ശ് ശ് ശ്… അവിടുന്ന് വിശ്രമിക്കുകയാണ്…

സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിക്കുന്നു. നിശ്ശബ്ദത പാലിക്കുക! സാന്ദ്രനിശ്ശബ്ദതയില്‍, അവിടന്ന് മുമ്പു പറഞ്ഞതിന്റെയും ആചരിച്ചതിന്റെയും ധ്വനികള്‍ നമുക്കു കൂടുതല്‍ വ്യക്തമാകും…

പിതാവിന്റെ ഹിതത്തിനു പൂര്‍ണമായും കീഴ്‌വഴങ്ങി തോട്ടത്തിനകത്തുതന്നെ അറസ്റ്റും കല്ലറയും വരിക്കുന്ന പുത്രന്‍, ദൈവഹിതത്തിന്റെ തോട്ടത്തില്‍ വീണഴുകി നൂറുമേനി ഫലം പുറപ്പെടുവിക്കുന്ന ഗോതമ്പുമണിയാണെന്നു (യോഹ 12:24) നാം കഴിഞ്ഞ കുറിപ്പില്‍ കണ്ടല്ലോ. ‘മണ്ണില്‍ പൂണ്ടുകിടക്കുന്ന വിത്തിന്റെ അവസ്ഥയാണ് കല്ലറയില്‍ നിശ്ചലനായിക്കിടക്കുന്ന മിശിഹായുടേത്.’ അതിനു മഗ്ദലനാമറിയത്തെപ്പോലെ കാവലിരിക്കാന്‍ കൊതിക്കുന്ന മനസ്സാണ് വലിയ ശനിയാഴ്ച സഭയുടേത്. നടക്കാനിരിക്കുന്ന മുളപൊട്ടലിന്റെ മൃദുസ്വനം അവിടെ കേള്‍ക്കാനാകും…

ഈശോയുടെ ഈ നീണ്ടവിശ്രമത്തിന് ഒരു മരിയന്‍ സ്പര്‍ശമുണ്ട്. ”പിതാവേ, അങ്ങേ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” എന്നു പറഞ്ഞ് യേശു ജീവന്‍ വെടിഞ്ഞു എന്നു കാണുന്നത് മരിയന്‍ പരാമര്‍ശങ്ങള്‍ പലതുള്ള, ‘സ്ത്രീകളുടെ സുവിശേഷം’ എന്നുകൂടി ഓമനപ്പേരുള്ള വി. ലൂക്കായുടെ സുവിശേഷത്തിലാണ് (23,46). രാത്രിവിശ്രമത്തിനായി കിടക്കുംമുമ്പ് കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഓരോ യഹൂദ അമ്മയ്ക്കും നിര്‍ബന്ധമുണ്ടായിരുന്ന സങ്കീര്‍ത്തനഭാഗമാണത് – സങ്കീ 31,5. കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ അതു പരിശീലിപ്പിക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധവച്ചിരുന്നു. താന്‍ കുഞ്ഞായിരുന്നപ്പോള്‍ മേരിയമ്മ പഠിപ്പിച്ച വിശ്രമത്തിന്റെ സങ്കീര്‍ത്തനപ്രാര്‍ത്ഥനയും ചൊല്ലിയാണ് ആ മുപ്പത്തിമൂന്നു വയസ്സുകാരന്‍ മൂന്നു ദിവസം നീളുന്ന തന്റെ ഉറക്കത്തിലേക്കു പ്രവേശിച്ചത്.

പണ്ട് മണ്ണിലെ അമ്മയുടെ മാറില്‍ കിടന്നവന്‍ ഇന്ന് സ്വര്‍ഗത്തിലെ അപ്പന്റെ വിരിമാറിലാണെന്നുമാത്രം! മരണാനന്തരവിശ്രമത്തില്‍ ഈശോ 131-ാം സങ്കീര്‍ത്തനം ജീവിക്കുകയായിരുന്നെന്നു വേണമെങ്കില്‍ പറയാം. നിശ്ചലമായ ആ ദിവ്യാധരങ്ങള്‍, ”മാതാവിന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി” (സങ്കീ 131,2) എന്നു പാടാന്‍ വെമ്പിയിട്ടുണ്ടായിരിക്കാം! ആശ്രയത്തിന്റെ ചാഞ്ഞുറക്കമാണത്. Trust is Rest! വിശ്വസിക്കുന്നവര്‍ക്കുള്ളതാണ് വിശ്രമം (cf. ഹെബ്രാ 4,1.2), ഹൃദയം കഠിനമാക്കുന്നവര്‍ക്കും ദൈവത്തെ പരീക്ഷിക്കുന്നവര്‍ക്കുമുള്ളതല്ല. ”അവര്‍ ഒരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല” എന്നു ദൈവം പറഞ്ഞത് ആരെക്കുറിച്ചാണെന്ന് ഓര്‍മ്മയുണ്ടല്ലോ (cf. സങ്കീ 95,9.11).

വിമോചനവും വിശ്രമവും ചങ്ങാതികളാണ്! സാബത്തുകല്പനയുടെ കാരണമായി പുറപ്പാടുഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് (പുറ 20,11) സൃഷ്ടിക്കുശേഷം ദൈവം വിശ്രമിച്ചു എന്നതാണെങ്കില്‍, നിയമാവര്‍ത്തനഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നത് (നിയ 5,15) ഈജിപ്തില്‍നിന്ന് ദൈവം ഇസ്രായേല്യരെ മോചിപ്പിച്ചു എന്ന യാഥാര്‍ത്ഥ്യമാണ്. വിമോചനത്തിന്റെ ആഘോഷമെന്നോണം സാബത്താചരിക്കാന്‍ നിയമാവര്‍ത്തന ഗ്രന്ഥഭാഗം നമ്മെ ആഹ്വാനം ചെയ്യുന്നു. പാപത്തിലും ശിക്ഷയിലും മരണത്തിലും നിന്നുള്ള മനുഷ്യന്റെ കടന്നുപോകലിന് യേശുവിന്റെ പീഡാസഹനമരണങ്ങള്‍ കാരണമായെന്ന പെസഹാദൈവശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍, മാനവവിമോചനത്തിന്റെ ആഘോഷമായും യേശുവിന്റെ സാബത്തുവിശ്രമത്തെ കാണാവുന്നതാണ്. എന്തിന്, അവിടന്ന് സ്വന്തം വിശ്രമംപോലും പാതാളത്തിലെ നീതിമാന്മാരുടെ വിമോചനത്തിന് ഉപയുക്തമാക്കിയെന്നാണല്ലോ ബൈബിളും (എഫേ 4,9; 1പത്രോ4,6) പുരാതനരേഖകളും (നിക്കൊദേമൂസിന്റെ സുവിശേഷം; പത്രോസിന്റെയും പൗലോസിന്റെയും നടപടികള്‍; ഗ്രീക്കുപിതാക്കന്മാര്‍ 43, 440A, 452C) സാക്ഷ്യപ്പെടുത്തുന്നത്. അങ്ങനെ, ‘പുത്രന്റെ വിശ്വസ്തതയും കാരുണ്യവും (cf. ഹെബ്രാ 2,17) മെനഞ്ഞെടുത്ത സമ്പൂര്‍ണവിശ്രമത്തിന് പിതാവു നല്കിയ സമ്മാനത്തിന്റെ പേരാണെന്നു തോന്നുന്നു തിരുവുത്ഥാനം!’

ഒപ്പം, ‘വിമോചനത്തിനു നിമിത്തമാകുന്നവര്‍ക്കേ വിശ്രമിക്കാന്‍ അവകാശമുള്ളൂ’ എന്നു കടത്തിപ്പറയാനും ഇവിടെ എനിക്കു തോന്നുന്നു. സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതരായ (ഗലാ 6,5) ”ദൈവജനത്തിന് ഒരു സാബത്തുവിശ്രമം ലഭിക്കാനിരിക്കുന്നു” (ഹെബ്രാ 4,9). കാരണം, അവരാണ് വിമോചകര്‍; അവര്‍ മാത്രമാണ് വിശ്വാസികളും.

ലോക്ക്ഡൗണ്‍ കാലത്തെ വലിയ ശനിയാഴ്ച അതുല്യമായ ഒന്നാണ്… പുത്രനോടൊപ്പം വിശ്രമിക്കാന്‍ പിതാവ് കനിഞ്ഞു തന്നതാണ് രണ്ടുമാസം നീളുന്ന ഈ വലിയ ശനിക്കാലം എന്നു തോന്നിപ്പോകുന്നു. കല്ലറയനുഭവമാണ് പലര്‍ക്കും ഇത്! പക്ഷേ, പുത്രന്റെ വിശ്രമാന്ത്യം എന്തായിരുന്നോ, അതുതന്നെയായിരിക്കും എന്റെയും നിങ്ങളുടെയും ഈ കല്ലറക്കാലത്തിന്റേതും. നമ്മള്‍ തീര്‍ച്ചയായും അവനോടൊപ്പം ഉയിര്‍ക്കും – ഇവിടെയും അവിടെയും!

ഫാ. ജോഷി മയ്യാറ്റിൽ