പരിശുദ്ധാത്മാവിന്റെ സാന്നിധ്യം വിശുദ്ധ ഗ്രന്ഥത്തിൽ ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഉൽപത്തി പുസ്തകത്തിൽ

ഈശോയുടെ വരവോടെയാണ് പരിശുദ്ധ ത്രീത്വത്തിലുള്ള വിശ്വാസം ആഴപ്പെട്ടതെങ്കിലും പഴയനിയമത്തിൽ പലയിടത്തും പരിശുദ്ധാത്മാവിന്റെ ശക്തിയെക്കുറിച്ച് പരാമര്‍ശമുണ്ട്. ഉൽപത്തി പുസ്തകത്തിന്റെ ആരംഭത്തിൽ തന്നെ പരിശുദ്ധാത്മാവിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു” (ഉല്‍. 1: 1-2). വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്ന ആ ചൈതന്യത്തെയാണ് പരിശുദ്ധാത്മാവായി കണക്കാക്കുന്നത്.

ശ്വാസം, വായു, കാറ്റ് എന്നൊക്കെ അർത്ഥമുള്ള റൂഹാ എന്ന ഹീബ്രു വാക്കാണ് പഴയനിയമത്തിൽ പലയിടത്തും പരിശുദ്ധാത്മാവിനെ സൂചിപ്പിക്കുന്നത്. ഇതിന് വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ ഒരു വിശദീകരണവും നൽകിയിട്ടുണ്ട്. “മനുഷ്യന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വായു. അതില്ലാതെ ജീവിക്കാൻ പറ്റില്ല. എന്നാൽ ശ്വാസം അഥവാ വായുവിനെ ആർക്കെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ, ഉണ്ടെന്നതിന് എന്തെങ്കിലും കൃത്യമായ തെളിവുണ്ടോ. അതിന് രൂപമോ ഭാവമോ നിറമോ ഗന്ധമോ ഉണ്ടോ. ഇത്തരത്തിലാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളും” എന്നാണ് പാപ്പാ പറഞ്ഞത്.

കാരണം, ദൃശ്യമല്ലെങ്കിലും ശക്തമായ സാന്നിധ്യവും സഹായവും നൽകുന്ന ആത്മീയശക്തിയായി പരിശുദ്ധാത്മാവ് നിലകൊള്ളുന്നു. ദൈവത്തിന്റെ അതുല്യ പദ്ധതികളെ ഭംഗിയായി പ്രാവർത്തികമാക്കുന്നു.