അണുബോംബില്‍ നിന്ന് പ്രതിരോധം തീര്‍ത്ത ജപമാല 

1945 ആഗസ്റ്റ് 06. ജപ്പാനിലെ ഹിരോഷിമയില്‍ ആദ്യ അണുബോംബ് പതിച്ച ദിനം. ബോംബ് നിപതിച്ച സ്ഥലത്തു നിന്ന് ആകാശത്തോളം അഗ്നിഗോളം പടര്‍ന്നു. ആ നിമിഷം തന്നെ രണ്ടു കിലോമീറ്ററോളം ചുറ്റളവിലുള്ള സകലതിനെയും അത് നിശേഷം ചാമ്പലാക്കി. ഈ സ്‌ഫോടനത്തിന്റെ ശക്തിയാല്‍ 80,000 -ഓളം ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. റേഡിയേഷന്റെ ഫലമായി വര്‍ഷാവസാനമായപ്പോഴേക്കും മരിച്ചവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഇന്നും അവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് അന്നത്തെ അണുബോംബിന്റെ കറുത്ത ഓര്‍മ്മകള്‍ കടന്നുവരുന്നത്.

എന്നാല്‍, ഈ ദുരന്തത്തിനു നടുവിലും അതിശയകരമായ ഒരു കാര്യം സംഭവിച്ചു. ബോംബ് പതിച്ച സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഇടവക ദൈവാലയത്തോട് ചേര്‍ന്ന് ഒരു ഈശോസഭാ ആശ്രമവും അവിടെ എട്ട് സന്യാസികളുമുണ്ടായിരുന്നു. ഈ എട്ടുപേരും അണുബോംബ് സ്‌ഫോടനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു എന്നുള്ളതാണ്. ചുറ്റുമുള്ള കെട്ടിടങ്ങള്‍ നിശേഷം തകര്‍ക്കപ്പെട്ടപ്പോള്‍ ഈ ആശ്രമത്തിന് ചെറിയ കേടുപാടുകള്‍ മാത്രമാണുണ്ടായത്.

സ്‌ഫോടനം നടക്കുമ്പോള്‍ മുപ്പതു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ജര്‍മ്മന്‍കാരനായ ഈശോസഭാ വൈദികന്‍ ഫാ. ഹ്യൂബെര്‍ട് ഷിഫറാണ് ഈ സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായത്. അറുപത്തിമൂന്നാമത്തെ വയസ്സു വരെ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതെ അദ്ദേഹം ജീവിച്ചു. 1976 -ല്‍ പ്രസ്തുത അഭിമുഖത്തിന് അദ്ദേഹം തയ്യാറാകുമ്പോള്‍, അന്ന് ആ ആശ്രമത്തിലുണ്ടായിരുന്ന എട്ട് സന്യാസികളും ജീവിച്ചിരിപ്പുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: “1945 ആഗസ്റ്റ് ആറാം തീയതി വിശുദ്ധ ബലിക്കു ശേഷം പ്രഭാതഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുമ്പോള്‍ വലിയൊരു പൊട്ടിത്തെറിയുണ്ടായി. ഹിരോഷിമയില്‍ പട്ടാളം ധാരാളമായി താമസിച്ചിരുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണെന്നാണ് കരുതിയിരുന്നത്. പക്ഷേ, പെട്ടെന്ന് വലിയ ഇടിമുഴക്കം പോലെ എന്തോ ശബ്ദം കേട്ടു. ഞാന്‍ കസേരയില്‍ നിന്ന് തെറിച്ചുപോയി. വായുവില്‍ രണ്ടുമൂന്നു പ്രാവശ്യം കറങ്ങി നിലത്തുവീണു. എണീറ്റു നോക്കുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. ശരീരത്തില്‍ ചെറിയ മുറിവുകള്‍ മാത്രമാണുണ്ടായിരുന്നത്.”

പിന്നീട് അമേരിക്കന്‍ പട്ടാള ഡോക്ടര്‍മാരുടെ പരിശോധനയില്‍ അദ്ദേഹത്തിനും സഹോദര സന്യാസികള്‍ക്കും റേഡിയേഷനില്‍ നിന്നുണ്ടായ യാതൊരു പ്രശ്നവുമുള്ളതായി കണ്ടെത്താനായില്ല. എങ്ങനെയാണ് രക്ഷപെട്ടത് എന്നുള്ളതിന് ഫാ. ഹ്യൂബര്‍ട് ഷിഫറിനും സഹോദരന്മാര്‍ക്കും ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. “ഞങ്ങള്‍ ഫാത്തിമായില്‍ മാതാവ് നല്‍കിയ സന്ദേശം അനുസരിച്ചാണ് ജീവിച്ചത്. അനുദിനം ഈ യുദ്ധക്കെടുതിയില്‍ നിന്ന് രക്ഷപെടുന്നതിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു.”

പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെടുന്നത് 1917 -ലാണ്. ഒക്‌ടോബര്‍ പതിമൂന്നാം തീയതി ഫ്രാന്‍സിസും ജെസീന്തയും ലൂസിയും അവിടെ തടിച്ചുകൂടിയ ആയിരങ്ങളോടൊപ്പം സൂര്യന്റെ നിറം മാറുന്നതും ഭൂമിയില്‍ നിപതിക്കാന്‍ തുടങ്ങുന്നതും തങ്ങളുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുകയുണ്ടായി. പലരും ലോകാവസാനമാണെന്നു കരുതി. എന്നാല്‍, എല്ലാവരെയും ആശ്വസിപ്പിച്ചുകൊണ്ട് സൂര്യന്‍ പതിയെ മടങ്ങിപ്പോയി. എല്ലാവരും മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു മടങ്ങിവരണമെന്നാണ് ഫാത്തിമ മാതാവ് നല്‍കിയ സന്ദേശം. പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും സത്പവൃത്തികളും പ്രായശ്ചിത്തപ്രവൃത്തികളും ധാരാളമായി ചെയ്യണമെന്നും പരിശുദ്ധ ദൈവമാതാവ് നിര്‍ദ്ദേശിച്ചിരുന്നു.