പൂർണ്ണതയുടെ സൗന്ദര്യം പേറുന്ന പരിശുദ്ധ അമ്മ

രാത്രി മുഴുവൻ അവർ യാത്രയിലായിരുന്നു. ജീവൻ രക്ഷിക്കാനായി കൈക്കുഞ്ഞിനെയും കൊണ്ട് കാതങ്ങൾ താണ്ടി മരുഭൂമിയിലൂടെ അങ്ങനെ ഈജിപ്തിലേക്ക്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നപ്പോഴേക്കും മദ്ധ്യാഹ്നമായിരുന്നു. അവളുടെ ഹൃദയത്തിൽ ഘനീഭവിച്ചു കിടന്നിരുന്ന ഭയവും സങ്കടവുമെല്ലാം മരുഭൂമിയിലെ വെയിലിന്റെ ചൂടിൽ അപ്പോഴേക്കും നന്നായി ഉരുകുവാൻ തുടങ്ങിയിരുന്നു; മറിയം കരയാൻ തുടങ്ങി.

“മറിയം, നാം ഇപ്പോൾ സുരക്ഷിതരാണ്” എന്നൊക്കെ പറഞ്ഞുകൊണ്ട് ഭർത്താവ് ജോസഫ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അവളുടെ ദുഃഖം ശമിപ്പിക്കാനുള്ള ജോസഫിന്റെ ശ്രമങ്ങൾ വിഫലമായി. മറിയത്തിന്റെ ദുഃഖകാരണം ഇതായിരുന്നു: “ഞാൻ ബെത്ലെഹേമിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഇന്നലെ വരെ കുഞ്ഞുങ്ങളെ താലോലിച്ചിരുന്ന അമ്മമാർക്ക് ഇന്ന് ഓമനിക്കാൻ കുഞ്ഞുങ്ങളില്ലല്ലോ…” മറിയം വീണ്ടും അവരെയോർത്ത് വിതുമ്പുകയാണ്.

1999 -ൽ പുറത്തിറങ്ങിയ മേരി മദർ ഓഫ് ജീസസ് (Mary Mother of Jesus) എന്ന സിനിമയിലെ ഒരു ഭാഗമാണിത്. മറിയത്തിന്റെ കണ്ണുകളിലൂടെ യേശുവിന്റെ ജീവിതത്തെ വരച്ചുകാണിക്കുന്ന മനോഹരമായ ഒരു ചിത്രം.

ഒരു സാധാരണ പെൺകുട്ടിയേക്കാൾ ഉയർന്ന രീതിയിൽ ചിന്തിക്കുന്ന മറിയം എന്ന അമ്മയുടെ വിശാലമായ മനസ്സിലെ ചിന്തകളെ ദൃശ്യാവിഷ്കരിച്ചിരിക്കുകയാണ് ഇവിടെ. തന്റെ കുഞ്ഞിനേയും കൊണ്ട് പലായനം ചെയ്യേണ്ടിവന്നെങ്കിലും ബെത്ലഹേമിൽ ഹേറോദേസിന്റെ ഭടന്മാർ വധിച്ച കുട്ടികളുടെ അമ്മമാരുടെ ഹൃദയവ്യഥകളെയോർത്ത് ഹൃദയമുരുക്കുന്ന മറിയം എന്ന അസാധാരണ പെണ്മനസ്സ്. ഇത്രമാത്രം കരുണയും ഹൃദയവിശാലതയും ഉള്ള മറിയത്തിനല്ലാതെ മറ്റാർക്കാണ് ദൈവപുത്രന്റെ അമ്മയെന്ന സ്ഥാനവും കർത്തവ്യവും അലങ്കരിക്കാൻ സാധിക്കുക !

അലിവ് എന്ന മഹാഗുണത്തെ ജീവിതചര്യ ആക്കിയതുകൊണ്ടായിരിക്കണം, കാനായിലെ വിവാഹവിരുന്നിൽ ആതിഥേയനെ മറ്റുള്ളവരുടെ മുന്നിൽ അപമാനിതനാകുവാൻ ആ അമ്മ അനുവദിക്കാതിരുന്നതും. ജീവിതത്തിൽ കാരുണ്യത്തിന്റെ ഉറവുകൾ വേണ്ടുവോളമുണ്ടായിരുന്ന ഒരു സ്ത്രീ. വേദപുസ്തകത്തിൽ നാം വായിച്ചെടുക്കുമ്പോൾ അവൾ വളരെ ലളിതമാണ്; സങ്കീർണ്ണതകളില്ലാത്ത ഒരുവൾ. പക്ഷേ മറിയം ഒരിക്കലും അങ്ങനെയല്ലായിരുന്നു. അകലെ നിന്നു നോക്കിക്കാണുമ്പോൾ അമ്മയെന്ന ആഴമുള്ള ആ തെളിഞ്ഞ ജലാശയം വെറുമൊരു മരീചികയാണെന്ന തോന്നലുകൾ ഉണ്ടായേക്കാം. നോക്കി മനസ്സിലാക്കപ്പെടേണ്ടവൾ എന്നതിലുപരി, ധ്യാനിച്ചുകൊണ്ട് അവളിലൂടെ ജീവിക്കുമ്പോൾ മാത്രമേ ‘യേശുവിന്റെ അമ്മ ‘ എന്ന ആ ടൈറ്റിലിന്റെ സ്റ്റാറ്റസ് എത്ര ഉത്തമവും ഗൗരവമുള്ളതാണെന്നും നമുക്ക് മനസ്സിലാകൂ.

പരിശുദ്ധ അമ്മയുടെ ജീവിതം നമുക്ക് സുപരിചിതമാണ്. പക്ഷേ, യേശു എന്ന ലോകരക്ഷകന്റെ അമ്മയെന്ന ഭാഗം എത്രയധികം മനോഹരമായി നിറവേറ്റിയ അവരുടെ ജീവിതത്തെയും അതിനായി ആ സ്ത്രീ ഏറ്റെടുത്ത ത്യാഗത്തിന്റെ വലിയ സന്നദ്ധതയെയും നാം മനസ്സിലാക്കിയിരിക്കണം. അതോടൊപ്പം തന്നെ ആ ജീവിതത്തിന്റെ വ്യാപ്തിക്കൊപ്പം വളരാൻ ശ്രമിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിലെ വെല്ലുവിളികളിലെ നിസ്സാരതയെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക.

ജപമാലയിലൂടെ അമ്മയെ പ്രത്യേകമാംവിധം ധ്യാനിക്കുന്ന ഒക്ടോബർ മാസം നമുക്ക് വിശ്വാസത്തിന്റെ വലിയൊരു തിരിച്ചറിവ് നൽകുന്ന 31 ദിനങ്ങളാണ്. പരിശുദ്ധ അമ്മയെന്ന ആ വലിയ ആർട്ടിസ്റ്റ് സ്വയമൊരു കാൻവാസ്‌ ആയിക്കൊണ്ട്, വരച്ച് നിറം ചാലിച്ച യേശുവെന്ന ഒരുപാട് അർത്ഥതലങ്ങളുള്ള ചിത്രത്തെ, ജപമാലയിലൂടെയേ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കൂ. കാരണം എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചവളുടെ വേദനകളും ആകുലതകളും അത്ര ചെറുതൊന്നുമായിരുന്നില്ല. ഉള്ളുലക്കുന്ന സാഹചര്യങ്ങൾ മാത്രമേ അവൾക്ക് കൂട്ടിനായി ഉണ്ടായിരുന്നുള്ളുതാനും.

“എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനാകേണ്ടവനാണെന്ന് നിങ്ങൾക്കറിയില്ലേ” (ലൂക്ക 2:49) എന്ന മറുപടിയിൽ സാധാരണ ഒരമ്മയും തൃപ്തയാകില്ല. പക്ഷേ, പരിശുദ്ധ അമ്മ മൗനത്തിലൂടെ എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കുകയായിരുന്നു ചെയ്തത്. കടന്നുപോകേണ്ടത് എളുപ്പവഴികളിലൂടെയല്ലെന്ന് അവൾക്ക് തികച്ചും ബോധ്യമുണ്ടായിരുന്നു. അത് ചെറിയ പ്രായം മുതൽ തന്നെ പലപ്പോഴായി മകനെ ഓർമ്മിപ്പിക്കുകയും ചെയ്തിട്ടുണ്ടാകണം. തന്റെ പുത്രനു വേണ്ടി മറിയം എത്രത്തോളം പ്രാർത്ഥനയാൽ ഒരുങ്ങിയിരുന്നോ, അതിനേക്കാൾ പതിന്മടങ്ങ് അവൾ തന്റെ പുത്രനെ ഒരുക്കിയിരിക്കും. അല്ലാതെ ഒരിക്കലും യേശുവിന്നു അത്ര ഒരുക്കത്തോടു കൂടി ഇത്ര കൊടുംഭീകരമായ പീഡകളെ സഹിക്കാൻ സാധിക്കില്ല. അതുകൊണ്ടു തന്നെയാണ് മറിയം എന്ന സ്ത്രീയെ അത്ര എളുപ്പത്തിൽ വായിച്ചുപോകേണ്ടുന്ന ഒരു പുസ്തകമല്ലെന്നു പറയുന്നതും.

ജപമാല രഹസ്യങ്ങൾ എന്തിന്?

ജപമാലയിലെ ധ്യാനവിഷയങ്ങളെല്ലാം യേശുവിന്റെ ജീവിതമാണ്. എന്നാൽ പരിശുദ്ധ അമ്മയുടെ വാഴ്ത്തുകളായിട്ടാണ് ജപമാലയെ സമർപ്പിച്ചിരിക്കുന്നതും. കാരണമെന്തെന്നാൽ, യേശുവിന്റെ ജീവിത ധ്യാനചിന്തകൾ കടന്നുപോയിരിക്കുന്നത് പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിലൂടെയാണ്. അതുകൊണ്ടാണ് ഓരോ സംഭവങ്ങളെയും ‘രഹസ്യം’ (Mystery) എന്ന് വിശേഷിപ്പിക്കുന്നതും. ഇത്രമാത്രം പരസ്യമായ ജീവിതം നയിച്ച മനുഷ്യനായ ദൈവപുത്രന്റെ ജീവിതത്തെ രഹസ്യങ്ങൾ എന്ന ശീർഷകങ്ങളിൽ അവതരിപ്പിക്കുന്നതിലെ പ്രായോഗികതയെ നമുക്കൊന്നു പരിശോധിക്കാം.

ജപമാല ചിന്തകളെല്ലാം ആഴത്തിൽ മനനം ചെയ്യപ്പെടേണ്ടവയാണ്. മറ്റെന്തിനെയുംകാൾ കൂടുതൽ ധ്യാനിക്കേണ്ടുന്ന വിഷയങ്ങൾ. ദിവസങ്ങളോളം, കാലങ്ങളോളം, വർഷങ്ങളോളം ഒരുപക്ഷേ, ജീവിതം മുഴുവനായും ഈ രഹസ്യങ്ങളെ നാം ധ്യാനിക്കുക. എപ്പോഴും ധ്യാനിച്ചുകൊണ്ടേയിരിക്കുക. അപ്പോൾ മാത്രമേ ആത്മീയതയുടെ മനോഹരമായ അർത്ഥതലങ്ങൾ തീർച്ചയായും നമുക്ക് ലഭിക്കുകയുള്ളൂ. മറഞ്ഞിരിക്കുന്ന ‘രഹസ്യങ്ങളെല്ലാം’ ഓരോ തവണയും കൂടുതൽ തിളക്കമുള്ളതായി നമുക്ക് വെളിപ്പെട്ടു കിട്ടും. അപ്പോഴാണ് യേശു എന്ന ജീവിതം ഒരു ചരിത്രം എന്നതിലുപരി ഹൃദയഫലകങ്ങളിൽ രേഖപ്പെടുത്തി വയ്ക്കാവുന്ന കാമ്പുള്ള സാധ്യതകളായി മാറുന്നത്.

കാറ്റിന്റെ സംഗീതം നിശബ്ദതയിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെയാണ് പരിശുദ്ധ അമ്മയുടെ വൈശിഷ്ട്യവും. ധ്യാനത്തിലൂടെ മാത്രം നമുക്ക് വെളിപ്പെട്ടുകിട്ടുന്ന അതിമനോഹരമായ കവിത. ഓരോ വാക്കുകളിലും പൂർണ്ണതയുടെ സൗന്ദര്യം പേറുന്ന അതിസുന്ദരമായ കാവ്യം.

യേശുവിന്റെ അമ്മ; നമ്മുടെയും

മേരി മദർ ഓഫ് ജീസസ് എന്ന ചിത്രത്തിലേക്ക് ഒരിക്കൽക്കൂടി കണ്ണോടിക്കാം. ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം മറിയം യോഹന്നാൻ ശ്ലീഹായോടു കൂടി മറ്റു ശിഷ്യന്മാരുടെ അടുക്കലെത്തുന്ന ഒരു രംഗമുണ്ട്.

“എവിടെയായിരുന്നു നിങ്ങൾ?” എന്ന മറിയത്തിന്റെ വ്യാകുലത്താൽ മൂർച്ചപ്പെട്ട ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് അവർ. നിരത്തിവയ്ക്കാൻ കാരണങ്ങൾ പലതും അവർക്കുണ്ടായിരുന്നെങ്കിലും അതൊന്നും ന്യായമല്ലെന്ന് അവർക്കറിയാമായിരുന്നു.

“നമ്മളിപ്പോൾ എന്താണ് ചെയ്യേണ്ടത്?” എന്ന ക്രിസ്തുശിഷ്യന്റെ ചോദ്യത്തിലൂടെ മറിയം അവിടുന്ന് തുടങ്ങിവച്ച വലിയ മിഷൻ തുടരുകയാണ്. കരങ്ങൾ കോർത്തുപിടിച്ച് പ്രാർത്ഥനയിൽ ശക്തിപ്പെടുന്ന അവരിൽ പരിശുദ്ധാത്മാവ് എന്ന സഹായകൻ നിറയുന്നതോടു കൂടി കർത്താവിന്റെ ജീവിതരഹസ്യം പൂർത്തീകരിക്കപ്പെടുകയാണ്; പരിശുദ്ധ അമ്മയിലൂടെ.

അമ്മയോടുള്ള വണക്കത്തിന് മാറ്റു കൂടുന്നത് ഇവിടെയാണ്‌. ഒരുപക്ഷേ, ഭയം കൊണ്ട് ചിതറിപ്പോകുമായിരുന്ന ശിഷ്യഗണത്തെ ചേർത്തുനിർത്തിക്കൊണ്ട് മകന്റെ ലക്ഷ്യത്തിനായി പ്രവർത്തിച്ച ആ അമ്മയുടെ അനുഗ്രഹം നമ്മുടെ ജീവിതങ്ങളിലും അത്യാവശ്യമാണ്. വേദനകളിലൂടെ കടന്നുപോയപ്പോഴും അവളുടെ ഉള്ളിലെ ദൈവാംശം എവിടെയും നഷ്ടമാകുന്നില്ല. ഒരു അമ്മയുടെ ചാപല്യവും സ്വാർത്ഥതയുമൊക്കെ മറിയത്തിന് പ്രകടിപ്പിക്കാമായിരുന്നു. അതൊന്നും ഇല്ലാതിരുന്നതുകൊണ്ടു തന്നെയാണ് മറിയത്തെ ഒരു പെർഫെക്ട് (യാതൊരു കുറവുകളും ഇല്ലാത്ത) സ്ത്രീയായി വിശേഷിപ്പിക്കുന്നതും. അതുകൊണ്ടൊക്കെ ആണ് അവളിലെ അസാമാന്യമായ ധൈര്യവും കാരുണ്യവും ഒരേപോലെ പ്രകടമായതും.

പരിശുദ്ധ അമ്മയെപ്പോലെ നാമും നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും യേശുവിനെ വഹിക്കണം. അപ്പോഴേ, അമ്മ നാം ഓരോരുത്തരെയും യേശുവിന്റെ രക്ഷാകരകർമ്മം പൂർത്തീകരിക്കാൻ പാത്രമാക്കുകയുള്ളൂ. അതിനായുള്ള പ്രത്യേക അനുഗ്രഹത്തിനായി ഈ ജപമാല മാസത്തിൽ നമുക്ക് ധ്യാനിക്കാം.

ഏവർക്കും പ്രാർത്ഥനാശംസകൾ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.