അനുദിനം വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍

‘സ്വര്‍ഗത്തില്‍ എത്താനുള്ള ഏറ്റവും ഹ്രസ്വവും എളുപ്പവും സുനിശ്ചിതവുമായ മാര്‍ഗം പരിശുദ്ധ കുര്‍ബാനയാണ്’ എന്ന് വിശുദ്ധ പത്താം പിയൂസ് മാര്‍പാപ്പ പഠിപ്പിച്ചിട്ടുണ്ട്. ദൈവനീതിപ്രകാരം, പരിഹാരം ചെയ്യാത്ത ഒരു പാപംപോലും ശിക്ഷിക്കപ്പെടാതെ പോവില്ല. എന്നാല്‍ കഠിന പരിഹാരപ്രവൃത്തികളെക്കാള്‍, നമ്മുടെ പാപകടങ്ങള്‍ മോചിക്കുന്നത് ദൈവപുത്രന്‍ നമുക്കായി അര്‍പ്പിച്ച വിശുദ്ധ ബലിയാണ്. കാരണം ക്രിസ്തുവിന്റെ രക്തത്തിനുമാത്രമേ പാപം മോചിക്കാന്‍ കഴിവുള്ളൂ. വിശുദ്ധ കുര്‍ബാനയാണ് അതിന് ഏറ്റവും നല്ല മാര്‍ഗം.

ഓരോ ദിവ്യബലിയര്‍പ്പണത്തിലൂടെയും നിത്യജീവിതത്തിലേക്കുള്ള യോഗ്യതകളാണ് സ്വര്‍ഗത്തില്‍ നമ്മുടെ പേരില്‍ നിക്ഷേപിക്കപ്പെടുക. ഉന്നതമായ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന സ്‌നേഹസമ്പന്നനും മഹത്വപൂര്‍ണനുമായ ദൈവപിതാവിന്റെ സന്നിധിയിലേക്കുള്ള ചുവടുവയ്പുകളാണ് നാം അര്‍പ്പിക്കുന്ന ദിവ്യബലികള്‍. നമ്മുടെ സ്‌നേഹവും സഹകരണവും എത്രയുണ്ടോ അത്രയും ഉയരത്തില്‍, ദൈവത്തിന്റെ അടുക്കല്‍ നാം എത്തിച്ചേരും. ഈ രഹസ്യം അറിയുന്നവര്‍ ദിനവും ദിവ്യബലിയര്‍പ്പിക്കും, സാധിക്കുന്നത്ര ദിവ്യബലികളില്‍ ഭക്തിപൂര്‍വം പങ്കെടുക്കുകയും ചെയ്യും.

രോഗസൗഖ്യത്തിനും സൗന്ദര്യവര്‍ദ്ധനവിനുമെല്ലാം വിശുദ്ധ ബലി ദിവ്യൗഷധമാണ് എന്ന് മൂന്നാം ഇന്നസെന്റ് മാര്‍പാപ്പാ പ്രബോധിപ്പിക്കുന്നു. ‘പരിശുദ്ധ കുര്‍ബാനയുടെ ശക്തിയാല്‍ നമ്മില്‍ എല്ലാ പുണ്യങ്ങളും കൃപകളും വളര്‍ന്ന് ഫലംചൂടുകയും ആന്തരികമായ സൗന്ദര്യം വര്‍ധിക്കുകയും ചെയ്യും. ഈ ആന്തരികസൗന്ദര്യമാകട്ടെ വിശുദ്ധര്‍ക്കും മനുഷ്യര്‍ക്കുമിടയിലും നമ്മെ തേജസുറ്റവരാക്കുന്നു.’ ‘എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും’ (യോഹന്നാന്‍ 6:54) എന്ന ഈശോയുടെ വാക്കുകളും വിസ്മരിക്കാതിരിക്കാം.