വിശുദ്ധ കുര്‍ബാന: മതബോധനം, സഭാനിയമം, പ്രായോഗിക അറിവുകള്‍

I. മതബോധനം

1. യേശുക്രിസ്തു തന്‍റെ ശരീരരക്തങ്ങള്‍, തന്നെത്തന്നെ, നമുക്കു നല്കുന്ന കൂദാശയാണ് വിശുദ്ധ കുര്‍ബാന അഥവാ ദിവ്യകാരുണ്യം.
2. തന്‍റെ മരണത്തിനുമുമ്പ് ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലാണ് ഈശോ ദിവ്യകാരുണ്യം സ്ഥാപിച്ചത്.
3. കുര്‍ബാനയാഘോഷം ക്രൈസ്തവകൂട്ടായ്മയുടെ ഹൃദയമാണ്. അതില്‍ സഭ സഭയായിത്തീരുന്നു.
4. പവിത്രീകൃതമായ അപ്പത്തിലും വീഞ്ഞിലും ദൈവം സത്യത്തില്‍ സന്നിഹിതനാണ്. അതുകൊണ്ട് ആ ദിവ്യദാനങ്ങള്‍ അങ്ങേയറ്റം ആദരവോടെ നാം സൂക്ഷിക്കണം. നമ്മുടെ കര്‍ത്താവും ദൈവവുമായവനെ പരിശുദ്ധ പരമദിവ്യകാരുണ്യത്തില്‍ ആരാധിക്കുകയും വേണം.
5. എല്ലാ ഞായറാഴ്ചയും എല്ലാ കടമുള്ള ദിവസവും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ കത്തോലിക്കര്‍ കടപ്പെട്ടിരിക്കുന്നു.
6. വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി കത്തോലിക്കനായിരിക്കണം. അയാളുടെ മനസ്സാക്ഷിയില്‍ ഗൗരവാവഹമായ പാപമുണ്ടെങ്കില്‍ ആദ്യം കുമ്പസാരിക്കണം. അള്‍ത്താരയെ സമീപിക്കുന്നതിനു മുമ്പ് അയല്ക്കാരുമായി രമ്യതയിലാവുകയും വേണം.
7. പരിശുദ്ധ കുര്‍ബാന യോഗ്യതയോടെ ഉള്‍ക്കൊള്ളുവാന്‍ വേണ്ട കാര്യങ്ങള്‍:

  • a. പ്രസാദവരം ഉണ്ടായിരിക്കണം
  • b. ദിവ്യകാരുണ്യസ്വീകരണത്തിനു മുമ്പ് ഒരുമണിക്കൂര്‍ സമയം ഉപവസിക്കണം (വെള്ളം കുടിക്കാം).
  • c. വേണ്ടത്ര ഭക്തിയും ഒരുക്കവും ഉണ്ടായിരിക്കണം.

8. എല്ലാ ദിവസവും വി.കുര്‍ബാനയില്‍ സംബന്ധിക്കുന്നതും വി. കൂര്‍ബാന സ്വീകരിക്കുന്നതും അഭിലഷണീയമാണ്.

II. സഭാനിയമം

1. മെത്രാന്മാര്‍ക്കും വൈദികര്‍ക്കും മാത്രമേ വി. കുര്‍ബാന പരികര്‍മ്മം ചെയ്യാന്‍ അധികാരമുള്ളു.
2. അകത്തോലിക്കാവൈദികരോടോ ശുശ്രൂഷികളോടോ ഒപ്പം വി. കുര്‍ബാന ആഘോഷിക്കുന്നതില്‍ നിന്ന് കത്തോലിക്കാവൈദികര്‍ വിലക്കപ്പെട്ടിരിക്കുന്നു.
3. ഒരു കത്തോലിക്കാവൈദികന് ഏതൊരു കത്തോലിക്കാദേവാലയത്തിലെയുംഅള്‍ത്താരയില്‍ വി. കുര്‍ബാന അര്‍പ്പിക്കാവുന്നതാണ്.
4. പരസ്യമായി അയോഗ്യരായവര്‍ വി. കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്നും തടയപ്പെടേണ്ടതാണ്.
5. സഭയുടെ അംഗീകൃതരീതിയനുസരിച്ച് വിശുദ്ധ കുര്‍ബാനയിലെ നിയോഗങ്ങള്‍ക്കായി വിശ്വാസികള്‍ നല്കുന്ന കുര്‍ബാനധര്‍മ്മം വൈദികര്‍ക്ക് നിയമാനുസൃതം സ്വീകരിക്കാവുന്നതാണ്.
6. പ്രത്യേകം കുര്‍ബാനധര്‍മ്മം കൂടാതെതന്നെ പാവങ്ങള്‍ക്കായി അവരുടെ നിയോഗാര്‍ത്ഥം ബലിയര്‍പ്പിക്കേണ്ടതാണ്.
7. സഭ ഔദ്യോഗികമായി അംഗീകാരം നല്കിയിരിക്കുന്ന കുര്‍ബാന തക്സകള്‍ ഉപയോഗിച്ചു മാത്രമേ കുര്‍ബാന അര്‍പ്പിക്കാന്‍ പാടുള്ളു. സഭ നല്കിയിരിക്കുന്ന തിരുവസ്ത്രങ്ങളും ഉപയോഗിച്ചിരിക്കണം.
8. കൂദാശ ചെയ്തു സ്ഥാപിച്ച (Consecrated and Blessed) ദേവാലയത്തിലാണ് കുര്‍ബാനയര്‍പ്പിക്കേണ്ടത്. അല്ലാത്ത പക്ഷം രൂപതാദ്ധ്യക്ഷന്‍റെ അനുവാദം വാങ്ങിയിരിക്കണം. 

III. പ്രായോഗിക അറിവുകള്‍

1. ആരും വിശുദ്ധ കുര്‍ബാന “കാണാന്‍” വരുന്നവരല്ല; “പങ്കെടുക്കാന്‍” വരുന്നവരാണ്.
2. ബലിയര്‍പ്പിക്കാന്‍ യോഗ്യതയോടെ ജീവിക്കുക. സജീവമായി ബലിയര്‍പ്പിക്കുന്ന ക്രൈസ്തവന് ജീവിതത്തിന്‍റെ അള്‍ത്താരയില്‍ അര്‍ത്ഥപൂര്‍ണ്ണമായി ബലിയര്‍പ്പിക്കാനാകും.
3. വിശുദ്ധ കുര്‍ബാന ബലിയും വിരുന്നുമാണ്. ആയതിനാല്‍ യോഗ്യതയോടെയുള്ള വിശുദ്ധ കുര്‍ബാന സ്വീകരണത്തോടെ മാത്രമേ ബലി പൂര്‍ണ്ണമാവുകയുള്ളു.
4. വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അടയാളങ്ങളെയും പ്രതീകങ്ങളെയും കുറിച്ചുള്ള അറിവ് ബലിയര്‍പ്പിക്കുന്നവര്‍ക്കുണ്ടായിരിക്കണം.
5. ദൈവാലയത്തില്‍ വിശുദ്ധസ്ഥലത്തോട് ഏറ്റവും അടുത്ത് നില്ക്കുവാനും കുര്‍ബാനപുസ്തകമുപയോഗിച്ച് സജീവമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുവാനും ശ്രദ്ധിക്കണം.

6. പരിശുദ്ധ കുര്‍ബാന സ്വീകരണത്തിന് താഴെപ്പറയുന്ന യോഗ്യതകളുണ്ടായിരിക്കണം:

  • a. വചനാനുസൃതജീവിതം, സഭാത്മക ആദ്ധ്യാത്മികത
  • b. ഗൗരവമായ പാപമുണ്ടെങ്കില്‍ കുമ്പസാരിച്ചിരിക്കണം; വേണ്ടത്ര ഭക്തിയും ഒരുക്കവുമുണ്ടായിരിക്കണം. 
  • c. ദിവ്യകാരുണ്യസ്വീകരണത്തിനു മുമ്പ് ഒരു മണിക്കൂര്‍ ഉപവസിച്ചിരിക്കണം.

7. ദിവ്യകാരുണ്യ ഉപവാസത്തെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

  • a. ദിവ്യകാരുണ്യസ്വീകരണത്തിനുള്ള ഉപവാസസമയം ഉച്ചയ്ക്കു മുമ്പോ, സായംകാലബലിയോടോ മറ്റു തിരുക്കര്‍മ്മങ്ങളോടോ അനുബന്ധിച്ചായാലും, ഘനമായ ഭക്ഷണസാധനങ്ങളോ പാനീയങ്ങളോ ആയാലും ഒരു മണിക്കൂര്‍ മാത്രമായിരിക്കുന്നതാണ്. 
  • b. വെള്ളം കുടിക്കുന്നത് ഉപവാസത്തിന് ഭംഗം വരുത്തുന്നതല്ല.
  • c. പാതിരാസമയത്തോ ദിവസത്തിന്‍റെ പ്രാരംഭമണിക്കൂറുകളിലോ ദിവ്യകാരുണ്യം സ്വീകരിക്കുന്നവരും മേല്‍പറഞ്ഞ ഉപവാസനിയമം പാലിക്കേണ്ടതാണ്. 
  • d. രോഗികള്‍ – അവര്‍ കിടപ്പിലല്ലെങ്കില്‍ പോലും – ലഹരി ചേരാത്ത പാനീയങ്ങളും, ഘനമോ ദ്രവമോ ആയ യഥാര്‍ത്ഥ മരുന്നുകളും സമയനിഷ്ഠ കൂടാതെ ഉപയോഗിക്കാം. 

8. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മാത്രമല്ല, കഴിയുന്നിടത്തോളം സാധാരണദിവസങ്ങളിലും പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം.
9. ജന്മദിനം, വിവാഹവാര്‍ഷികം, മരണവാര്‍ഷികം തുടങ്ങി എല്ലാ ആഘോഷങ്ങളുടെയും ആചരണങ്ങളുടെയും കേന്ദ്രബിന്ദു പരിശുദ്ധ കുര്‍ബാനയാവണം. ഇങ്ങനെയുള്ള അവസരങ്ങളില്‍ വിശുദ്ധ കുര്‍ബാന ചൊല്ലിച്ചാല്‍ മാത്രം പോരാ, പങ്കെടുക്കുകയും വേണം.
10. കുര്‍ബാനയുടെ സജീവഭാഗഭാഗിത്വത്തിന് ആദ്യന്തമുള്ള പങ്കുചേരല്‍ അനിവാര്യമാണ്.
11. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള സംശയങ്ങള്‍ അറിവുള്ളവരുടെ അടുക്കല്‍ മാത്രം ചര്‍ച്ച ചെയ്യുക.
12. വിശുദ്ധ കുര്‍ബാനയില്‍ ഭക്തിപൂര്‍വ്വം ഒരു വിശ്വാസി പങ്കുചേരുന്നത് മരണശേഷം അയാള്‍ക്കുവേണ്ടി മറ്റാരെങ്കിലും വി. കുര്‍ബാന ചൊല്ലിക്കുന്നതിനേക്കാള്‍ മൂല്യമേറിയതാണ്.
13. വിശുദ്ധ കുര്‍ബാനയുടെയും മറ്റു തിരുക്കര്‍മ്മങ്ങളുടെയും ഇടയ്ക്ക് ഫോട്ടോയും വീഡിയോയും എടുക്കുന്നത് തിരുക്കര്‍മ്മങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത വിധത്തിലായിരിക്കണം. മദ്ബഹയില്‍ കയറി ഫോട്ടോയും വീഡിയോയും എടുക്കാന്‍ ആരെയും അനുവദിക്കരുത്.

14. വി. കുര്‍ബാന സ്വീകരണം:

  • a. വിശുദ്ധ കുര്‍ബാന കൈയ്യിലോ നാവിലോ സ്വീകരിക്കാവുന്നതാണ്. ഇരുസാദൃശ്യങ്ങളില്‍ നല്കപ്പെടുമ്പോള്‍ നാവിലാണ് സ്വീകരിക്കേണ്ടത്. 
  • b. വിശുദ്ധ കുര്‍ബാന കൈയ്യില്‍ സ്വീകരിക്കുമ്പോള്‍ വലതുകൈയ്ക്കുള്ളില്‍ ഇടതുകൈ കുരിശാകൃതിയില്‍ വച്ച് സ്വീകരിക്കുക. അതിനുശേഷം, വലതുകൈയ്യുടെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് എടുത്ത്, തല അല്പം കുനിച്ച്, ഇരുകരങ്ങളും മുഖത്തോളം ഉയര്‍ത്തി ഉള്‍ക്കൊള്ളുന്നു. ഇരുകരങ്ങളും സ്വതന്ത്രമായി സൂക്ഷിക്കണം. വി. കുര്‍ബാന സ്വീകരണത്തിനണയുമ്പോള്‍ കയ്യില്‍ ടവ്വലോ, പേഴ്സോ പാടില്ല. 
  • c. വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ അംശങ്ങള്‍ താഴെപ്പോകാതിരിക്കുവാന്‍ ഇടതുകൈപ്പത്തി വിടര്‍ത്തി ഒരു താലം പോലെ ഉപയോഗിക്കേണ്ടതാണ്. ഇടതു കൈപ്പത്തിയില്‍ അംശങ്ങള്‍ വല്ലതുമുണ്ടോ എന്നു ശ്രദ്ധിക്കണം. ഉണ്ടെങ്കില്‍ അതും ഉള്‍ക്കൊള്ളണം. 
  • d. വി. കുര്‍ബാന സ്വീകരിക്കുന്ന സ്ഥലത്തു നിന്നുതന്നെ ഉള്‍ക്കൊണ്ടശേഷമേ മാറിപ്പോകാവൂ. 
  • e. കൈക്ക് വിറയലുള്ളവര്‍, വൃദ്ധര്‍, കുട്ടികള്‍ എന്നിവര്‍ നാവില്‍ത്തന്നെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതാണ് ഉത്തമം. 
  • f. കുസ്തോദിയില്‍ നിന്നും വിശ്വാസികള്‍ നേരിട്ട് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടുള്ളതല്ല. ഡീക്കന്‍പട്ടം മുതലുള്ള പട്ടം സ്വീകരിച്ചവര്‍ക്കേ വി. കുര്‍ബാന സ്വയം സ്വീകരിക്കാന്‍ അനുവാദമുള്ളു. 
  • g. പരസ്യപാപികള്‍ക്ക് വിശുദ്ധ കുര്‍ബാനസ്വീകരണം വിലക്കപ്പെട്ടിട്ടുള്ളതാകുന്നു.

15. വിശുദ്ധ കുര്‍ബാന നല്കുന്നതിനുള്ള അസാധാരണശുശ്രൂഷികള്‍:

  • a. വിശുദ്ധ കുര്‍ബാന സാധാരണയായി നല്കേണ്ടത് വൈദികരും ഡീക്കന്മാരുമാണ്. ആവശ്യത്തിന് വൈദികരോ ഡീക്കന്മാരോ ഇല്ലാതെ വന്നാല്‍ വിശുദ്ധ കുര്‍ബാന നല്കുന്നതിന് അസാധാരണശുശ്രൂഷകരെ നിയോഗിക്കുന്നു. 
  • b. കാറോയപ്പട്ടമെങ്കിലും സ്വീകരിച്ച വൈദികവിദ്യാര്‍ത്ഥികള്‍, നിത്യവ്രതവാഗ്ദാനം ചെയ്ത സന്യാസസഹോദരന്മാര്‍, ഇടവകയിലെ സന്യാസിനീസമൂഹത്തിന്‍റെ സുപ്പീരിയര്‍, അവരില്ലാതെ വരുമ്പോള്‍ അസി. സുപ്പീരിയര്‍/ നിത്യവ്രതവാഗ്ദാനം നടത്തിയ മറ്റു സിസ്റ്റേഴ്സ് എന്നിവരാണ് അസാധാരണശുശ്രൂഷകര്‍. 
  • c. നിര്‍ദ്ദിഷ്ടമായ തിരുവസ്ത്രങ്ങള്‍ അവര്‍ ധരിച്ചിരിക്കണം. 

16. ആഘോഷമായ കുര്‍ബാന സ്വീകരണം

  • a. കുട്ടികള്‍ക്ക് തിരിച്ചറിവിന്‍റെ പ്രായമാകുന്നതനുസരിച്ച് ഇടവകകളില്‍ പൊതുദിവ്യകാരുണ്യസ്വീകരണം ആണ്ടുതോറും ആഘോഷമായി നടത്തുന്നു. ഇതിനായി കുട്ടികളെ പ്രത്യേകമായി ഒരുക്കേണ്ടതുണ്ട്. 
  • b. സ്വന്തം വികാരിയുടെ അനുവാദമുണ്ടെങ്കില്‍ മാത്രമേ അന്യഇടവകയിലെ കുട്ടികളെ ആദ്യകുര്‍ബാന സ്വീകരണത്തിനൊരുക്കി കുര്‍ബാന നല്കാന്‍ കഴിയൂ. അവര്‍ കുര്‍ബാന സ്വീകരിച്ച വിവരം അവരുടെ വികാരിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. 
  • c. ആദ്യകുര്‍ബാന കൈക്കൊള്ളുന്നവര്‍ക്കും കര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്കും സാധാരണവ്യവസ്ഥകളില്‍ പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.

17. ഞായറാഴ്ച ആചരണം

  • a. ഞായറാഴ്ച സമ്മേളനം ഐക്യത്തിന്‍റെ സവിശേഷമായ വേദിയാണ്. ത്രീത്വൈക കൂട്ടായ്മയില്‍ സഭ ഒരു ജനമായി സമ്മേളിക്കുന്ന ആഘോഷമാണത്. 
  • b.ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഇടവകാദേവാലയത്തില്‍ തന്നെ ഇടവകസമൂഹത്തോടൊപ്പം ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ദൈവജനത്തിന് കടമയുണ്ട്. 
  • c. ഈ ദിവസങ്ങളില്‍ ദൈവാരാധനയ്ക്കോ കര്‍ത്താവിന്‍റെ ദിവസത്തിന് യോജിച്ച ആനന്ദത്തിനോ മനസ്സിനും ശരീരത്തിനും ആവശ്യമായ വിശ്രമത്തിനോ വിഘാതമായ എല്ലാ ജോലികളിലും ജീവിതവ്യാപാരങ്ങളിലും നിന്ന് വിശ്വാസികള്‍ വിട്ടു നില്ക്കേണ്ടതാണ്. 
  • d. കര്‍ത്താവിന്‍റെ ദിവസത്തിന്‍റെ വിശുദ്ധമായ ആചരണം, മതബോധനം, യുവജനപരിശീലനം എന്നിവയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ വിവാഹം, വിവാഹവാഗ്ദാനം തുടങ്ങിയ ആഘോഷങ്ങള്‍ സാധിക്കുന്നിടത്തോളം ഞായറാഴ്ചകളില്‍ ഒഴിവാക്കണം. 
  • e. ഇടവകാതിര്‍ത്തിയിലുള്ള എല്ലാ സമര്‍പ്പിതരും ഇടവകദേവാലയത്തില്‍ ദൈവജനത്തോടൊന്നിച്ച് ബലിയര്‍പ്പണത്തില്‍ പങ്കുചേരുകയും വികാരിയെ സഹായിക്കുകയും ചെയ്യുന്നത് അഭിലഷണീയമാണ്. 
  • f. ഇടവകപ്പള്ളിയിലെ തിരുക്കര്‍മ്മങ്ങളുടെ സമയത്ത് ഇടവകയിലുള്ള സന്യാസഭവനങ്ങളിലോ സ്ഥാപനങ്ങളിലോ ജനങ്ങള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാനയോ തിരുക്കര്‍മ്മങ്ങളോ നടത്തുവാന്‍ പാടില്ല.

18. വിശുദ്ധ കുര്‍ബാന ഒരു ദിവസം എത്ര പ്രാവശ്യം സ്വീകരിക്കാം? വൈദികരല്ലാത്തവര്‍ക്ക് ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ പാടുള്ളൂ. എന്നാല്‍ പ്രത്യേക അവസരങ്ങളില്‍ രണ്ടാമതും കുര്‍ബാനയില്‍ മുഴുവനായും പങ്കെടുക്കുമ്പോള്‍ വി. കുര്‍ബാന സ്വീകരിക്കാവുന്നതാണ്. എന്നാല്‍ മൂന്നാം തവണയും ഇപ്രകാരം സ്വീകരിക്കാന്‍ പാടുള്ളതല്ല.

19. ഗ്രിഗോറിയന്‍ കുര്‍ബാന
ഒരു വൈദികന്‍ തന്നെ 30 ദിവസം അടുപ്പിച്ച് മരിച്ച വിശ്വാസിയുടെ ആത്മശാന്തിക്കു വേണ്ടി അര്‍പ്പിക്കുന്ന കുര്‍ബാനയാണിത്. മഹാനായ വി. ഗ്രിഗറി പാപ്പായാണ് (540-604) ഇതിന് തുടക്കമിട്ടത്. അദ്ദേഹത്തിന്‍റെ ആശ്രമത്തിലെ ജെസ്റ്റസ് എന്ന സന്യാസി തന്‍റെ കൈവശം അനുവാദമില്ലാതെ സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നു. അതിനാല്‍ അദ്ദേഹം മരിച്ചപ്പോള്‍ സന്യാസികളെ സംസ്കരിക്കുന് സ്ഥലത്ത് അദ്ദേഹത്തെ സംസ്കരിച്ചില്ല. എങ്കിലും ദിവസവും മുടക്കം കൂടാതെ അദ്ദേഹത്തിനായി ദിവ്യബലി അര്‍പ്പിക്കണമെന്ന് ഗ്രിഗറി പാപ്പാ ആവശ്യപ്പെട്ടു. 30-ാം ദിവസം ജെസ്റ്റസിന്‍റെ ആത്മാവ് ബ്രദര്‍ കോപ്പിയോസ്സിസിന് പ്രത്യക്ഷപ്പെട്ട് താന്‍ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിതനായ വിവരം അറിയിച്ചു. ഈ സംഭവമാണ് ഗ്രിഗോറിയന്‍ കുര്‍ബാനയുടെ അടിസ്ഥാനം.

20. പരിഹാരകുര്‍ബാന
പാപം വഴി ദൈവമഹത്വത്തിന് മങ്ങലേല്പിച്ചതിന് പരിഹാരവിശുദ്ധീകരണം ഈ ഭൂമിയില്‍വച്ച് നമ്മുടെ ജീവിതകാലത്തു തന്നെ നാം നേടിയെടുക്കണം. ദിവ്യബലിയില്‍ ഭക്തിപൂര്‍വ്വം സംബന്ധിച്ച് ദിവ്യകാരുണ്യനാഥനെ സ്വീകരിക്കുകയും, ഉപവിപ്രവൃത്തികളും പരസഹായ പ്രവൃത്തികളും അനുഷ്ഠിക്കുകയും ചെയ്യുമ്പോള്‍ കുര്‍ബാനകള്‍ പരിഹാരകുര്‍ബാനകളായി മാറുന്നു.

21. വിസീത്ത അഥവാ ദിവ്യാകാരുണ്യസന്ദര്‍ശനം
ദിവ്യകാരുണ്യം സൂക്ഷിച്ചിരിക്കുന്ന ആലയത്തില്‍ പ്രവേശിച്ച് പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് ആരാധനയും സ്തുതിയും പുകഴ്ചയും കാഴ്ചവയ്ക്കുകയും ആത്മനാ ഉള്ള ദിവ്യകാരുണ്യസ്വീകരണം നടത്തുകയും ചെയ്യുമ്പോള്‍ സഭ നിര്‍ദ്ദേശിച്ചിരിക്കുന്ന വിസീത്ത കഴിക്കല്‍ പൂര്‍ണ്ണമായി. എന്നാല്‍ ഇതോടനുബന്ധിച്ചുള്ള ദണ്ഡവിമോചനപ്രാപ്തിക്ക് വ്യവസ്ഥപ്രകാരമുള്ള പുണ്യകര്‍മ്മങ്ങളും ചെയ്തിരിക്കണം.

22. കുര്‍ബാനധര്‍മ്മം

  • a. വിശ്വാസികളുടെ നിയോഗാര്‍ത്ഥം കുര്‍ബാന അര്‍പ്പിക്കുന്നതിന് അവര്‍ വൈദികര്‍ക്കു നല്കുന്ന പണമാണ് കുര്‍ബാനധര്‍മ്മം. ബലിയര്‍പ്പണത്തോട് ചേര്‍ന്ന് തങ്ങളെത്തന്നെ അര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി പുരാതനകാലത്ത് ജനങ്ങള്‍ കാഴ്ച നല്കിയിരുന്നതിന്‍റെ തുടര്‍ച്ചയായും ഇതിനെ മനസ്സിലാക്കാം. 
  • b. കുര്‍ബാന ചൊല്ലുന്നതിനു കൊടുക്കുന്ന പണം കുര്‍ബാനയുടെ വിലയോ കുര്‍ബാന ചൊല്ലുന്നതിനുള്ള കൂലിയോ അല്ല. കാശുകൊടുത്തു കുര്‍ബാന വിലയ്ക്കു വാങ്ങുവാനും പറ്റില്ല. 
  • c. കുര്‍ബാന ചൊല്ലിക്കുന്ന വ്യക്തിയുടെ ആത്മസമര്‍പ്പണത്തിന്‍റെ ബാഹ്യമായ അടയാളം കൂടിയാണത്. കുര്‍ബാനധര്‍മ്മമില്ലാതെ തന്നെ വിശ്വാസികള്‍ക്ക്, പ്രത്യേകിച്ച്, ദരിദ്രര്‍ക്കുവേണ്ടി വൈദികന്‍ കുര്‍ബാന ചൊല്ലേണ്ടതാണ്. ഇടവകവികാരിമാര്‍ സഭാനിയമമനുസരിച്ച് ഇടവകജനത്തിനുവേണ്ടിയും വി. കുര്‍ബാന അര്‍പ്പിക്കേണ്ടതാണ്. 
  • d. പണത്തിനു വേണ്ടി കുര്‍ബാന ചൊല്ലുന്നു എന്ന ചിന്തയല്ല, സഭയിലെ ശുശ്രൂഷകരെ ഇതിലൂടെ സഹായിക്കുന്നു എന്നതാവണം കുര്‍ബാനധര്‍മ്മം നല്കുമ്പോഴുള്ള ചിന്ത.

    (ഫാ. നോബിള്‍ തോമസ് പാറക്കലിന്‍റെ “കത്തോലിക്കാവിശ്വാസം – പ്രായോഗിക അറിവുകള്‍” എന്ന ഗ്രന്ഥത്തില്‍ നിന്ന്)

നോബിള്‍ തോമസ് പാറക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.