വത്തിക്കാനും ബുര്‍ക്കിനൊ ഫാസൊയും തമ്മില്‍ ഉടമ്പടി

പശ്ചിമാഫ്രിക്കന്‍ നാടായ ബുര്‍ക്കിനൊ ഫാസൊയും പരിശുദ്ധ സിംഹാസനവും ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. ബുര്‍ക്കീനൊ ഫാസൊയില്‍ സഭയ്ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പുനല്കുന്ന ഈ ഉടമ്പടി വെള്ളിയാഴ്ച വത്തിക്കാനില്‍ വച്ചാണ് ഒപ്പുവയ്ക്കപ്പെട്ടത്.

വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ പരിശുദ്ധ സിംഹാസനത്തിനുവേണ്ടിയും ബുര്‍ക്കിനോ ഫാസൊയുടെ വിദേശകാര്യങ്ങള്‍ക്കും സഹകരണത്തിനുമായുള്ള മന്ത്രി ആല്‍ഫ ബാരി അന്നാടിനു വേണ്ടിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രധാനമായും, ബുര്‍ക്കിനൊ ഫാസോയില്‍ കത്തോലിക്കാ സഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കും നൈയമിക അംഗീകാരം നല്കുന്നതാണ് ഈ ഉടമ്പടി.

രാഷ്ട്രത്തിന്‍റെയും സഭയുടെയും സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും ആദരിച്ചുകൊണ്ട് ഇരുവിഭാഗവും മനുഷ്യവ്യക്തിയുടെ ധാര്‍മ്മികവും ആദ്ധ്യാത്മകവും ഭൗതികവുമായ സുസ്ഥിതിയും പൊതുനന്മയും പരിപോഷിപ്പിക്കുന്നതിന് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കും എന്ന് ഉടമ്പടിയിൽ ചൂണ്ടിക്കാട്ടുന്നു.