മരച്ചുവട്ടിലെ കുർബാന അനുഭവം 

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ.

ഈ കഴിഞ്ഞ ദിവസങ്ങളില്‍ ജാര്‍ഘണ്ടിലുള്ള ഞങ്ങളുടെ പുതിയ മിഷന്‍ സ്റ്റേഷന്‍ സന്ദര്‍ശിക്കുവാന്‍ എനിക്കൊരവസരം കിട്ടി. ദുമ്ക്ക എന്ന മിഷന്‍ സ്റ്റേഷനിലേയ്ക്ക് റാഞ്ചിയില്‍ നിന്നും ഏകദേശം 450 കി.മീറ്റര്‍ ദൂരം ഉണ്ട്. സന്താളി ഭാഷയും ചെറിയ മണ്‍ച്ചട്ടിയിലെ ചൂടുചായയും യാത്രയുടെ കൗതുകത്തെ വര്‍ദ്ധിപ്പിച്ചു. മദ്ധ്യപ്രദേശില്‍ നിന്നും വളരെ വേറിട്ട ഒരു സംസ്‌കാരമാണിവിടെ. ഇടതിങ്ങിയ വനാന്തരത്തിലൂടെയുള്ള റിക്ഷായാത്ര വളരെയധികം ആത്മീയത ഉണര്‍ത്തുന്ന ഒന്നായിരുന്നു. റോഡിന്റെ ഇരുവശവും കണ്ണിന് കുളിരേകുന്ന ലിച്ചിയുടെ മരങ്ങള്‍ കൊണ്ട് വനനിബിഡമായിരിക്കുന്നു. ചുവന്ന തോരണം ചാര്‍ത്തിയ പോലെയുള്ള ലിച്ചിയുടെ ഫലങ്ങള്‍ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി (വളരെ മധുരമുള്ള ഏകദേശം റാംബൂട്ടന്‍ പോലെയുള്ള അവിടത്തെ ഒരു സ്‌പെഷ്യല്‍ ഫലമാണിത്). അനേകം തരത്തിലുള്ള മാവുകളും, പ്ലാവുകളും പനകളും കൊണ്ട് അനുഗ്രഹീതമാണവിടെ. ഏകദേശം കേരളത്തിന്റേതു പോലെയുള്ള കാലാവസ്ഥ.

കോണ്‍വെന്റില്‍ എത്തി യാത്രാക്ഷീണമൊക്കെ മാറ്റി 25 കി.മീറ്റര്‍ ദൂരെയുള്ള ഒരു ഗ്രാമത്തില്‍ വി. കുര്‍ബ്ബാനയ്ക്കായി ഞങ്ങള്‍ അച്ചനോടൊപ്പം യാത്രയായി. എത്രപേര്‍ വരും എന്ന് തലേദിവസം വിളിച്ചു പറയും. എന്നിട്ട് വേണം ഞങ്ങള്‍ക്ക് ഇരിയ്ക്കാനുള്ള കസേരകള്‍ പല വീടുകളില്‍നിന്നും കൊണ്ടുവരാന്‍. 25 കി.മീറ്റര്‍ യാത്ര കഴിഞ്ഞ് ഞങ്ങള്‍ തുറസ്സായ ഒരു മൈതാനത്ത് എത്തിച്ചേര്‍ന്നു. ഏകദേശം 50-ഓളം പേര്‍ അവിടെ ഞങ്ങളെയും കാത്ത് നില്‍പ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ കൈകൂപ്പി യേശു മറാംങ്ക് – സന്താളി ഭാഷയാണിത് – നമ്മുടെ ഭാഷയില്‍ ഈശോമിശിഹായ്ക്ക് സ്തുതി – പറഞ്ഞു.

കുര്‍ബ്ബാനയ്ക്കുള്ള പള്ളി കണ്ടപ്പോള്‍ എന്റെ മനസ്സിലെ ആനന്ദമെല്ലാം മങ്ങിമറഞ്ഞു. ഇഷ്ടികകൊണ്ട് ഉയര്‍ത്തിയ ആറു തൂണുകള്‍. അതിന്റെ മുകളില്‍ അവിടെയുമിവിടെയുമായി പൂതലിച്ച മരത്തിന്റെ കഴുകോലുകള്‍ അലക്ഷ്യമായി വെച്ചിരിക്കുന്നു. ഉള്ളിലേയ്ക്ക് സൂര്യപ്രകാശം ഇറങ്ങാതിരിക്കാനായി ഉണങ്ങിയ ഈന്തപ്പനയുടെ ഓലകള്‍ വച്ചിട്ടുണ്ട്. നട്ടുച്ച വെയിലായതു കൊണ്ട് സൂര്യപ്രകാശം മുഴുവനും പട്ടകള്‍ക്കിടയിലൂടെ ഞങ്ങളുടെ മേല്‍ പതിക്കുകയായിരുന്നു. അങ്ങനെ ചുട്ടുപഴുത്ത വെയിലിലായിരുന്നു ഞങ്ങളുടെ ബലിയര്‍പ്പണം. ഞങ്ങള്‍ ചെന്നുകഴിഞ്ഞപ്പോള്‍ തന്നെ കാറ്റകിസ്റ്റ് (അച്ചന്മാരുടെ അഭാവത്തില്‍ ജനങ്ങളെ വിശ്വാസത്തിലേയ്ക്കു നയിക്കുന്ന ആളാണ് കാറ്റകിസ്റ്റ്) ഏകദേശം പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്ന നിറുത്താതെയുള്ള മണിയടി. കാരണം ഈ മണിയടി കേട്ടിട്ട് വേണം മലയുടെ താഴ്‌വരയിലുളള ജനങ്ങള്‍ക്ക് പുറപ്പെടാന്‍. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും ഏകദേശം 500-ഓളം ജനങ്ങള്‍ ഒരുമിച്ചുകൂടി. ഇതിനിടെ ജനങ്ങള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊട്ടിപൊളിഞ്ഞ പ്ലാസ്റ്റിക് മേശയുടെ മുകളില്‍ ഞങ്ങള്‍ കൊണ്ടുപോയ വെള്ളതുണി വിരിച്ച് അള്‍ത്താരയാക്കി മാറ്റി. ഉടഞ്ഞ ഗ്ലാസ്സുള്ള രണ്ടു മെഴുകുതിരിക്കാലും കത്തിച്ചു വച്ച് വി. കുര്‍ബ്ബാനയ്ക്കുള്ള ഒരുക്കം തുടങ്ങി. അതിനുമുമ്പ് അതിഥിയായി ചെന്ന എന്നെ അച്ചന്‍ അവര്‍ക്ക് സന്താളി ഭാഷയില്‍ പരിചയപ്പെടുത്തി. അതിഥികള്‍ ചെന്നാല്‍ അവരുടെ രണ്ടു കാലുകളും മുഖവും വെള്ളം കൊണ്ട് കഴുകിത്തുടച്ച്,  മിഠായി വായില്‍ വെച്ചിട്ട് മാലയിട്ടു സ്വീകരിക്കുക അവരുടെ ഒരു ആചാരരീതിയാണ്.

അതിനുശേഷം വി. ബലിയുടെ ആരംഭമായി. താളമേളങ്ങളോടുകൂടിയ അവരുടെ സജീവ ബലിയര്‍പ്പണം പുതിയൊരനുഭവമായിരുന്നു. ഈശോയ്ക്ക് വേണ്ടി ജീവിയ്ക്കാനുള്ള അവരുടെ ദാഹം അവരുടെ പ്രാര്‍ത്ഥനകളില്‍ പ്രകടമായിരുന്നു. 1 രൂപ, 2 രൂപ കോയിന്‍ ആയിരുന്നു മിക്കവരുടെയും സമര്‍പ്പണ പൈസ. വലിയ സംഖ്യയായി കണ്ടത് ചുരുക്കം 10 രൂപാ നോട്ടുകള്‍. കൂടാതെ, തങ്ങളുടെ ഭക്ഷണശേഖരണത്തില്‍ നിന്നും മാറ്റിവച്ച് കൊണ്ടുവന്ന അരിയും ചിലര്‍ കാഴ്ചയായി സമര്‍പ്പിച്ചിരുന്നു. വിധവയുടെ കൊച്ചുകാശു പോലെ ഈശോയുടെ മുന്നില്‍ ഈ സമര്‍പ്പണമായിരിക്കാം ഒരുപക്ഷെ ഏറ്റവും വിലയേറിയത് എന്ന് തോന്നിപ്പോയി.

ബലിവേദിയ്ക്ക് ചുറ്റും നിന്നുള്ള നുറുങ്ങിയ മനസ്സില്‍ നിന്നും ഉച്ചത്തില്‍ ഉയരുന്ന അവരുടെ പ്രാര്‍ത്ഥനകളും ആരാരും കാണാതെ മനസ്സിന്റെ കോണില്‍ സൂക്ഷിച്ചുവച്ചിട്ടുള്ള അവരുടെ  സ്വകാര്യദുഃഖങ്ങളും പ്രാര്‍ത്ഥനയുടെ തീക്ഷ്ണതയെ വര്‍ദ്ധിപ്പിച്ചു. വി. കുര്‍ബ്ബാനയുടെ മദ്ധ്യേ മുറിച്ച അപ്പവുമായി വൈദികന്‍ തന്റെ തൃക്കരങ്ങള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ത്തിയപ്പോള്‍ എന്റെ മനസ്സില്‍ ആരോ പറയുന്നപോലെ, മകളെ, ഈ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ മുറിയ്ക്കപ്പെട്ടത്. ഇവരാണ് യഥാര്‍ത്ഥത്തില്‍ എന്റെ നാമം വിളിച്ചപേക്ഷിയ്ക്കുന്നവര്‍. ഈ പാവപ്പെട്ട ജനങ്ങളുടെ തേങ്ങലുകള്‍ എന്റെയും തേങ്ങലുകളാണ്. ഞാനറിയാതെ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.

എത്രയോ ദൂരത്തു നിന്നുമാണ് പാവപ്പെട്ട ജനങ്ങള്‍ കൊച്ചുകുട്ടികളെ പുറത്തു തുണിയില്‍ കെട്ടിതൂക്കി മലകളും, നദികളും താണ്ടിക്കടന്ന് ബലിയര്‍പ്പണത്തിനായി ഒരുമിച്ചുകൂടുന്നത്. എന്നും വി. ബലിയ്ക്കായി അണയുന്ന അവരുടെ വിശ്വാസവും നമ്മുടെ വിശ്വാസവും തമ്മില്‍ എത്രയോ അന്തരമുണ്ട്. നമുക്കൊക്കെ എന്നും വി. ബലി ലഭിക്കുകയും, അതിനുള്ള സൗകര്യങ്ങള്‍ ഏറെയുമാണ്. എന്നിട്ടും എന്താണ് എന്റെ ഈശോയോടുള്ള ദാഹം വര്‍ദ്ധിക്കാത്തത്? ബലിയര്‍പ്പിക്കുന്ന പുരോഹിതരുടെ കുറവുകള്‍ നമുക്ക് വലുതായി തോന്നുന്നു. അതിനെപ്രതി ബലി പോലും നമ്മള്‍ ചിലപ്പോഴൊക്കെ ഉപേക്ഷിക്കുന്നു. നമുക്കുവേണ്ടി സ്വയം ബലിയര്‍പ്പിച്ച എന്റെ രക്ഷകനോ, അതോ മാനുഷിക കുറവുകളുള്ള പുരോഹിതരോ ആരാണ് വലിയത്? ആരെയാണ് ഞാന്‍ നോക്കി അനുകരിക്കേണ്ടത്?

പ്രിയസഹോദരങ്ങളെ, നാം ഇപ്പോള്‍ ആയിരിക്കുന്ന ഈ നിമിഷം മാത്രമാണ് നമുക്ക് സ്വന്തമെന്ന് പറയാന്‍ പറ്റൂ. ഇനിയൊരു ബലിയര്‍പ്പിക്കാന്‍ നാളെ നാം പോകുമോ എന്നു നമുക്കറിഞ്ഞുകൂടാ. അതുകൊണ്ട് ഓരോ ബലിയും നമ്മുടെ ജീവിതത്തിലെ അവസാന ബലിയാണെന്ന് കരുതിക്കൊണ്ട് ആത്മാര്‍ത്ഥതയോടെ, സജീവമായി വി. ബലിയില്‍ പങ്കെടുക്കാന്‍ പരിശ്രമിയ്ക്കാം. വി. ബലികള്‍ വെറും ഒരു പ്രകടനമായി നമ്മുടെ ജീവിതത്തില്‍ മാറാതിരിക്കട്ടെ. വി. ബലിയിലൂടെ എന്നും ഈശോയുടെ ബലി തുടര്‍ന്നുകൊണ്ടിരിയ്ക്കുന്ന നമ്മുടെ പുരോഹിതര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി നമുക്ക് പ്രാര്‍ത്ഥിയ്ക്കാം. അങ്ങനെ നമ്മുടെ വിശ്വാസജീവിതം കണ്ടുകൊണ്ട് ധാരാളം മക്കള്‍ ഈശോയുടെ സ്‌നേഹത്തിലേയ്ക്ക് അണയട്ടെ എന്ന് നമുക്കാത്മാര്‍ത്ഥമായി പ്രാര്‍ത്ഥിയ്ക്കാം. അങ്ങനെ വിശുദ്ധിയില്‍ ജീവിയ്ക്കുന്ന ഒരു പ്രേഷിതഗണമായി നമുക്കൊരുമിച്ച് മുന്നേറാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..

സിസ്റ്റര്‍ അനിത വര്‍ഗ്ഗീസ് എസ്.ജെ. സാഗർ