റെ ചിത്തം രക്ഷകനില്‍ വിലയം പ്രാപിക്കാന്‍ അനുവദിച്ചവള്‍. ദൈവത്തില്‍ മാത്രം ആശ്രയം വച്ച അമ്മയ്ക്ക് ജീവിതം വച്ചുനീട്ടിയ കയ്പ് നിറഞ്ഞ വേദനയില്‍ കലുഷിതമായ പാനപാത്രം.

ഒരു യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്റെ ജീവിതം എപ്രകാരം സ്‌നേഹത്തില്‍ അപരനു വേണ്ടിയുള്ള ജീവിതമാകണമെന്നതിന് മറിയം നമുക്ക് മാതൃകയും പ്രചോദനവുമായി. നമ്മുടെ എല്ലാവരുടെയും അന്തിമലക്ഷ്യമായ സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിന്റെ നാന്ദിയും പ്രതീകവുമാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം. മറിയം യഥാര്‍ത്ഥ സ്വാന്ത്ര്യത്തിലേയ്ക്കുള്ള വഴികാട്ടിയാണ്.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് ഇന്ന് നേരിട്ടിരിക്കുന്ന ഏറ്റവും വലിയ വിപത്താണ് എല്ലാ ജീവിതമണ്ഡലങ്ങളിലും കാണപ്പെടുന്ന സ്വാര്‍ത്ഥതയും അതിന്റെ പരിണിതഫലങ്ങളായ സുഖാസക്തി, ധനമോഹം, അധികാരക്കൊതി തുടങ്ങിയവ. ഇവ ആര്‍ജ്ജിക്കുന്നതിനു വേണ്ടി ചതി, വഞ്ചന, കള്ളക്കടത്ത്, കൈക്കൂലി എന്നിങ്ങനെ ഏത് വക്രമാര്‍ഗ്ഗവും അവലംബിക്കുവാന്‍ പലര്‍ക്കും ഇന്ന് ഒരു മടിയുമില്ലെന്നുള്ളത് ഒരു നഗ്നസത്യമാണ്. ഇവിടെയാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേയ്ക്കും മനുഷ്യത്വത്തിലേയ്ക്കുമുള്ള മാര്‍ഗ്ഗദര്‍ശിയായി മറിയം നിലകൊള്ളുന്നത്.

പരിശുദ്ധ അമ്മയെ കൂടുതലായി നാം ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിന് ജപമാല പോലെ നല്ലൊരു പ്രാര്‍ത്ഥന വേറെയില്ല. ആത്മീയ യുദ്ധത്തിലെ ആയുധമായ ജപമാല അത്ഭുതകരമായ ശക്തിസ്രോതസ്സാണ്. ജപമാല പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ടാല്‍ ഒരു ഛിദ്രശക്തിക്കും നമുക്കെതിരെ നില്‍ക്കാന്‍ കഴിയില്ല. ആകുലതകളിലും വ്യാകുലതകളിലും പെട്ട് നീറുന്ന മനസ്സുകള്‍ക്കും തകര്‍ന്ന കുടുംബങ്ങള്‍ക്കും പുതുജീവന്‍ പകരാന്‍ ജപമാലയ്ക്ക് കഴിയും. പ്രാര്‍ത്ഥനകളില്‍ ഏറ്റവും മനോജ്ഞവും പ്രസാദവര സമ്പന്നവുമാണ് ജപമാല. കത്തോലിക്കര്‍ ദൈവജനനിയുടെ ദിവ്യശിരസ്സില്‍ വയ്ക്കുന്ന ഒരു കനക കിരീടമാകുന്നു ജപമാല. നമ്മുടെ ജീവിതത്തില്‍ അനുദിന ജപമാലഭക്തി വഴി സിദ്ധിച്ചിട്ടുള്ള അനുഗ്രഹങ്ങള്‍ നിരവധിയായിരിക്കും. അല്‍ബിജേന്‍സിയന്‍ പാഷണ്ഡത സത്യദൈവത്തെയും ധാര്‍മ്മിക മൂല്യങ്ങളെയും നിഷേധിച്ചതു പോലെ, ഇന്ന് കമ്മ്യൂണിസവും സത്യദൈവത്തെയും ധാര്‍മ്മിക മൂല്യങ്ങളെയും നിഷേധിക്കുകയാണ്. അതിനെതിരായുള്ള വെല്ലുവിളിയാണ് ജപമാല.

കൊന്തക്കെഴുന്ന മഹിതഗുണങ്ങളേതും
ചിന്തിച്ചീടാത്ത നരനൊന്നു ധരിച്ചീടേണം
സന്താപസിന്ധുവിലണഞ്ഞ മര്‍ത്യനെന്നും
മന്ദാരമാല ജപമാല ദൃഢാവലംബം (ചിന്താമണി)

രഹസ്യങ്ങളില്‍ ധ്യാനിച്ചു കൊണ്ടുള്ള ജപമാല നമ്മുടെ ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും ഒരേ അവസരത്തില്‍ പ്രവര്‍ത്തന നിരതമാക്കി ദൈവത്തിന് ഏറ്റവും പ്രീതിജനകമായ സ്വര്‍ഗ്ഗീയ സംഗീതസാന്ദ്രമാക്കി തീര്‍ക്കുന്നു. ഏത് കാലത്തെക്കാളുമുപരിയായി ഈ ആധുനിക കാലഘട്ടത്തില്‍ പരിശുദ്ധ കന്യകാമറിയത്തെ നമുക്ക് ആവശ്യമുണ്ട്. ഇത് ക്രൂരതയുടെ കാലമാണ്. ഇന്ന് രാഷ്ട്രങ്ങളെ ഭരിക്കുന്നത് സ്വര്‍ണ്ണവും ഉരുക്കുമാണ്. അത്യാഗ്രഹവും പ്രതികാരേച്ഛയും അവയെ കാര്‍ന്നുതിന്നുന്നു. മനുഷ്യത്വത്തെ അപമാനിക്കുന്ന ദുഷ്ടതകളെങ്ങും നടമാടുന്നു. ഈ വിപത്സന്ധിയില്‍ പരിശുദ്ധ അമ്മ നമ്മെ ഭരിച്ചില്ലെങ്കില്‍ നാം നശിച്ചുപോകും.

അമ്മമാര്‍ ജീവന്‍ നല്‍കുന്നവരാണ്. അതിനാല്‍ പരിശുദ്ധ അമ്മയെ നമുക്ക് കൂട്ടിന് വിളിക്കാം. നരകത്തെ ജയിച്ചവളാണ് പരിശുദ്ധ അമ്മ. എല്ലാ ഇടത്തൂണുകളും അവള്‍ നശിപ്പിക്കും എന്ന് തിരുസഭ ഉദ്‌ഘോഷിക്കുന്നു. ഇരുളടഞ്ഞ രാത്രിയില്‍ പ്രത്യാശയുടെ പ്രതീകമായി -പ്രഭയായി പ്രഭാതതാരം പോലെ ഉദിച്ചുയരുന്ന വലിയ അടയാളമാണ് പരിശുദ്ധ കന്യകാമറിയം. അമ്മയില്‍ വിളങ്ങിനിന്ന വിശ്വാസം, പ്രത്യാശ, ദൈവസ്‌നേഹം, സഹോദരസ്‌നേഹം, ക്ലേശങ്ങളില്‍ സഹിഷ്ണുത, അപമാനങ്ങളില്‍ ക്ഷമ, എപ്പോഴും എവിടെയും ദൈവതിരുമനസ്സിനോട് വിധേയത്വം, ഈശോയുടെ നേര്‍ക്കുള്ള ആര്‍ദ്രമായ സ്‌നേഹവായ്പ് എന്നീ പുണ്യങ്ങള്‍ നമ്മിലും സ്വായത്താമാക്കാന്‍ പരിശ്രമിക്കാം.

മരിയാംബികയുടെ പൊന്നോമനയായ് ജീവിക്കും ഞാനെന്നും
വിനയം വഴിയും കനകവിളക്കായ് തെളിഞ്ഞു നില്‍ക്കും ഞാനെന്നും (സി.പി. പള്ളിപ്പുറം) – എന്ന ഉറച്ച തീരുമാനം നമുക്കെടുക്കാം. മറിയം എന്ന പാഠശാലയില്‍ നിന്ന് ലഭിച്ച ദൈവസ്‌നേഹാഗ്നിയും സഹോദരസ്‌നേഹാഗ്നിയും നമ്മില്‍ കത്തിപ്പടരട്ടെ.

സി. ജെയിന്‍ സിഎച്ച്എഫ്