പരിശുദ്ധ ജപമാല

ഫാ. സാജന്‍ ജോസഫ്‌

മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിനായി പരിശുദ്ധ കന്യകാമറിയം നല്കുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് പരിശുദ്ധ ജപമാല. വിശ്വസത്തോടെ കരങ്ങളിലെടുക്കുമ്പോഴും, കഴുത്തിൽ ധരിക്കുമ്പോഴും, പ്രാർത്ഥിക്കുമ്പോഴും പൊടുന്നനെ തിന്മയെ ഉന്മൂലനം ചെയ്യുന്ന ഒരു ആയുധമായി മാറുന്ന അമൂല്യ ജപമണിയാണ് ജപമാല. പരിശുദ്ധ അമ്മയുടെ നിരന്തരമായ സാന്നിധ്യം നാം ഉരുവിടുന്ന ഓരോ ജപമാല പ്രാർത്ഥനയിലുമുണ്ട്.

ജപമാലയുടെ ശക്തി മനസിലാക്കി കഴിഞ്ഞാൽ പിന്നെ ഒരു ദിവസവും ജപമാല ചൊല്ലാതിരിക്കാൻ നമുക്കാവില്ല. ദിവ്യരഹസ്യങ്ങളുടെ റോസാപുഷ്പങ്ങൾ ഒളുപ്പിച്ചുവച്ചിരിക്കുന്ന ഒരു താക്കോലാണ്‌ ജപമാല. പൈശാചിക പീഢകളിൽ നിന്ന് രക്ഷപ്പെടാനും പാപത്തിൽ നിപതിക്കാതിരിക്കാനും നിരന്തരമായ സംരക്ഷണത്തിന്റെയും, അനുഗ്രഹത്തിന്റെയും കോട്ട നമുക്കു ചുറ്റും തീർക്കുന്ന അമർത്യതയുടെ കവചമാണ് പരിശുദ്ധ ജപമാല.

മുട്ടിന്മേൽ നിന്ന് ത്യാഗത്തോടെയും സഹനത്തോടെയും കണ്ണുനീരോടെയും അടിയുറച്ച വിശ്വസത്തോടെയും പരിശുദ്ധ മാതാവിന്റെ കരം പിടിച്ച് സ്വർഗ്ഗത്തിലേയ്ക്ക് ഉയർത്തുന്ന ജപമാല പ്രാർത്ഥന ഒരിക്കലും ഫലരഹിതമാകാറില്ല. ലോകദൃഷ്ടിയിൽ അസാധ്യമെന്ന് എഴുതിത്തള്ളിയ പലതിനേയും സാധ്യമാക്കാൻ ഈ ജപമണികൾക്കാകും.

തിരുസഭ എപ്പോഴെല്ലാം ശത്രുക്കളുടെ നിരന്തരമായ ആക്രമണങ്ങളിൽ ആടിയുലഞ്ഞുവോ അപ്പോഴെല്ലാം കരങ്ങളിൽ ഉയർത്തപ്പെട്ട ജപമാലകളും അധരങ്ങളിൽ നിന്നുയർന്ന ജപമണികളും തിരുസഭയാകുന്ന നൗക ആടിയുലയാതെ, മുങ്ങിത്താഴാതെ, തകർന്നു പോകാതെ കാത്തുസംരക്ഷിച്ചു. ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ ഈ ലോകം മുഴുവൻ രക്ഷ പ്രാപിക്കാനും, വിശുദ്ധീകരിക്കപ്പെടാനും, സമാധാനത്തിൽ നിലനില്‍ക്കാനും അനുദിനം ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു.

നമ്മുടെ കരങ്ങളിൽ ജപമാലയാകുന്ന ആയുധമെടുക്കാം. തകർന്നുപോകുന്ന ഇന്നത്തെ കുടുംബങ്ങളുടെ കെട്ടുറപ്പിനായും, വിശുദ്ധി നഷ്ടപ്പെട്ട ജീവിതങ്ങൾ വിശുദ്ധി വീണ്ടെടുക്കാനും, വിശ്വാസം നഷ്ടപ്പെട്ട തലമുറകൾ വിശ്വസത്തിലേയ്ക്ക് തിരിച്ചുവരുവാനും, അസമാധാനം നിറഞ്ഞ ലോകം സമാധാനത്തിൽ ചരിക്കാനും, തിന്മയുടെ പിടിയിൽ പെട്ടുപോയവർ നന്മയെ പുല്കാനും, ലഹരിക്കടിമപ്പെട്ട പുതു തലമുറ അതിൽ നിന്ന് പിന്തിരിയാനും, പ്രത്യാശ നശിച്ച ഓരോ മകനും മകളും പ്രതീക്ഷയോടെ ജീവിതത്തെ നോക്കിക്കാണാനും, ചതിക്കുഴികളിൽ നിപതിച്ചു പോയ ഓരോ ജീവിതങ്ങളും അതിൽ നിന്ന് പുറത്തു കടക്കുവാനും, ശിഥിലമായിപ്പോയ സാമൂഹികബന്ധങ്ങൾ പുനഃസ്ഥാപിക്കപ്പെടാനും, ഒറ്റപ്പെട്ടു പോയ ജീവിതങ്ങൾ ഒരുമയെ പുല്കാനും, വെറുപ്പും വിദേഷവും പകയും മാത്സര്യവും നിറഞ്ഞ ജീവിതങ്ങൾ സ്നേഹത്തിന്റെയും കരുതലിന്റെയും ക്ഷമയുടേയും കാരുണ്യത്തിന്റെയും വിട്ടുകൊടുക്കലിന്റെയും മാതൃകകളായി രൂപാന്തരപ്പെടാനും പരിശുദ്ധ ജപമാല ദിനവും ചൊല്ലി പ്രാർത്ഥിക്കാം. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് നമ്മെ ഓരോരുത്തരെയും സമർപ്പിക്കാം.

ഫാ. സാജന്‍ ജോസഫ്, തക്കല രൂപത

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.