മറിയം! ക്രിസ്ത്യാനികളുടെ നിത്യസഹായം

യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ് പരിശുദ്ധ കന്യകാമറിയം. 1241-ല്‍ തെക്കന്‍ ഫ്രാന്‍സിനെ ആകമാനം തുടച്ചുനീക്കിക്കൊണ്ടിരുന്ന അല്‍ബിഗേസിയന്‍ മതവിരുദ്ധവാദത്തെ പ്രതിരോധിക്കുവാന്‍ ജപമാല എന്ന ആയുധം പരിശുദ്ധ അമ്മ, വി. ഡൊമിനിക്കിന് നല്‍കുകയുണ്ടായി. ജപമാല ചൊല്ലുന്നതു വഴി മാതാവ് സഹായത്തിനെത്തും എന്ന കാര്യവും, ഇത് ദൈവത്തിന്റെ ഇഷ്ടപ്രകാരമാണെന്ന കാര്യവും ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികളെ പരിശുദ്ധ അമ്മ അറിയിച്ചു.

1571 ഒക്ടോബര്‍ 7-ന് യൂറോപ്പില്‍ മഹായുദ്ധമുണ്ടായി. യൂറോപ്പ് മുഴുവനുമുള്ള കത്തോലിക്കര്‍ ജപമാല ചൊല്ലിയതിന്റെ ഫലമായി ക്രിസ്ത്യാനികളാകമാനം രക്ഷപ്പെടുകയുണ്ടായെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ ഈ ദിവസം പരിശുദ്ധ ജപമാലയുടെ തിരുനാള്‍ ദിനമായി അംഗീകരിക്കപ്പെട്ടു. മുസ്ലീങ്ങളുടെമേല്‍ ക്രിസ്ത്യാനികള്‍ നേടിയ നിര്‍ണ്ണായകമായ വിജയത്തിന്റെ നന്ദി പ്രകടിപ്പിക്കുവാനായി 1573-ല്‍ പിയൂസ് അഞ്ചാമന്‍ പാപ്പായാണ് ഈ തിരുനാള്‍ സ്ഥാപിച്ചത്.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഏതാണ്ട് രണ്ടു ലക്ഷത്തോളം വരുന്ന ഒട്ടോമന്‍ തുര്‍ക്കികള്‍ തലസ്ഥാന നഗരമായ വിയന്ന ഉപരോധിച്ചപ്പോള്‍ ഓസ്ട്രിയായിലെ ചക്രവര്‍ത്തിയായിരുന്ന ലിയോപോള്‍ഡ് ഒന്നാമന്‍ പസാവുവിലെ ക്രിസ്ത്യാനികളുടെ രക്ഷക്കായി മാതാവിന്റെ ദേവാലയത്തില്‍ അഭയം പ്രാപിച്ചു. തുടര്‍ന്ന് ഇന്നസെന്റ് പതിനൊന്നാമന്‍ പാപ്പാ, മുഹമ്മദ്ദീയരുടെ ആക്രമണത്തിനെതിരായി മുഴുവന്‍ ക്രിസ്ത്യാനികളെയും ഏകോപിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8-ന് യുദ്ധത്തിനു വേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു. മാതാവിന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 12-ന് മാതാവിന്റെ മാദ്ധ്യസ്ഥതയാല്‍ വിയന്ന പൂര്‍ണ്ണമായും മോചിതയായി.

പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ ലൂര്‍ദ്ദ്, ഫാത്തിമാ എന്നിവിടങ്ങളാണ് പ്രസിദ്ധിയാര്‍ജിച്ചത്. അനുദിനം പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേയ്ക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, പ്രാര്‍ത്ഥനയും അനുതാപവും സമാധാനത്തിനുള്ള മാര്‍ഗ്ഗമെന്ന് തന്റെ മക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലെല്ലാം, തന്റെ മക്കള്‍ ദിവസവും ജപമാല ചൊല്ലണമെന്ന് അമ്മ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാതിരിക്കാം.