സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വളരാന്‍ അനുവദിക്കരുതെന്ന് ലോക മനുഷ്യാവകാശ സംഘടനയോട് വത്തിക്കാന്‍

ഗാര്‍ഹികപീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അനുവദിക്കരുതെന്ന് ലോക മനുഷ്യാവകാശ സംഘടനയോട് വത്തിക്കാന്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ ദുരുപയോഗം ചെയ്യുന്ന പ്രതികള്‍ക്കുള്ള ശിക്ഷകളിലെ ഇളവ്, ഈ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മൗനവും നിസ്സംഗതയും തുടങ്ങിയവയും മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ ജനീവയിലുള്ള കേന്ദ്രത്തിലേക്കുള്ള, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യസംഘം അഭിപ്രായപ്പെട്ടത്.

അതുപോലെ തന്നെ ലൈംഗികാതിക്രമത്തിന്റെ ഫലമായി ജനിച്ച കുട്ടികള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് മറക്കരുതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെയുള്ള കുട്ടികള്‍, സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ പാര്‍ശ്വഫലമായി തഴയപ്പെടരുതെന്നും അവരെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യണമെന്നും ദൗത്യസംഘം ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര തലത്തിലുള്ള ഐക്യദാര്‍ഢ്യം, അഭയാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, സമഗ്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിക്കല്‍, ഡിജിറ്റല്‍ ലോകത്ത് വ്യക്തികളുടെ സ്വകാര്യത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജനീവയിലെ ഐക്യരാഷ്ട്ര സഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യസംഘം സംസാരിച്ചു. പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യസംഘത്തെ നയിക്കുന്ന ആര്‍ച്ച്ബിഷപ്പ് ഇവാന്‍ യൂര്‍ക്കോവിച്ച് ആണ് ഈ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.