കാലാവസ്ഥാ വ്യതിയാനവും കുടിയേറ്റവും: കൂട്ടായ നടപടി ഉടന്‍ ഉണ്ടാവണമെന്ന് വത്തിക്കാന്‍

ലോകം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രധാന പ്രശ്നങ്ങളായ കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം എന്നിവയെക്കുറിച്ച് സമഗ്രമായ പഠനവും ചര്‍ച്ചയും കൂട്ടായ നടപടിയും ഉടന്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥിരം അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കോവിച്ച് പറഞ്ഞു. കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെ പാനലില്‍ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ വളരെ ദോഷകരമായ രീതിയില്‍ കാലാവസ്ഥാ വ്യതിയാനം ബാധിക്കുമെന്നും അതുപോലെ തന്നെ കുടിയേറ്റത്തിലൂടെ ഈ വര്‍ഷം മാത്രം 743 പേരുടെ ജീവന്‍ മെഡിറ്ററേനിയന്‍ കടലില്‍ പൊലിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അക്രമവും ദാരിദ്രവും നിറഞ്ഞ ഇടങ്ങളില്‍ നിന്ന് ജീവനും കൈയ്യില്‍ പിടിച്ച് പലായനം ചെയ്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അതില്‍ പെടുന്നു – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കാണണോ കാണേണ്ടയോ’ എന്നതാണ് ഇക്കാര്യത്തില്‍ നാം തിരഞ്ഞെടുക്കേണ്ടതെന്നും കോവിഡ്-19 പോലെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒന്നല്ല കാലാവസ്ഥാ വ്യതിയാനമെന്നും അത് കാലങ്ങളായി ഭൂമിയില്‍ നടന്നുവരുന്നതാണെന്നും അതുകൊണ്ടു തന്നെ ഇനിയെങ്കിലും അടിയന്തര നടപടി ഇതിന് പരിഹാരമായി ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.