ഗ്രിഗോറിയൻ ചാപ്പലിലെ നീല മേൽക്കുപ്പായമണിഞ്ഞ പരിശുദ്ധ അമ്മ 

കോവിഡ് മഹാമാരി സൃഷ്‌ടിച്ച വലിയ പ്രതിസന്ധിയിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ മെയ് ഒന്ന് മുതൽ 31 വരെ ഫ്രാൻസിസ് പാപ്പാ നടത്തുന്ന ജപമാല മാരത്തോണിനു ഇന്ന് തുടക്കമാകുന്നു. മരിയൻ മാസമായ മെയ് മാസത്തിൽ ഓരോ ദിവസങ്ങളിലായി  30 പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലാണ് ജപമാല പ്രാർത്ഥന നടക്കുന്നത്. ഓരോ ചാപ്പലിലും പ്രാർത്ഥിക്കുവാൻ പ്രത്യേകം ജപമാലയും സജ്ജമാക്കിയിട്ടുണ്ട്. വിവിധ നാടുകളിലെ തീർത്ഥാടന കേന്ദ്രങ്ങളായതിനാൽ ഓരോ ദിവസവും  വ്യത്യസ്തങ്ങളായ ആചാരങ്ങളിലും ഭാഷകളിലുമായിരിക്കും ജപമാല പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്കുയരുക.

വത്തിക്കാനില്‍ തുടക്കം 

മെയ് ഒന്നിന് വൈകുന്നേരം ആറ് മണിക്ക് ഫ്രാൻസിസ് പാപ്പാ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ജപമാല മാരത്തോണിന് തുടക്കം കുറിക്കുക. വി. ലിയോയുടെ ബലിപീഠത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഗ്രിഗോറിയൻ ചാപ്പലിലെ മാതാവിന്റെ അൾത്താരയിലാണ് ജപമാലയർപ്പണം നടക്കുന്നത്. ചാപ്പലിലെ  പരിശുദ്ധ കന്യക മറിയത്തിന്റെ പ്രശസ്തമായ ചിത്രത്തിലേക്ക് കണ്ണുകൾ ഉയർത്തിക്കൊണ്ടായിരിക്കും പാപ്പാ ജപമാല പ്രാർത്ഥന നയിക്കുക. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന മരിയൻ ഐക്കണായി ഈ ചിത്രം കണക്കാക്കപ്പെടുന്നു.  ഗ്രിഗോറിയൻ ചാപ്പലിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെ ചിത്രത്തിന്റെയും പ്രത്യേകതകളെ കുറിച്ച് ലൈഫ്ഡേ – യില്‍ വായിക്കാം…

ഗ്രിഗോറിയൻ ചാപ്പൽ 

നവോത്ഥാന വാസ്തുവിദ്യയുടെ ഏറ്റവും മനോഹരമായ ഉദ്ദാഹരണമാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന ഗ്രിഗോറിയൻ ചാപ്പൽ. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ചാപ്പലിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി ഗ്രിഗറി പതിമൂന്നാമൻ പാപ്പായാണ് മുൻകൈ എടുത്തത്. അതിനുശേഷമാണ് ഇത് ഗ്രിഗോറിയൻ ചാപ്പൽ എന്നു അറിയപ്പെട്ടു തുടങ്ങിയതും. മൈക്കലാഞ്ജലോ തുടങ്ങിവെച്ച ചാപ്പലിന്റെ നിർമ്മാണം പാപ്പായുടെ ആഗ്രഹപ്രകാരം ജിക്കോമോ ഡെല്ലാ പോർട്ടയാണ് പൂർത്തീകരിച്ചത്.

ബെനഡിക്ട് പതിനാലാമൻ പാപ്പായുടെയും ഗ്രിഗറി പതിനാറാമൻ പാപ്പായുടെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്നത് ഈ ചാപ്പലിൽ ആണ്. ചാപ്പലിനു പ്രധാനമായും മൂന്ന് അൾത്താരകളാണുള്ളത്. വി. ബേസിൽ, ‘അവര്‍ ലേഡി ഓഫ് ഹെല്‍പ്’, വി. ജെറോം  എന്നിവരുടെ നാമധേയത്തിലാണ് ഇത് മൂന്നും അറിയപ്പെടുന്നത്. ഇതിൽ ‘അവര്‍ ലേഡി ഓഫ് ഹെല്‍പ്’ അതായത് സഹായ മാതാവിന്റെ അൾത്താരയുടെ മുൻപിലായിരിക്കും പാപ്പാ ജപമാല മാരത്തോണിന് തുടക്കം കുറിക്കുക.

ഉണ്ണിയേശുവിനെ കയ്യിലെടുത്തിരിക്കുന്ന മാതാവിന്റെ ചിത്രം  

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഏറ്റവും ആകർഷകമായ ചിത്രമാണ് ഉണ്ണിയേശുവിനെ കൈയ്യിലെടുത്തിരിക്കുന്ന പരിശുദ്ധ കന്യകാ മറിയത്തിന്റെ ചിത്രം. ഏഴാം നൂറ്റാണ്ടിൽ വരയ്ക്കപ്പെട്ട ഈ ചിത്രത്തിന് കാലപ്പഴക്കം കൊണ്ട് സംഭവിച്ച ഒരുപാട് കേടുപാടുകൾ നീക്കം ചെയ്തു ഇന്നുകാണും വിധത്തിൽ പുനഃസ്ഥാപിച്ചത്  2013- ൽ ആണ്. കോൺസ്റ്റന്റൈൻ ചക്രവർത്തി നിർമ്മിച്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വി. ലിയോയുടെ അൾത്താരയ്ക്ക് മുകളിലാണ് ഈ ചിത്രം സ്ഥാപിക്കപ്പെട്ടത്.

പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചിത്രത്തെ ഒന്നുകൂടി പുനര്നിര്മ്മിക്കുകയും പിന്നീട് ഏകദേശം 50  വർഷത്തോളം വി. പത്രോസിന്റെ രൂപമിരിക്കുന്ന അൾത്താരയുടെ മുകളിലായിട്ടാണ് ചിത്രം സ്ഥാപിച്ചത്. പിന്നീട്  1578  ഫെബ്രുവരി 12 നു നോമ്പിന്റെ ആദ്യ ഞായറാഴ്ച ഗ്രിഗോറിയൻ ചാപ്പലിലേക്ക് എത്തിക്കുകയും ചെയ്തു. ഈ ചിത്രമാണ് പുതുക്കിയ ബസിലിക്കയിൽ സ്ഥാപിച്ച ആദ്യത്തെ വിശുദ്ധ ചിത്രമായി കണക്കാക്കപ്പെടുന്നത്. പിന്നീട് 1580- ൽ വി. ഗ്രിഗറിയുടെ തിരുശേഷിപ്പ് ഈ ചാപ്പലിൽ സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം ബസിലിക്കയിലെ ഏഴു ചാപ്പലുകളിൽ ഏറ്റവും കൂടുതൽ പ്രത്യേകതകളുള്ള ആദ്യത്തെ ചാപ്പലായി ഇത് മാറി.

നീല മേൽക്കുപ്പായമണിഞ്ഞ പരിശുദ്ധ അമ്മ

നീല മേൽക്കുപ്പായമണിഞ്ഞ പരിശുദ്ധ അമ്മയും കൈകളിൽ മുകളിൽ കുരിശുള്ള ഭൂഗോളവും പിടിച്ചു നിൽക്കുന്ന ഉണ്ണിയേശുവുമാണ് ചിത്രത്തിൻറെ പ്രത്യേകത. വിശ്വാസികൾ ഏറെ ഭയഭക്തി ബഹുമാനങ്ങളോടെ ഓടിയെത്തുന്ന ഈ മനോഹര ചിത്രത്തിന് മുന്നിലിരുന്നാണ് പാപ്പാ ജപമാല പ്രാർത്ഥനാ യജ്ഞത്തിന് തുടക്കം കുറിക്കുന്നത്.

സുനീഷാ നടവയല്‍ 

1 COMMENT

Leave a Reply to AnonymousCancel reply