പരിശുദ്ധ മറിയത്തെ സ്‌നേഹിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

ഇന്ന് ഓഗസ്റ്റ് പതിനഞ്ച്. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോഹണ തിരുനാള്‍. പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ 1950 നവംബര്‍ ഒന്നിനാണ് പരിശുദ്ധ മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. മറിയം സ്വര്‍ഗാരോപിതയാണ് എന്നതിനുള്ള തെളിവുകള്‍ അവളുടെ ജീവിതം തന്നെയാണ് നല്‍കുന്നതും. ക്രിസ്തുവിന്റെ എല്ലാ സഹനങ്ങളിലും മറിയം സഹയാത്രികയായിരുന്നല്ലോ.

ഇത്തരത്തില്‍ യേശുവിനെ ഏറെ സ്‌നേഹിച്ച മറിയത്തെയും, സ്‌നേഹിക്കാന്‍ നാം ബാധ്യസ്ഥരാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇന്നത്തെ ഈ പ്രത്യേക ദിനത്തില്‍ തന്നെ ചിന്തയ്ക്ക് വിധേയമാക്കാം. മറിയത്തെ സ്‌നേഹിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ…

1. പരിശുദ്ധ മറിയത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കണം. ജപമാലയാണ് അതിനുള്ള മാര്‍ഗ്ഗം. പ്രാര്‍ത്ഥനയുടെ മനോഹാരിത കൂടുതല്‍ അനുഭവ വേദ്യമാവുന്നത് മറിയത്തോട് ചേര്‍ന്നു പ്രാര്‍ത്ഥിക്കുമ്പോഴാണ്.

2. പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യം തേടിക്കൊണ്ടു തന്നെ ദൈവത്തിന്റെ പക്കല്‍ നിയോഗങ്ങള്‍ സമര്‍പ്പിക്കാം.

3. വിശുദ്ധരും വിവിധ മാര്‍പാപ്പാമാരും പഠിപ്പിച്ചിട്ടുള്ള മറിയത്തോടുള്ള വിവിധ പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും അവ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യാം.

4. ഉത്തരീയവും ജപമാലയും അണിയുകയും കുട്ടികളെയും മറ്റും അതിനായി പ്രേരിപ്പിക്കുകയും ചെയ്യാം

5. പരിശുദ്ധ മറിയത്തിന്റെ വിവിധ തിരുനാളുകള്‍ ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കാം

6. പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള ഗാനങ്ങള്‍ ശ്രവിക്കുന്നതിനും പുസ്തകങ്ങളും രചനകളും വായിക്കുന്നതിനും സമയം കണ്ടെത്താം

7. എല്ലാത്തിനുമുപരിയായി മറിയത്തെപ്പോലെ ദൈവഹിതത്തിന് ആമ്മേന്‍ പറയാനും ഈശോയോടൊപ്പം വ്യാപരിക്കാനും ശ്രദ്ധാലുക്കളാവാം.