ലൂർദ്ദിലെ പതിനാലുകാരിയെ കാണാൻ എത്തിയ പരിശുദ്ധ അമ്മ

ഫ്രാൻസിലെ പിരണിസ് പർവ്വതനിരകളിൽ, ഗേർ പർവ്വതത്തിനടുത്തുള്ള ഗ്രവ് നദിതീരത്ത് ഒരു ഗ്രാമമുണ്ട്. സാധാരണക്കാരുടെ ഒരു ഗ്രാമം. അവിടെയാണ് ഫ്രാൻസിസ് സൂബിറോസും ലൂയിസ കാസ്റ്ററോടും താമസിച്ചിരുന്നത്. ഈ കുടുംബത്തിലാണ് 1844 ജനുവരി ഏഴിന് ബർണഡിറ്റയുടെ ജനനം. ആറു മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിൽ അന്നന്നത്തെ അപ്പത്തിനുള്ള വക കണ്ടെത്താൻ ആ മാതാപിതാക്കൾ വല്ലാതെ കഷ്ടപ്പെട്ടു.

ബർണഡിറ്റയും ചെറുപ്പം മുതൽ ജോലിക്കു പോയിരുന്നു. ലൂർദ്ദിൽ നിന്നും ഏതാനും മൈൽ അകലെയുള്ള ബാർട്രെസിലെ മേരി അരവാന്തിന്റെ ഭവനത്തിൽ അവൾ ജോലിക്കുപോയി. അവരുടെ ആടിനെ നോട്ടമായിരുന്നു ജോലി. അവരാണ് ബർണഡിറ്റയെ ആദ്യകുർബാനയ്‌ക്കൊരുക്കിയത്. അന്നവൾക്കു എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. വളരെ ഭക്തയായിരുന്നു അവൾ. എന്നാൽ ഉറച്ച നിലപാടുകൾ ഉള്ളവളും തന്റേടിയുമായിരുന്നു. ഹൃദയരോഗ ബാധിതയായിരുന്നു. രോഗിയായിരുന്നതിനാൽ അവൾക്കു പ്രത്യേക പരിഗണന ലഭിച്ചു. 1858-ൽ തന്റെ പിറന്നാളിന് അവളൊരു മോഹം പറഞ്ഞു. ലൂർദ്ദിലേക്കൊന്നു പോകണം. യജമാനത്തി സമ്മതിച്ചു. വീട്ടിലെത്തിയ അവളെ അമ്മ വിറകു പെറുക്കാൻ വിട്ടു.

ഗേവ് നദിയുടെ തീരത്ത് സഹോദരി മേരിയോടൊപ്പമാണ് അവളന്നു പോയത്. അന്നു ഫെബ്രുവരി 11 ആയിരുന്നു. തീരത്തുനിന്നും ചെറിയ ഒരു തോട്ടം കടന്നുവേണം അവിടെ എത്തുവാൻ. അവർ ഷൂസും സോക്‌സും അഴിച്ച് വെള്ളത്തിലിറങ്ങി. രോഗിയായിരുന്ന ബർണഡിറ്റ സാവകാശമാണ് ഷൂസഴിച്ചത്. പെട്ടെന്ന് അസാധാരണമായ ഒരു ശബ്ദം അവൾ കേട്ടു. രണ്ടുതവണ ശബ്ദം ഉയർന്നു. അവളോർത്തത് കൊടുങ്കാറ്റിന്റെ ഇരമ്പലാണെന്നാണ്. അവൾ ചുറ്റുമുള്ള മരങ്ങളിലേക്കു നോക്കി. ഒറ്റ ഇലപോലും ചലിക്കുന്നില്ല. അവൾക്കു ഭയമായി. അവൾ പാറയിലേക്കു നോക്കി. അവിടെ കാട്ടു റോസുകൾ ചലിക്കുന്നു. ഗ്രോട്ടോയിൽ നിന്നും ഇതാ സുന്ദരിയായ ഒരു സ്ത്രീ ഇറങ്ങിവരുന്നു. അവർ പുഞ്ചിരിച്ചുകൊണ്ട് ബർണഡിറ്റയെ വിളിച്ചു. അവൾ ജപമാല കയ്യിൽ എടുത്തു. ഇരുവരും ചേർന്ന് ജപമാല ചൊല്ലി പൂർത്തിയാക്കി. തുടർന്നു ആ സ്ത്രീ അപ്രത്യക്ഷയായി.

1858 ഫെബ്രുവരി 11 മുതൽ ജൂലൈ 16 വരെ 18 തവണ ഇതുണ്ടായി. ഫെബ്രുവരി 18-ന് സ്ത്രീ ചോദിച്ചു. ”നിനക്ക് ഈ ലോകത്തിലെ സുഖങ്ങൾ ഞാൻ വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ പരലോകസുഖങ്ങൾ നൽകാം. ഇനി 15 ദിവസം തുടർച്ചയായി ഇവിടെ വരുമോ?” ബർണഡിറ്റ സമ്മതിച്ചു. ‘‘കണ്ടാൽ പതിനാറോ പതിനേഴോ വയസ്സുപ്രായം. വെള്ള വസ്ത്രം, നീല അരക്കെട്ട്, വെളുത്ത ശിരോവസ്ത്രം, നഗ്നമായ കാൽപാദം, അവിടെ മഞ്ഞ റോസാപ്പൂക്കൾ, കൈയിൽ വെളുത്ത മണികളുള്ള ജപമാല, ഒരു സ്വർണ്ണമാലപോലെ” – താൻ കണ്ട സ്ത്രീയെ കുറിച്ച് ബർണഡിറ്റ നൽകിയ വിവരണം ഇപ്രകാരം ആയിരുന്നു. ഭക്തിപൂർവം കൊന്ത ചൊല്ലുക, പ്രായശ്ചിത്തം അഥവാ പാപപരിഹാരം ചെയ്യുക, ലൂർദ്ദിൽ വലിയൊരു ദൈവാലയം പണിയുക ഇതായിരുന്നു മാതാവിന്റെ സന്ദേശങ്ങൾ.

അമ്മയുടെ സന്ദർശനത്തിന്റെ തെളിവായി ഒരു അത്ഭുത നീരുറവ ബർണഡിറ്റയ്ക്ക് കാണിച്ചു കൊടുത്തു. ആ നീരുറവയിൽ നിന്നുള്ള ജലമാണ് ഇന്ന് അനേകർക്ക് സൗഖ്യം നൽകുന്നത്. ഏതു മതത്തിൽപ്പെട്ടവർക്കും അഭയം അരുളുന്നതാണ്, സൗഖ്യം പകരുന്നതാണ് ലൂർദ്ദിലെ ഉറവ. ഇവിടത്തെ അത്ഭുതങ്ങൾ കോടിക്കണക്കിനു ആളുകളുടെ വിശ്വാസത്തെ സുദൃഢമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.