വിശുദ്ധ നാട്ടിലെ കുരുത്തോല പ്രദക്ഷിണം

[avatar user=”Paul” size=”120″ align=”left”]ഫാ. പോൾ കുഞ്ഞാനയിൽ [/avatar]

ജറുസലേമിലെ ഓശാന ഞായാറാഴ്ചയിലെ കുരുത്തോല പ്രദക്ഷിണം ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെ ജെറുസലേം പാട്രിയാർക്കെറ്റിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ പിയർ ബത്തിസ്‌ത മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെ ആരംഭിച്ചു. വിശുദ്ധ നാട്ടിലെ വിവിധ കത്തോലിക്കാ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളും ലോകം മുഴുവനിലും നിന്നുള്ള ആയിരക്കണക്കിന് തീർഥാടകരും കുരുത്തോല പ്രദക്ഷിണത്തിൽ പങ്കുചേരാൻ എത്തിയിരുന്നു. വിവിധ ഭാഷകളിലെ ഓശാന ഗീതങ്ങൾ നൃത്ത വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണത്തിലുടനീളം ആലപിച്ചിരുന്നു.

ബഥ്ഫഗെയിലെ ദേവാലയാങ്കണത്തിൽനിന്നാരംഭിച്ച്, ഒലിവുമലയിൽ ഈശോ  സ്വര്‍ഗ്ഗസ്ഥനായ പിതാവെ എന്ന പ്രാര്‍ത്ഥന പഠിപ്പിച്ച ദേവാലത്തിന് മുന്നിലൂടെ കടന്നുപോയി, ഒലിവുമലയിറങ്ങി, കെദ്രോണ്‍ താഴ്‌വര കടന്ന്, ജറുസലം പഴയ പട്ടണത്തിലെ സെന്റ് സ്റ്റീഫന്‍സ് ഗേറ്റ് കടന്ന്, പരിശുദ്ധ അമ്മയുടെ ജനനസ്ഥലമായ സെന്റ് ആന്‍സ് പള്ളിയിലാണ് പ്രദക്ഷിണം അവസാനിച്ചത്. ഇന്ത്യൻ പതാകയുടെ കീഴിൽ മലയാളികൾ ഉൾപ്പെടുന്ന ഭാരതീയർ കുരുത്തോല പ്രദക്ഷിണത്തിൽ പങ്കുചേരുവാൻ അണിനിരന്നിരുന്നു.

കുരുത്തോല പ്രദക്ഷിണത്തില്‍ നാം അനുസ്മരിക്കുന്നത് പീഡാസഹനത്തിന് സ്വയം സമര്‍പ്പിക്കാനായി ജറുസലേമിലേക്ക് ധൈര്യപൂര്‍വ്വം പോകുന്ന യേശുവിനെയാണ്.  ഹോസാന (“കർത്താവെ രക്ഷിക്കണമേ”) എന്നുള്ള ജനങ്ങളുടെ ആർപ്പുവിളി യേശുവിന്റെ കുരിശുമരണത്തിൽ നിറവേറുന്നു. ഓരോ കുരുത്തോല പ്രദക്ഷിണവും യേശുവിന്റെ കൂടെ സഹനത്തിന്റെ രാജപാതയിലൂടെ നടക്കുവാനുള്ള ക്ഷണമാണ്. മാമ്മോദീസ എന്ന കൂദാശയിലൂടെ നാമെല്ലാവരും യേശുവന്റെ രാജകീയ പൗരോഹിത്യത്തില്‍ പങ്ക് പറ്റുന്നവരാണ്. യേശുവിന്റെ രാജകീയത അടിച്ചമര്‍ത്തലിന്റെ രാജകീയതയല്ല, മറിച്ച് കുരിശില്‍ ജീവന്‍ അര്‍പ്പിക്കുന്നതിന്റെ രാജകീയതയാണ്. നാം ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കണമെന്ന് കുരുത്തോല പ്രദക്ഷിണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.