വിശുദ്ധ കുർബാന തീരുന്നതു വരെ ദൈവാലയത്തിൽ നിൽക്കണോ? ഉത്തരം ഇതാ

വൈദികരും സന്യസ്തരും ഇപ്പോഴും വിശ്വാസികളെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് വിശുദ്ധ കുർബാന സ്വീകരിച്ച ഉടനെ ദൈവാലയത്തിൽ നിന്നും പുറത്തു പോകരുത് എന്ന്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കുറഞ്ഞത് വിശുദ്ധ കുർബാന കഴിഞ്ഞ്  അഞ്ച് മിനിറ്റെങ്കിലും ദൈവാലയത്തിൽ ചിലവിടണം എന്നു നിർദ്ദേശിക്കുന്നവരാണ് മിക്കവരും. എന്നാൽ, ഇടയ്ക്കെങ്കിലുമൊക്കെ വിശുദ്ധ കുർബാന സ്വീകരിച്ചതിനു ശേഷം പുറത്തേയ്ക്കു പോകുന്നവരെയും, അച്ചൻ ആശിർവാദം തരുന്നതിനു മുന്നേ പോകുന്നവരെയുമൊക്കെ കണ്ടിട്ടുണ്ട്. പലപ്പോഴും ഇവർക്കൊക്കെ പറയാൻ തിരക്കുകളുടെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ടാകും. അവരുടെ ശ്രദ്ധയിലേയ്ക്കായി ഏതാനും ഓർമ്മപ്പെടുത്തൽ മുന്നോട്ടു വയ്ക്കുകയാണ്.

1. വിശുദ്ധ കുർബാനയിൽ നാം ഈശോയെ സ്വീകരിക്കുന്നു

നാം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും ഭക്തിപൂർവ്വം അത് സ്വീകരിക്കുകയും ചെയ്യുമ്പോൾ ഈശോ നമ്മുടെ ഉള്ളിലേയ്ക്ക് കടന്നുവരികയാണ്. വിശുദ്ധ കുർബാന സ്വീകരിച്ച ഉടനെ ദൈവാലയത്തിൽ നിന്നു പോകുന്നത്, ദൈവം നിങ്ങളിലേയ്ക്ക് കടന്നുവരുന്ന നിമിഷത്തെ, വിശുദ്ധമായ ആ കൂടിച്ചേരലിനെ വെറുമൊരു സുഹൃത്തിനെ സന്ദർശിക്കുന്ന ലാഘവത്തോടെയാണ് നിങ്ങള്‍ കണക്കാക്കുന്നത് എന്ന് തെളിയിക്കുന്നു. വിശുദ്ധ കുർബാനയിൽ, ഈശോ നമ്മിലേയ്ക്ക്‌ എഴുന്നള്ളി വരുമ്പോൾ അവിടുന്ന് നമ്മോടു സംസാരിക്കുന്നുണ്ട്. അത് കേൾക്കാൻ, നമുക്ക് പറയാനുള്ളതൊക്കെ പറയുവാൻ നാം സമയം കണ്ടെത്തണം.

2. ബോധ്യങ്ങളിലേയ്ക്ക് വളരണം

ഏറ്റവും താമസിച്ചു വരുന്നതും, വിശുദ്ധ കുര്‍ബാന കഴിയുന്നതിനു മുന്നേ സ്ഥലം വിടുന്നതുമായ ഇടമാണ് ദൈവാലയം. എല്ലാവരും അങ്ങനെയല്ലെങ്കിൽപ്പോലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ വൈകിയെത്തിയാലും മതി എന്നു ചിന്തിക്കുന്ന ഒരുകൂട്ടം ആളുകൾ നമ്മുടെ ഇടയിലുണ്ട് എന്ന് വിശ്വസിക്കാതിരിക്കാനും കഴിയില്ല. വിശുദ്ധ കുർബാനയിൽ നാം പങ്കെടുക്കുന്നത് വെറും കടമ പോക്കൽ മാത്രമായി മാറുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

ഓടിവന്നു ചെയ്തു തീർക്കേണ്ടതാണ് ഒന്നല്ല വിശുദ്ധ കുർബാന. അതിന് ശരിയായ ഒരുക്കവും ഭക്തിയോടെയുള്ള പങ്കെടുക്കലും ആവശ്യമാണ്. ഈശോയെ കാണുന്നതിനായിട്ടാണ് നാം ദൈവാലയത്തിൽ എത്തുന്നതെന്ന ബോധ്യമാണ് നമുക്ക് ആദ്യം ഉണ്ടാവേണ്ടത്. അങ്ങനെയൊരു ബോധ്യത്തിലേയ്ക്ക് വളരുവാൻ കഴിയാത്തതു കൊണ്ടാണ് പലപ്പോഴും നമ്മുടെ ബലിയർപ്പണം ഒരു പ്രഹസനമായി മാറുന്നത്.

3. കാത്തിരിക്കുന്ന സൃഷ്ടാവ്

ഈ ലോകത്തിൽ മറ്റെല്ലാ കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നവരാണ് നാം. എന്നാൽ നമ്മെ നോക്കി, നമ്മോടു സംസാരിക്കുവാൻ മാത്രമായി സക്രാരിയിൽ ഏറെ വാത്സല്യത്തോടെയും സ്നേഹത്തോടെയും കാത്തിരിക്കുന്ന ഒരു ദൈവം നമുക്കുണ്ട്. നമ്മുടെ സൃഷ്ടാവ്. തന്റെ സൃഷ്ടിയായ മനുഷ്യൻ തന്റെ അടുക്കലേയ്ക്കു വരുന്നതും നോക്കി വിശുദ്ധ കുർബാനയിൽ ഇരിക്കുകയാണ്. അപ്പോഴാണ് നാം വിശുദ്ധ കുർബാന സ്വീകരിച്ചു നമ്മുടേതായ തിരക്കുകളിലേയ്ക്ക് ഓടുന്നത്. അതൊരിക്കലും പാടില്ല. കുറഞ്ഞത് വിശുദ്ധ കുർബാന കഴിഞ്ഞ് നമ്മുടെയുള്ളിൽ വന്ന ദൈവത്തിന് നന്ദി പറഞ്ഞതിനു ശേഷം മാത്രമേ ദൈവാലയത്തിൽ നിന്നും ഇറങ്ങാവൂ.

4. അവസാന ആശീർവാദം പ്രധാനപ്പെട്ടതു തന്നെ

വിശുദ്ധ കുർബാന, കുർബാന സ്വീകരണം കൊണ്ട് അവസാനിക്കുമോ? ഇല്ല. വൈദികൻ ദൈവജനത്തെ ആശിര്‍വദിക്കുന്നതോടു കൂടിയാണ് വിശുദ്ധ കുർബാന അവസാനിക്കുക. വൈദികൻ നൽകുന്ന ആശിർവാദം വളരെ പ്രധാനപ്പെട്ടതാണ്. വൈദികൻ ആശീർവാദം നൽകുന്നത് ക്രിസ്തുവിന്റെ പ്രതിനിധിയായി നിന്നുകൊണ്ടാണ്. ക്രിസ്‌തു തന്നെയാണ് നമ്മെ ആശീർവദിക്കുന്നത്.

വിശുദ്ധ കുർബാനയിൽ ഈശോയുടെ തിരുശരീര-രക്തങ്ങൾ ഉൾക്കൊണ്ട നമ്മെ ആശീർവദിച്ച് അനുഗ്രഹിക്കുവാൻ ഈശോ തയ്യാറായി നിൽക്കുമ്പോൾ നാം നിസാരമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഓടിമാറുന്നു. അവിടുത്തെ അനുഗ്രഹം അതാണ് നമ്മെ നയിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നത് എന്ന് ഓർക്കുക.

5. കൃപയുടെ ഉറവിടമായ വിശുദ്ധ കുർബാന

കൂദാശയുടെ ഫലങ്ങൾ അവ സ്വീകരിക്കുന്നയാളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. കൂദാശകൾ കൃപാവരത്തെ നമ്മിലേയ്ക്ക്‌ ഒഴുക്കുന്നു. എന്നാൽ, കൃപ നമ്മിലേയ്ക്ക്‌ ഒഴുകണമെങ്കിൽ അതിനു തക്കതായ ഒരുക്കം നമ്മിലുണ്ടാകണം. കുർബാന അവസാനിക്കുന്നതിനു മുൻപ് നാം ദേവാലയത്തിൽ നിന്നു പോവുകയാണെങ്കിൽ ആ നിമിഷം നമ്മെ ഭരിക്കുന്നത് ദൈവികമായ ചിന്തകൾ ആയിരിക്കില്ല. മറിച്ച്, ലോകത്തിന്റേതായ തിരക്കുകളും മറ്റും ആയിരിക്കും.

ഈ അവസ്ഥയിൽ നാം സ്വീകരിച്ച വിശുദ്ധ കുർബാന നമ്മുടെ ജീവിതത്തിലേയ്ക്ക് ഒഴുക്കുന്ന കൃപയെക്കുറിച്ചുള്ള ചിന്തകൾ നമ്മിലുണ്ടാകാൻ വഴിയും അവസരവും ഉണ്ടായെന്നു വരില്ല. തന്നെയുമല്ല, നാം സ്വീകരിച്ച ഈശോയോടുള്ള ബഹുമാനം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ നൽകുവാനും കഴിഞ്ഞെന്നു വരില്ല. ഈ കാരണങ്ങൾ കൊണ്ടാണ് വിശുദ്ധ കുർബാന കഴിഞ്ഞതിനു ശേഷം മാത്രമേ ദൈവാലയത്തിൽ നിന്ന് പോകാവൂ എന്ന് വൈദികർ നിഷ്കർഷിക്കുന്നത്.