ലോകത്തെ മാറ്റിമറിച്ച വിശുദ്ധരായ സന്യാസിനികൾ

ലോകത്തെ സ്വാധീനിച്ച ധാരാളം സന്യാസിനിമാർ കത്തോലിക്കാ സഭയിലുണ്ടായിട്ടുണ്ട്. അവരുടെ പ്രാർത്ഥനയും മിഷൻ പ്രവർത്തനങ്ങളുമാണ് സഭയെയും വിശ്വാസികളെയും താങ്ങിനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. ദൈവത്തിന് ആത്മാർത്ഥമായി ജീവിതം സമർപ്പിച്ച നിരവധി മിഷനറിമാർ എല്ലാ കാലഘട്ടങ്ങളിലുമുണ്ടായിട്ടുണ്ട്. പ്രാർത്ഥനയിലൂടെയും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെയും ഓരോ സമയത്തും അവർ വെല്ലുവിളികളെ നേരിട്ടിരുന്നു. ജീവിതത്തിൽ മാതൃകയാക്കാവുന്ന വിശുദ്ധ സന്യാസിനിമാരെക്കുറിച്ച് വായിച്ചറിയാം…

1. വി. അമ്മ സിൻക്ലെറ്റിക്ക (316-400)

വി. സിൻക്ലെറ്റിക കത്തോലിക്കാ സഭയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സന്യാസിനിയാണ്. അലക്സാൻഡ്രിയയിൽ ജനിച്ച അമ്മ തന്റെ ജീവിതം പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം തനിക്കുണ്ടായിരുന്ന സമ്പാദ്യമെല്ലാം പാവങ്ങൾക്ക് ദാനം ചെയ്ത അവർ പിന്നീട് താപസജീവിതം നയിച്ചു. തന്റെ സന്യാസജീവിതത്തിനായി മദർ സിൻക്ലെറ്റിക്ക തിരഞ്ഞെടുത്തത് മരുഭൂമിയിലെ വി. ആന്റണിയുടെ ജീവിതപാത പിന്തുടരുവാനായിരുന്നു.

ആത്മീയോപദേശം സ്വീകരിക്കാനായി നിരവധി സ്ത്രീകൾ മദറിന്റെ അടുക്കൽ എത്തിത്തുടങ്ങി. വിശുദ്ധയ്ക്ക് കാര്യങ്ങളെ അപഗ്രഥിക്കാനുള്ള വരവും രോഗശാന്തിക്കുള്ള വരവും പ്രത്യേകമായുണ്ടായിരുന്നു. തന്റെ വാക്കുകളിലൂടെ മറ്റുള്ളവർക്ക്‌ ആവശ്യമായ ഉപദേശങ്ങൾ നൽകാൻ അവർ എപ്പോഴും ശ്രദ്ധിച്ചു. അവരിൽ പലരും സിൻക്ലെറ്റിക്ക വസിക്കുന്ന ആശ്രമത്തിനരികെ താമസമാരംഭിച്ചു. എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ തന്റെ ജീവിതം പോലെ കടുത്ത ദാരിദ്ര്യം വ്രതമായി ഏറ്റെടുക്കാൻ പല സ്ത്രീകൾക്കും സാധിക്കുന്നില്ലെന്ന് മദർ മനസ്സിലാക്കി. വീട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിച്ചവർക്കു പോലും ആത്മീയദർശനങ്ങൾ ചേർത്തുവച്ചു കൊണ്ട് ഉപദേശങ്ങൾ നല്കിക്കൊണ്ടായിരുന്നു മദർ യാത്രയാക്കിയത്. വിശുദ്ധയുടെ ജ്ഞാനം അവരെ ബഹുമാനത്തിന് അർഹയാക്കി.

2. വി. ജൻവീവ് (422-500)

വി. ജർമാനൂസ് ഡി ഓക്സിറേയുടെ പ്രബോധനത്തിൽ ആകൃഷ്ടയായ വി. ജൻവീവ് തന്റെ ഏഴാം വയസ്സിൽ തന്നെ ജീവിതം ദൈവത്തിനു സമർപ്പിക്കാൻ തീരുമാനിച്ചു. വി. ജർമാനൂസ് ആൾക്കൂട്ടത്തിൽ നിന്ന് പ്രത്യേകമായി ജൻവീവിനെ മാറ്റിനിർത്തുകയും അവളുടെ ഭാവിയിലെ വിശുദ്ധജീവിതത്തെക്കുറിച്ച് പ്രവചിക്കുകയും ചെയ്തു. ജെൻവീവിനോടും അവളുടെ മാതാപിതാക്കളോടും സംസാരിച്ചതിനു ശേഷം അദ്ദേഹം അവളെ ഗ്രാമത്തിലെ ഒരു ദൈവാലയത്തിലേക്കു കൊണ്ടുപോയി. അവൾക്ക് 15 വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ മരണമടഞ്ഞു. അപ്പോൾ വിശുദ്ധൻ അവളെ സന്യാസിനിയാകുവാൻ പാരീസിലേക്കയച്ചു.

ജെൻവീവ് തികച്ചും ശ്രദ്ധേയായ ഒരു സന്യാസിനിയായിരുന്നു. അവൾക്ക് മനസ്സു വായിക്കാനുള്ള കഴിവുണ്ടായിരുന്നു. നിരന്തരമായി ദർശനങ്ങളും ദൈവാനുഭവങ്ങളും അവൾക്ക് ലഭിച്ചുകൊണ്ടിരുന്നു. ഇത്തരത്തിലുള്ള അവളുടെ കഴിവുകളെ ആളുകൾ ഭയപ്പെട്ടിരുന്നു. അതിനാൽ തന്നെ അവർ അവളെ ആക്രമിച്ചുകൊണ്ടേയിരുന്നു. ആക്രമണങ്ങൾ അവസാനിക്കുന്നതു വരെ വി. ജർമാനൂസ് അവളെ സംരക്ഷിച്ചു.

അവളുടെ പ്രാർത്ഥനകളും പ്രവചനങ്ങളും പല തവണ പാരീസിനെ സംരക്ഷിച്ചിട്ടുണ്ട്. അതിനാൽ തന്നെ വിശുദ്ധ, പാരീസ് നഗരത്തിന്റെ രക്ഷാധികാരിയായി വണങ്ങപ്പെടുന്നു. 1129 -ൽ ഒരു പകർച്ചവ്യാധിയിൽ നിന്ന് പാരീസിനെ രക്ഷിച്ചതിന്റെ ബഹുമതിയും വിശുദ്ധയുടെ മദ്ധ്യസ്ഥതയ്ക്കാണ്. സ്വന്തം നഗരത്തിനായി അവൾ എല്ലാം ചെയ്തിട്ടും ഫ്രഞ്ച് വിപ്ലവകാലത്ത് വിശുദ്ധയുടെ തിരുശേഷിപ്പുകൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു.

3. സ്വീഡനിലെ വി. ബ്രിജിത്ത (1303-1373)

കുലീനരായ സ്വീഡിഷ് മാതാപിതാക്കളുടെ മകളായിട്ടാണ് ബ്രിജിത്ത ജനിച്ചത്. പന്ത്രണ്ടാം വയസ്സു വരെ ദൈവിക കാര്യങ്ങളിൽ അതീവതാൽപര്യമുള്ളവളായി വളരാൻ ബ്രിജീത്തയുടെ അമ്മ അവളെ സഹായിച്ചു. ചെറുപ്പത്തിൽ തന്നെ അവൾക്ക് ആദ്യ ദർശനങ്ങൾ ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ പീഡാസഹനങ്ങൾ പലപ്പോഴും അവൾക്ക് ദർശനങ്ങളായി ലഭിച്ചിരുന്നു. പിന്നീട് പിതാവിന്റെ നിർദ്ദേശാനുസരണം പതിനാറാം വയസ്സിൽ സ്വീഡനിലെ ഉൾഫോ രാജകുമാരനെ വിവാഹം ചെയ്തു. എട്ടു മക്കളുടെ ജനനശേഷം ഇരുവരും ആശ്രമജീവിതം നയിച്ചു.

ദരിദ്രർക്കായി ഒരു ആശുപത്രി അവർ പണിയിച്ചിരുന്നു. സ്വത്തുക്കളെല്ലാം മക്കൾക്ക് ഭാഗിച്ചുകൊടുത്തതിനു ശേഷം വളരെ ലളിതമായ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ഉൾഫോ രാജകുമാരൻ രോഗബാധിതനായി ഒരു ആശ്രമത്തിൽ വച്ചാണ് മരണമടയുന്നത്. ഇവരുടെ മകളാണ് സിയെന്നായിലെ വി. കാതറിൻ.

4. ആവിലയിലെ വി. അമ്മത്രേസ്യ (1515-1582)

മുകളിൽ പരാമർശിച്ച വിശുദ്ധരെപ്പോലെ തെരേസ കുട്ടിക്കാലത്ത് അത്ര തീക്ഷ്ണമതിയായിരുന്നില്ല. ഇരുപതാം വയസ്സിൽ കർമ്മലീത്ത മഠത്തിൽ പ്രവേശിച്ച അമ്മത്രേസ്യക്ക് പിന്നീട് ദൈവം ദർശനങ്ങളും അരുളപ്പാടുകളും നല്കാൻ തുടങ്ങി.

ത്രേസ്യയുടെ ആത്മീയത വളരെയധികം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. മിസ്റ്റിസിസവും പ്രായോഗികതയും നർമ്മബോധവും കൂടിച്ചേരുന്ന രചനാശൈലിയായിരുന്നു അവർക്കുണ്ടായിരുന്നത്. വിശുദ്ധയുടെ ആത്മകഥയായ ‘പൂർണ്ണതയിലേക്കുള്ള വഴി’, ‘ഇന്റീരിയർ കാസിൽ’എന്നീ രണ്ടു പുസ്തകങ്ങൾ ഏറെ പ്രശസ്തമാണ്.

5. കൽക്കട്ടായിലെ വി. മദർ തെരേസ (1910-1997)

പതിനെട്ടാം വയസ്സിൽ ലൊറേറ്റോ സന്യാസ സമൂഹത്തിൽ അംഗമായ ആഗ്നെസ്, തെരേസ എന്ന പേര് സ്വീകരിച്ചു. ഇന്ത്യയിൽ വരികയും അവിടെ ശുശ്രൂഷ ചെയ്യുകയും ചെയ്ത മദർ, പാവപ്പെട്ട ആളുകളെ സേവിക്കാനുള്ള വിളിയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നു മനസ്സിലാക്കി. അങ്ങനെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനീ സമൂഹം സ്ഥാപിച്ചു. അനാഥാലയങ്ങൾ, മരണാസന്നരായവർക്കുള്ള ഭവനങ്ങൾ, കുഷ്ഠരോഗികൾക്കായുള്ള ഭവനങ്ങൾ എന്നിവ സ്ഥാപിച്ച അമ്മ തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ലോകത്തെ പ്രചോദിപ്പിച്ചു.

1979 -ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹയായി. സങ്കീർണ്ണമായ ലോകത്തിൽ എളിമയുടെയും വിശ്വാസത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു അവർ. സഭയിൽ ഏറ്റവും ചുരുങ്ങിയ കാലയളവ് കൊണ്ട് വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ടവരിലൊരാളാണ് മദർ തെരേസ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.